ഇസ്‌റാഈല്‍ ആക്രമണത്തില്‍ 12 ഫലസ്തീനികള്‍ കൊല്ലപ്പെട്ടു
ഗസ്സ: അതിര്‍ത്തി പ്രദേശങ്ങളില്‍ ഇസ്‌റാഈല്‍ സൈന്യം നടത്തിയ വെടിവയ്പ്പില്‍ 12 ഫലസ്തീനികള്‍ കൊല്ലപ്പെട്ടു. 350ലേറെ പേര്‍ക്കു പരുക്കേല്‍ക്കുകയും ചെയ്തു. ഇതേതുടര്‍ന്ന് ഇസ്‌റാഈല്‍ അതിര്‍ത്തിയില്‍ ആറുദിന പ്രക്ഷോഭത്തിന് ഫലസ്തീനികള്‍ തുടക്കമിട്ടു.
തെക്കന്‍ ഗസ്സ മുനമ്പിലെ ഖാന്‍ യൂനുസില്‍ ഇസ്‌റാഈല്‍ നടത്തിയ ഷെല്ലാക്രമണത്തില്‍ 27കാരനായ ഒരു കര്‍ഷകനാണ് ആദ്യം കൊല്ലപ്പെട്ടത്. ഇതിനു ശേഷം അതിര്‍ത്തിപ്രദേശങ്ങളില്‍ ഫലസ്തീന്‍ പ്രക്ഷോഭകാരികള്‍ക്കുനേരെ ഇസ്‌റാഈല്‍ സൈന്യം നടത്തിയ വെടിവയ്പ്പില്‍ 11 പേരും കൊല്ലപ്പെട്ടു. ഒരു പതിനാറുകാരനും ആക്രമണത്തില്‍ മരിച്ചിട്ടുണ്ട്. അതിര്‍ത്തിപ്രദേശങ്ങളില്‍ ആറിടത്തായാണ് ഇസ്‌റാഈല്‍ സൈന്യം ആക്രമണം നടത്തിയതെന്ന് ഫലസ്തീന്‍ ആരോഗ്യമന്ത്രാലയം അറിയിച്ചു.
സംഭവത്തില്‍ പ്രക്ഷുബ്ധരായ നാട്ടുകാര്‍ അതിര്‍ത്തിയില്‍ തമ്പടിക്കുകയായിരുന്നു. തുടര്‍ന്ന് ഫലസ്തീന്‍ അധികൃതരുടെകൂടി ആലോചനയോടെ ആറുദിന പ്രക്ഷോഭത്തിനു തുടക്കമിട്ടു. 'ഗ്രേറ്റ് മാര്‍ച്ച് ഓഫ് റിട്ടേണ്‍' എന്ന പേരിലാണു സമരം ആരംഭിച്ചിരിക്കുന്നത്. നിലവില്‍ ഇസ്‌റാഈലിലുള്ള ഫലസ്തീന്‍ കുടിയേറ്റക്കാരെ നാട്ടിലേക്കു തിരിച്ചയക്കണമെന്ന് സമരക്കാര്‍ ആവശ്യപ്പെട്ടു.
അതിര്‍ത്തിയില്‍ അഞ്ചു കേന്ദ്രങ്ങളിലായാണ് പ്രക്ഷോഭകാരികള്‍ തമ്പടിച്ചിരിക്കുന്നത്. ഇവിടങ്ങളിലായി 17,000ത്തോളം ഫലസ്തീനികള്‍ തടിച്ചുകൂടിയിട്ടുണ്ട്. സൈന്യത്തിനു നേരെ കല്ലെറിഞ്ഞും വാഹനങ്ങളുടെ ടയറുകള്‍ കത്തിച്ചും കലാപത്തിനു ശ്രമിച്ച പ്രക്ഷോഭകാരികളെ പിന്തിരിപ്പിക്കാനായാണ് വെടിവച്ചതെന്നും അത്തരക്കാര്‍ക്കു മാത്രമാണു വെടിയേറ്റതെന്നും ഇസ്‌റാഈല്‍ ഡിഫന്‍സ് ഫോഴ്‌സസ് (ഐ.ഡി.എഫ്) അറിയിച്ചു. തങ്ങള്‍ക്കെതിരേ ആക്രമണം നടത്താന്‍ ശ്രമിച്ച ഭീകരരെ ചെറുക്കുക മാത്രമാണു സൈന്യം ചെയ്തതെന്നും ഐ.ഡി.എഫ് കമാന്‍ഡര്‍ മേജര്‍ ജനറല്‍ ഇയാല്‍ സാമിര്‍ അവകാശപ്പെട്ടു.
കര്‍ഷകരെയും കുട്ടികളെയും കൊലപ്പെടുത്തി ഫലസ്തീനികളെ സമരത്തില്‍നിന്നു പിന്തിരിപ്പിക്കാനും ഭീഷണിപ്പെടുത്താനുമാണ് ഇസ്‌റാഈല്‍ ശ്രമിക്കുന്നതെന്ന് ഹമാസ് ആരോപിച്ചു. ഫലസ്തീന്റെ ഒരിഞ്ചു ഭൂമിയും ഇസ്‌റാഈലിന് വിട്ടുകൊടുക്കില്ലെന്ന് മുതിര്‍ന്ന ഹമാസ് നേതാവായ ഇസ്മാഈല്‍ ഹനിയ്യ പ്രക്ഷോഭകാരികളെ അഭിസംബോധനചെയ്ത് പറഞ്ഞു. ഹമാസ് നേതാവ് യഹ്‌യ സിന്‍വാറും സമരക്കാരെ അഭിസംബോധന ചെയ്തു.
1976ല്‍ ഇസ്‌റാഈലിന്റെ ഭൂമി കൈയേറ്റത്തിനെതിരേ ഫലസ്തീനികള്‍ നടത്തിയ പ്രക്ഷോഭത്തിനിടെ ആറുപേര്‍ കൊല്ലപ്പെട്ടതിന്റെ വാര്‍ഷിക ദിവസം കൂടിയായിരുന്നു ഇന്നലെ. 'ലാന്‍ഡ് ഡേ' എന്ന പേരിലാണു സംഭവത്തിനുശേഷം മാര്‍ച്ച് 30 ഫലസ്തീനില്‍ അറിയപ്പെടുന്നത്. ഇതിന്റെ വാര്‍ഷികത്തിന്റെ ഭാഗമായി ആരംഭിച്ച പ്രക്ഷോഭം മെയ് 15 വരെ തുടരുമെന്ന് സമരനേതാക്കള്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."