തട്ടിക്കൂട്ടിയ ബജറ്റെന്ന് പ്രതിപക്ഷം
കൊച്ചി: തട്ടിക്കൂട്ടിയ ബജറ്റാണ് നഗരസഭ ഡെപ്യൂട്ടി മേയര്‍ അവതരിപ്പിച്ചതെന്ന് നഗരസഭ പ്രതിപക്ഷ നേതാവ് കെ.ജെ ആന്റണി വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു. കേന്ദ്ര സംസ്ഥാന ഫണ്ടുകള്‍ വേണ്ടത്ര ലഭിച്ചിട്ടും അത് പ്രയോജനപ്പെടുത്താന്‍ കഴിയാതിരുന്ന നഗരസഭ ഭരണ നേതൃത്വം വന്‍കിടക്കാരെ സഹായിക്കുന്ന ബജറ്റാണ് ഇത്തവണയും അവതരിപ്പിച്ചതെന്നും അദ്ദേഹം പറഞ്ഞു.
സീവേജ് പ്ലാന്റിനായി 168 കോടി രൂപ ജനറോം പദ്ധതിയില്‍ ഏഴു വര്‍ഷം ലഭിച്ചിരുന്നത് പാഴാക്കി കളഞ്ഞവരാണ് ഇപ്പോള്‍ വീണ്ടും പ്ലാന്റിനായി 15 കോടി ബജറ്റില്‍ വിഭാവന ചെയ്തിരിക്കുന്നത്. പുതിയ കൊച്ചിയെ കണ്ടുകൊണ്ടുള്ള പദ്ധതികള്‍ ഒന്നും തന്നെ പുതിയ നിര്‍ദ്ദേശങ്ങളില്‍ ഇല്ല. പലതും ആവര്‍ത്തനങ്ങളാണ്. സര്‍ക്കാരിന്റെ സ്വപ്ന പദ്ധതിയായ വാട്ടര്‍ മെട്രോ നടപ്പാക്കുന്നതില്‍ നഗരസഭ നോക്കുകുത്തിയാണ്.
സംസ്ഥാന സര്‍ക്കാരിന്റെ ലൈഫ് പദ്ധതിയും അവതാളത്തിലാണ്. നഗരത്തില്‍ തെരഞ്ഞെടുത്ത സ്ഥലങ്ങളില്‍ വൈഫൈ സൗകര്യം ഒരുക്കുമെന്ന് പറഞ്ഞിരുന്നത് നടപ്പാക്കിയിട്ടില്ല. പ്ലാസ്റ്റിക് സംസ്‌കരണ യൂണിറ്റ്, ബ്രഹ്മപുരം മാലിന്യ പ്ലാന്റ് എന്നിവ ഇപ്പോഴും കടലാസില്‍ തന്നെയാണ്. അറവ് ശാലകളില്‍ അറവ് നടക്കുന്നത് സംബന്ധിച്ച് യാതൊരു ധാരണയും നഗരസഭയ്ക്കില്ലെന്നും കെ.ജെ ആന്റണി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."