പാക്കണക്കാരുടെ ഉറക്കംകെടുത്തി കാടുകയറാതെ കാട്ടുകൊമ്പന്‍
പാക്കണ: കാടിറങ്ങിയ കൊമ്പനെ കൊണ്ട് പൊറുതിമുട്ടി പാക്കണയിലെ നാട്ടുകാര്‍. ദിവസങ്ങളായി നാട്ടില്‍ തമ്പടിച്ച ആന കാര്‍ഷിക വിളകള്‍ നശിപ്പിച്ചും നാട്ടുകാരില്‍ ഭീതി വിതച്ചും കാട്ടിലേക്ക് തുരത്താന്‍ വന്ന താപ്പാനയെ ആക്രമിച്ച് പരുക്കേല്‍പ്പിച്ചും നിലയുറപ്പിച്ചിരിക്കുകയാണ്.
നാട്ടുകാര്‍ക്കൊപ്പം വനംവകുപ്പിനെയും ത്രിശങ്കുവിലാക്കിയിരിക്കുകയാണ് കാടിറങ്ങിയ ഈ ശൗര്യം. പാക്കണയില്‍ ആനയിറങ്ങുന്നത് ഇതാദ്യമല്ല. വര്‍ഷങ്ങളായി ഇവിടത്തുകാരുടെ ജീവനും സവത്തിനും ഭീഷണി സൃഷ്ടിച്ച് ആനയടക്കമുള്ള വന്യമൃഗങ്ങള്‍ കാടിറങ്ങാന്‍ തുടങ്ങിയിട്ട്. അക്രമ സ്വഭാവമുള്ള ആനകള്‍ കാടിറങ്ങുമ്പോഴാണ് ജനങ്ങള്‍ ഏറെ ഭീതിയിലാവുന്നത്. ഇത്തരം ആനകള്‍ രാവെന്നോ പകലെന്നോ ഇല്ലാതെ നാട്ടിലിറങ്ങി ഭീകരാന്തരീക്ഷം സൃഷ്ടിക്കും. കാര്‍ഷിക വിളകള്‍ പറിച്ചെറിഞ്ഞും മനുഷ്യരെ മുന്നില്‍ കിട്ടിയാല്‍ ആക്രമിക്കാന്‍ പാഞ്ഞടുത്തും ഇവ നാട്ടുകാരുടെ ഉറക്കം കെടുത്തുകയാണ്. നേരം ഇരുട്ടിയാല്‍ വീടുകളില്‍ നിന്നും പുറത്തിറങ്ങാന്‍ ഭയക്കുകയാണ് ഇവിടത്തുകാര്‍. ദൂര ദിക്കുകളില്‍ പോയി ജോലി ചെയ്ത് വൈകീട്ട് വീടുകളിലേക്ക് തിരിച്ചു വരാന്‍ പറ്റാത്ത അവസ്ഥയും ഇവിടെയുണ്ട്.
രണ്ട് വര്‍ഷം മുന്‍പാണ് പ്രദേശത്തെ ബാപ്പുട്ടിയെ വീടിന് മുന്നില്‍വെച്ച് ആന ആക്രമിച്ചത്. ആനയുടെ ആക്രമണത്തില്‍ ബാപ്പുട്ടി കൊല്ലപ്പെടുകയും ചെയ്തു. പ്രദേശത്തെ വീടുകളും വാഹനങ്ങളും ആനകള്‍ വെറുതെ വിടാറില്ല. ഇപ്പോള്‍ നാട്ടിലിറങ്ങിയ ആന തിരിച്ച് കാടുകയറാതായതോടെ നാട്ടുകാര്‍ നിസഹായാവസ്ഥയിലായിരിക്കുകയാണ്. ഇതേതുടര്‍ന്ന് ഇവര്‍ ഒപ്പുശേഖരണം നടത്തി ആനയെ തുരത്താനുള്ള അടിയന്തിര നടപടികള്‍ കൈകൊള്ളണമെന്ന് ആവശ്യപ്പെട്ട് കലക്ടറെ സമീപിക്കാനൊരുങ്ങുകയാണ്.
ഇതിനിടെ ആനയെ കാട്ടിലേക്ക് തുരത്താന്‍ ഡി.എഫ്.ഒ ഉത്തരവിട്ടത് അനുസരിച്ച് രണ്ട് താപ്പാനകളുമായി വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പ്രദേശത്തെത്തിയിരുന്നു. മുതുമല ആന ക്യാമ്പില്‍ നിന്നും കൊണ്ടുവന്ന ചേരന്‍, മുതുമല എന്നിവരായിരുന്നു വനംവകുപ്പിനൊപ്പം കൊമ്പനെ തുരത്താനെത്തിയ താപ്പാനകള്‍.
ആദ്യ ദിവസം കാട്ടാനയെ പാക്കണയിലും പരിസരത്തു കണ്ടെത്താനായില്ല. ആന അത്തിക്കുന്ന് ഭാഗത്തേക്ക് നീങ്ങിയിരുന്നു. എന്നാല്‍ ആന വീണ്ടും പാക്കണയിലേക്ക് വരുമെന്ന പ്രതീക്ഷയില്‍ വനംവകുപ്പ് ഉദ്യോഗസ്ഥരും താപ്പാനകളും പാക്കണയില്‍ തന്നെ നിലയുറപ്പിച്ചു. ഉദ്യോഗസ്ഥരുടെ പ്രതീക്ഷ തെറ്റിക്കാതെ പിറ്റേന്ന് പാക്കണയിലെത്തിയ ആന താപ്പാനകളിലൊന്നിനെ ആക്രമിച്ച് പരുക്കേല്‍പ്പിച്ചു.
വീണ്ടും പ്രദേശത്ത് തന്നെ നിലയുറപ്പിച്ചു. തുടര്‍ന്ന് നാട്ടുകാരുടെ സഹകരണത്തോടെ വനംവകുപ്പ് ഉദ്യോസ്ഥര്‍ താപ്പാനകളെ ഉപയോഗിച്ച് ആനയെ കാട്ടിലേക്ക് തുരത്താന്‍ ശ്രമം നടത്തിയെങ്കിലും പരാജയപ്പെട്ടു.
പകല്‍ സമയം അടുത്തുള്ള വനത്തില്‍ കഴിഞ്ഞു കൂടി നേരം ഇരുട്ടുന്നതോടെ ജനവാസകേന്ദ്രത്തിലെത്തുന്ന ആനയെ കാട്ടിലേക്ക് തുരത്താനുള്ള ശ്രമം പാളുകയാണ്. ബിദര്‍ക്കാട് റെയിഞ്ചര്‍ മനോഹരന്റെ നേതൃത്വത്തില്‍ 30ഓളം വനപാലകര്‍ താപ്പാനകള്‍ക്കൊപ്പം പാക്കണയില്‍ തമ്പടിച്ച് ആനയെ ഏതുവിധേനയും കാട്ടിലേക്ക് തുരത്താനുള്ള ശ്രമങ്ങളാണ് ഇപ്പോള്‍ നടത്തുന്നത്.
കാലില്‍ പരുക്കേറ്റ മോഴയാന സുഖം പ്രാപിക്കുന്നു
ഗൂഡല്ലൂര്‍: ഓവാലി പഞ്ചായത്തിലെ ഗ്ലന്‍വന്‍സില്‍ രണ്ടാഴ്ചയോളമായി കാലിനു പരുക്കേറ്റ് അവശനിലയിലായ മോഴയാന വനംവകുപ്പ് നല്‍കിയ ചികിത്സയെ തുടര്‍ന്ന് സുഖം പ്രാപിക്കുന്നു.
മുന്‍കാലിന് മുറിവേറ്റ് നടക്കാനാവാതെ കഴിഞ്ഞ ആനയെ തൊഴിലാളികളാണ് ആദ്യം കണ്ടത്. ഇവര്‍ വനംവകുപ്പില്‍ വിവരമറിച്ചതിനെ തുടര്‍ന്ന് കോയമ്പത്തൂരില്‍ നിന്ന് വെറ്ററിനറി ഡോക്ടര്‍ മനോഹരനെത്തിയാണ് ആനക്ക് ചികിത്സ നല്‍കിയത്.
ആനക്ക് കൊടുക്കുന്ന ഭക്ഷണത്തില്‍ മരുന്നുകള്‍ ചേര്‍ത്ത് നല്‍കിയാണ് ചികിത്സ നടത്തുന്നത്. ചികിത്സ ഫലിച്ചതോടെ ആന നടക്കാന്‍ തുടങ്ങി. കഴിഞ്ഞ ദിവസം ആന ഏഴ് കിലോമീറ്ററിലധികം വനത്തിലൂടെ നടന്നെന്നും ദിവസങ്ങള്‍ക്കുള്ളില്‍ പൂര്‍ണ ആരോഗ്യം കൈവരിക്കുമെന്നാണ് പ്രത്രീക്ഷയെന്നും വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."