ഖത്തറില്‍ പ്രവാസികള്‍ക്കും സൗജന്യ കാന്‍സര്‍ ചികിത്സ
ദോഹ: ഖത്തറിലെ എല്ലാവര്‍ക്കും ഇനിമുതല്‍ ഹമദ് മെഡിക്കല്‍ കോര്‍പറേഷനിലെ ഓങ്കോളജി വിഭാഗത്തില്‍ സൗജന്യമായി അര്‍ബുദ ചികിത്സ ലഭിക്കും. മുതിര്‍ന്ന ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് അറബിക്ക് ദിനപത്രമായ അല്‍അറബാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.
ഹമദില്‍ എല്ലാവര്‍ക്കും അര്‍ബുദ ചികിത്സ സൗജന്യമായിരിക്കുമെന്ന് ഹമദ് മെഡിക്കല്‍ കോര്‍പറേഷനിലെ നാഷണല്‍ സെന്റര്‍ ഫോര്‍ കാന്‍സര്‍ കെയര്‍ ആന്റ് റിസര്‍ച്ച് ഹെമറ്റോളജി ആന്റ് ഓങ്കോളജി ചെയര്‍മാനും സീനിയര്‍ കണ്‍സള്‍ട്ടന്റുമായ ഡോ. ഒസാമ അല്‍ ഹോംസിയാണ് അറിയിച്ചത്.
നേരത്തെ അര്‍ബുദ ചികിത്സയുടെ 80 ശതമാനവും സര്‍ക്കാര്‍ വഹിക്കുകയും ബാക്കി 20 ശതമാനം രോഗി വഹിക്കുകയുമായിരുന്നു ചെയ്തിരുന്നത്. എന്നാല്‍ ഇപ്പോള്‍ രോഗിയുടെ 20 ശതമാനം ചികിത്സാ ചെലവും എടുത്തു കളയുകയും സ്വദേശികള്‍ക്കും പ്രവാസികള്‍ക്കും ഒരുപോലെ അര്‍ബുദ ചികിത്സ സൗജന്യമാക്കുകയും ചെയ്തതായി അദ്ദേഹം പറഞ്ഞു.
രോഗ നിയന്ത്രണത്തിന് സാധ്യമായ പ്രവര്‍ത്തനങ്ങളെല്ലാം നിര്‍വഹിക്കുന്നതായും മികച്ച ഫലമാണ് ലഭിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. നിരവധി ഗവേഷണങ്ങളാണ് ഈ രംഗത്ത് നടക്കുന്നത്. അവയെല്ലാം മികച്ച ഫലങ്ങള്‍ സംഭാവന ചെയ്യുന്നുണ്ട്. രോഗിയുടെ ആരോഗ്യസ്ഥിതിക്ക് ആവശ്യമായ ഏതുതരം മരുന്നും വിദേശത്തു നിന്നും കൊണ്ടുവരാന്‍ തങ്ങള്‍ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു.
അര്‍ബുദ രോഗ ചികിത്സ പൂര്‍ണമായും സൗജന്യമാക്കിയതോടെ നിരവധി പേര്‍ക്ക് അതിന്റെ പ്രയോജനം ലഭ്യമാകുമെന്നും നേരത്തെ ഈടാക്കിയിരുന്ന 20 ശതമാനം പോലും ചിലര്‍ക്കെങ്കിലും താങ്ങാനാവാത്തതായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. പലപ്പോഴും മരുന്നുകളുടെ വിലയാണ് താങ്ങാനാവാത്തതെന്നും അദ്ദേഹം പറഞ്ഞു.
കാന്‍സര്‍ ചികിത്സ പൂര്‍ണമായും സൗജന്യമാക്കാനുള്ള സര്‍ക്കാര്‍ തീരുമാനം മികച്ചതാണെന്നും തങ്ങള്‍ ഇക്കാര്യത്തില്‍ വളരെ സന്തുഷ്ടരാണെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ വര്‍ഷങ്ങളിലെ കണക്കുകളുമായി താരതമ്യം ചെയ്താല്‍ അര്‍ബുദ ചികിത്സയ്ക്ക് വിദേശ രാജ്യങ്ങളുടെ ആശ്രയിക്കുന്നവരുടെ എണ്ണത്തില്‍ കുറവുണ്ടായിട്ടുണ്ടെന്ന് മാത്രമല്ല പലരും ഖത്തറില്‍ തന്നെ ചികിത്സിക്കാന്‍ താത്പര്യപ്പെടുന്നുമുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."