ക്രിക്കറ്റും ഗാന്ധിജിയും
ക്രിക്കറ്റും ഗാന്ധിജിയും വല്ല ബന്ധമുണ്ടോ? മാന്യന്മാരുടെ കളിയെന്ന് വിശേഷിപ്പിക്കുന്ന കായികയിനമാണു ക്രിക്കറ്റ്. ഏകദിനത്തില്‍ നിന്നു ട്വന്റി ട്വന്റിയിലേക്ക് എത്തിയെങ്കിലും ബാറ്റ്‌സ്മാനും ബൗളറും ഫീല്‍ഡറും സ്റ്റംപുമൊക്കെ അവിടെത്തന്നെയുണ്ട്. എല്ലാ പ്രദേശത്തും പ്രയോഗങ്ങളും ഒന്നാണ്. കാശില്ലാത്തതിനാല്‍ ചിലപ്പോള്‍ ഒരു മരക്കുറ്റിയോ മൂന്നു കമ്പോ അല്ലെങ്കില്‍ ഒരു ചെങ്കല്ലോ ആയിരിക്കും സ്റ്റംപ്. ബാറ്റിനു പകരം മട്ടകണ. എന്നാലും ബാറ്റ് സ്റ്റംപ് എന്നേ പണ്ട് ഞങ്ങളും പറഞ്ഞിട്ടുള്ളൂ. സുഹൃത്തുക്കള്‍ ചിലപ്പോള്‍ രണ്ടു ടീമായി മത്സരിക്കും. ഒരു വാശിക്ക് മിച്ചറിനോ പഴത്തിനോ ബിസ്‌ക്കറ്റിനോ വേണ്ടിയാകും മത്സരം. അത് രാജ്യാന്തരതലത്തിലാകുമ്പോള്‍ ലോകകപ്പ് ആയി മാറും. രണ്ടിലും വിജയിക്കുക തന്നെ പ്രധാനം. വിജയിക്കാന്‍ കുറുക്കുവഴികളൊന്നുമില്ല. ഒത്തൊരുമയോടൊപ്പം ഭാഗ്യവും ഉണ്ടെങ്കില്‍ ജയമുറപ്പ്. ട്വന്റി ട്വന്റിയിലെ ലേലംവിളി പോലെ നല്ല കളിക്കാരെ ടീം വിളിക്കുന്നവര്‍ ഒപ്പംകൂട്ടാന്‍ ശ്രമിക്കും. അപ്പോള്‍ മറ്റേ ടീം വിളിക്കാരന്‍ അടുത്ത താരത്തെ വിളിക്കും. ഒടുവില്‍ ഒരു ബാലന്‍സ് ഓഫ് പവര്‍ രൂപപ്പെടും. ആര് ജയിച്ചാലും ബെറ്റുവച്ച് കിട്ടിയ സാധനം പങ്കിട്ടെടുക്കും. ഇത് എല്ലാ ഗ്രാമത്തിലും അങ്ങനെ തന്നെയായിരിക്കും.
എന്നാല്‍ അടുത്തിടെ ജയിക്കാന്‍ വേണ്ടി ഓസീസ് നായകന്‍ സ്റ്റീവ് സ്മിത്തും കൂട്ടരും പന്തില്‍ ക്രൃത്രിമം കാട്ടിയത് കായികലോകത്തെ ഞെട്ടിക്കുന്നതും അപമാനകരവുമാണ്. മത്സരമാവുമ്പോള്‍ ജയിക്കുകയെന്നതു തന്നെയാണു ലക്ഷ്യം. പക്ഷേ അതിന് സ്വീകരിച്ച മാര്‍ഗം അതിരു കടന്നതും ഹീനവുമായതാണെന്നതില്‍ തര്‍ക്കമില്ല.
ലക്ഷ്യവും മാര്‍ഗവും നല്ലതായിരിക്കണമെന്ന ഗാന്ധിയന്‍ കാഴ്ചപ്പാടിന് കായികരംഗത്തും പ്രസക്തിയുണ്ട് എന്നു തന്നെയാണ് ഇതിത്തെുടര്‍ന്നുള്ള പ്രതികരണങ്ങളില്‍ നിന്ന് വ്യക്തമാകുന്നത്. നാടന്‍കളികളിലൂടെ മനുഷ്യന്റെ ആരോഗ്യശേഷിയെ പരിപോഷിപ്പിക്കണമെന്നും അതിലൂടെ ഒരു ജനതയെ ഒന്നിപ്പിക്കണമെന്നാണ് ഗാന്ധിജി ആഗ്രഹിച്ചത്. ക്രിക്കറ്റിനെ വാഴ്ത്തിയിട്ടില്ലെങ്കിലും വ്യക്തിജീവിതത്തില്‍ അകലം പാലിക്കേണ്ട കാര്യങ്ങളെക്കുറിച്ചും സ്വഭാവം, ധാര്‍മികത, മാനവികത, മനഃസാക്ഷി തുടങ്ങിയവ പാലിക്കേണ്ടതിനെക്കുറിച്ചും അദ്ദേഹം ഏറെ വാചാലനായിട്ടുണ്ട്.
സ്വാതന്ത്ര്യസമര കാലഘട്ടത്തില്‍ സ്വാതന്ത്ര്യത്തിലേക്കുള്ള മാര്‍ഗവും ശുദ്ധമായിരിക്കണമെന്നു ഗാന്ധിജിക്ക് നിര്‍ബന്ധമുണ്ടായിരുന്നു. അതുകൊണ്ടു തന്നെയാണ് ചൗരിചൗരാ സംഭവത്തോടു കൂടി നിസഹകരണ സമരം നിര്‍ത്തിവച്ചത്. ലക്ഷ്യവും മാര്‍ഗവും ഒരുപോലെ ശുദ്ധമാകണമെന്നത് രാഷ്ട്രീയത്തില്‍ മാത്രമല്ല മറ്റെല്ലാ മേഖലകളിലും ബാധകമാണെന്നും സ്മിത്ത് വിവാദം ഓര്‍മപ്പെടുത്തുന്നു.
ഈയൊരു വിഷയം ആസ്‌ത്രേലിയ ഇന്നുവരെ നേടിയ എല്ലാ വിജയങ്ങളെയും അവരുടെ അന്തസിനെയും ചോദ്യം ചെയ്യുന്നതാണ്. ഒരു ടീം മാത്രമല്ല രാജ്യത്തെക്കൂടിയാണ് ഇതിലൂടെ അപമാനപ്പെടുത്തിയിരിക്കുന്നത്. വ്യക്തിപരമായ മൂല്യങ്ങള്‍ക്ക് വിലകൊടുക്കാതെ വന്നപ്പോള്‍, മൂല്യങ്ങളെ നഷ്ടപ്പെടുത്തി പ്രവര്‍ത്തിച്ചപ്പോള്‍ ഒരു നാട് മുഴുവന്‍ നാണംകെട്ടു.
വ്യക്തിയും സമൂഹവും രണ്ടല്ല ഒന്നാണെന്ന് ഒരിക്കല്‍ക്കൂടി തെളിയിക്കപ്പെടുന്നു. സ്വന്തം ടീം തോല്‍ക്കാന്‍ വേണ്ടി മോശം കളി കാഴ്ചവയ്ക്കുന്നതും മുപ്പതു വെള്ളിക്കാശിനു ക്രിസ്തുവിനെ ഒറ്റിയതുമെല്ലാം തുല്യം തന്നെ. ടെക്‌നോളജി വികസിച്ചതുകൊണ്ടാണ് ക്രൃത്രിമത്വം കണ്ടുപിടിക്കപ്പെട്ടത്. ഇക്കാലത്തു നമുക്കൊന്നും മറച്ചുവയ്ക്കാന്‍ കഴിയില്ലെന്ന് ഒരിക്കല്‍കൂടി തെളിയിക്കപ്പെടുന്നു.
ഉത്തേജക മരുന്നുകള്‍ അത്‌ലറ്റിക് ഇനങ്ങളില്‍ വ്യാപകമായുണ്ടെങ്കിലും മാച്ച് ഫിക്‌സിങ് ക്രിക്കറ്റില്‍ തന്നെ വാര്‍ത്തകളില്‍ സജീവമായിരുന്നില്ലെങ്കിലും അതിനെയും വെല്ലുന്ന രീതിയിലാണു പന്തില്‍ കാണിച്ച ക്രൃത്രിമം. ഇതു സൂചിപ്പിക്കുന്നത് ആജീവനാന്ത വിലക്ക് പോലുള്ള നടപടികളൊന്നും കളിക്കാരെ ഇത്തരം ചെയ്തികളില്‍ നിന്നു പിന്തിരിപ്പിക്കുന്നില്ല എന്നതാണ്.
മത്സരത്തില്‍ തോറ്റാലും അത് അംഗീകരിക്കുകയും വിജയിയെ അഭിനന്ദിക്കുകയും ചെയ്യുന്ന ഒരു സംസ്‌കാരം വികസിപ്പിക്കുകയും വ്യാപിപ്പിക്കുകയും ചെയ്യേണ്ടതുണ്ട്. കായിക താരങ്ങളില്‍ വ്യക്തിത്വ വികസനം നടപ്പാക്കാനുള്ള പദ്ധതികള്‍ കൊണ്ടുവരേണ്ടിയിരിക്കുന്നു. വിജയത്തില്‍ പങ്കാളികളായ കളിക്കാരേക്കാള്‍ പാരിതോഷികം കോച്ചായ തനിക്കു വേണ്ടെന്ന് പറഞ്ഞ രാഹുല്‍ ദ്രാവിഡിനെപോലുള്ള നല്ല താരങ്ങളുടെ ശീലങ്ങള്‍ വരുംതലമുറയിലേക്കു പകരേണ്ടതുണ്ട്. ആത്യന്തികമായി ഗാന്ധിയന്‍ ദര്‍ശനങ്ങളെ വീണ്ടെടുക്കുക തന്നെ പോംവഴി.
(തൃശൂര്‍ കേരളവര്‍മ കോളജ് പൊളിറ്റിക്കല്‍ സയന്‍സ് വിഭാഗം അസിസ്റ്റന്റ് പ്രൊഫസറാണു ലേഖകന്‍)
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."