സ്‌കൂളിന്റെ ഉന്നമനത്തിനായി രണ്ടാം ക്ലാസുകാരനെ ബലി നല്‍കി;യു.പിയില്‍ ഡയറക്ടറും അധ്യാപകരും അറസ്റ്റില്‍
ഹത്രാസ്: സ്‌കൂളിന് പ്രശസ്തിയും വിജയങ്ങളുമുണ്ടാകുന്നതിന് രണ്ടാം ക്ലാസ് വിദ്യാര്‍ഥിയെ കൊലപ്പെടുത്തി. ഉത്തര്‍പ്രദേശിലെ ഹത്രാസിലെ ഡി.എല്‍ പബ്ലിക് സ്‌കൂളില്‍ സെപ്തംബര്‍ 22 നായിരുന്നു സംഭവം. സംഭവത്തില്‍ സ്‌കൂള്‍ ഡയറക്ടറും അധ്യാപകരും ഉള്‍പ്പെടെ 5 പേരെ പൊലിസ് അറസ്റ്റ് ചെയ്തു.
സ്‌കൂള്‍ ഡയറക്ടര്‍ ദിനേശ് ബാഗല്‍, അദ്ദേഹത്തിന്റെ പിതാവ് ജഷോധന്‍ സിങ്, അധ്യാപകരായ ലക്ഷ്മണ്‍ സിങ്, വീര്‍പാല്‍ സിങ്, രാംപ്രകാശ് സോളങ്കി എന്നിവരാണ് അറസ്റ്റിലായത്.
ഭാഗേലിന്റെ പിതാവ് ആഭിചാര ക്രിയകളില്‍ വിശ്വസിച്ചിരുന്നതായി പൊലീസ് പറഞ്ഞു. സ്‌കൂളിന് വിജയമുണ്ടാകാന്‍ വിദ്യാര്‍ഥിയെ ബലി നല്‍കണമെന്ന് മകനെയും അധ്യാപകരെയും വിശ്വസിപ്പിക്കുകയും ചെയ്തു. കുട്ടിയെ ഹോസ്റ്റലില്‍ നിന്നും വിളിച്ചിറക്കിയ പ്രതികള്‍ കുട്ടിയെ സ്‌കൂളിലെ കുഴല്‍ക്കിണറിന് സമീപത്ത് വെച്ച് കൊലപ്പെടുത്താനായിരുന്നു തീരുമാനിച്ചത്. എന്നാല്‍ ഭയന്ന് കുട്ടി കരയാന്‍ തുടങ്ങിയതോടെ സംഘം കുട്ടിയെ കഴുത്തു ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു.
പൊലീസ് നടത്തിയ അന്വേഷണത്തില്‍ മന്ത്രവാദ ക്രിയകള്‍ക്കുപയോഗിക്കുന്ന വസ്തുക്കള്‍ സ്‌കൂള്‍ പരിസരത്തു നിന്നും കണ്ടെത്തിയിട്ടുണ്ട്. സെപ്റ്റംബര്‍ ആറിന് സമാന രീതിയില്‍ പ്രതികള്‍ മറ്റൊരു കുട്ടിയെ കൊലപ്പെടുത്താന്‍ ശ്രമിച്ചിരുന്നുവെങ്കിലും പരാജയപ്പെടുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
സ്‌കൂളില്‍ നിന്നും മകന് ശാരീരിക അസ്വസ്ഥത അനുഭവപ്പെടുന്നതായി കോള്‍ വന്നിരുന്നുവെന്നും സ്‌കൂളിലെത്തിയപ്പോള്‍ കുട്ടിയെ ഭാഗേല്‍ ആശുപത്രിയില്‍ കൊണ്ടുപോയിരിക്കുകയാണെന്ന് അറിയിച്ചുവെന്നുമാണ് പിതാവ് പൊലീസിനോട് പറഞ്ഞത്. പിന്നാലെ നടത്തിയ അന്വേഷണത്തിലാണ് ഭാഗേലിന്റെ കാറില്‍ നിന്നും മൃതദേഹം പൊലീസ് കണ്ടെടുത്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."