വായ്പതട്ടിപ്പ്: ഹരിത ദീപത്തിനെതിരേ പരാതി
കുട്ടനാട് : കുട്ടനാട് വികസന സമിതി കാര്‍ഷിക വായ്പയുടെ പേരില്‍ തട്ടിപ്പു നടത്തിയെന്ന പരാതിക്കു പിന്നാലെ ഹരിത ദീപത്തിനെതിരേയും പരാതിയുമായി ആളുകള്‍ രംഗത്ത്.
വികസന സമിതി നടത്തിയ തട്ടിപ്പിനു സമാനമായാണ് ഹരിത ദീപവും തട്ടിപ്പ് നടത്തിയിരിക്കുന്നത്. ആളുകളുടെ അറിവോ സമ്മതമോ കൂടാതെ നെല്‍ക്കര്‍ഷക സ്വാശ്രയസംഘങ്ങള്‍ രൂപീകരിക്കുകയും വായ്പയെടുക്കുകയുമായിരുന്നു.
ഇത്തരത്തില്‍ തട്ടിപ്പിനിരയായ നെടുമുടി പൊങ്ങ സ്വദേശി പുത്തന്‍ചിറ രമേശ് സുകുമാരന്‍, ഭാര്യ മണിയമ്മ സുകുമാരന്‍ എന്നിവരാണ് ജില്ലാ പോലീസ് മേധാവിക്ക് കഴിഞ്ഞ ദിവസം പരാതി നല്‍കിയത്.പരാതി രജിസ്റ്റര്‍ ചെയ്ത് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ശ്രീനാരായണ ഹരിതഗീതം നെല്‍ക്കര്‍ഷക സ്വാശ്രയസംഘം കൂട്ടായ്മയുടെ കീഴില്‍ നെടുമുടി കേന്ദ്രീകരിച്ച് ഗുരുശക്തി ഹരിതഗീതം എന്ന പേരില്‍ സ്വയംസഹായസംഘമുണ്ടാക്കുകയും തങ്ങളുടെ അറിവോ സമ്മതമോ കൂടാതെ ഗ്രൂപ്പില്‍ അംഗമാക്കി ആലപ്പുഴ ഐ.ഒ.ബി. ശാഖയില്‍ നിന്നും വായ്പയെടുത്തെന്നാണ് പരാതിയില്‍ പറയുന്നു.
വായ്പയെടുത്ത അഞ്ചു ലക്ഷം രൂപയും പലിശയുമടക്കം 8,70,805 രൂപ തിരിച്ചടയ്ക്കണമെന്നു കാട്ടി ജപ്തി നോട്ടീസ് കിട്ടിയപ്പോഴാണ് തട്ടിപ്പു വിവരം തങ്ങളറിഞ്ഞതെന്നും പരാതിക്കാര്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."