റേഡിയോ ജോക്കിയുടെ കൊലപാതകം: മുഖ്യപ്രതി അലിഭായിയെന്ന സ്വാലിഹ് ബിന്‍ ജലാല്‍
തിരുവനന്തപുരം: റേഡിയോ ജോക്കിയായിരുന്ന മടവൂര്‍ പടിഞ്ഞാറ്റേല ആശാനിവാസില്‍ രാജേഷ് കുമാറിനെ (34) കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതി ഓച്ചിറ സ്കൈലാബ് ജങ്ഷനിലെ സ്വാലിഹ് ബിന്‍ ജലാല്‍ ആണെന്ന് തിരിച്ചറിഞ്ഞതായി പൊലിസ് അറിയിച്ചു. കൊലപാതകം നടന്ന് ഒരാഴ്ചയ്ക്കുശേഷമാണ് പൊലിസ് ഇയാളുടെ പേര് പുറത്തുവിടുന്നത്.
അലിഭായി എന്നാണ് സുഹൃത്തുക്കള്‍ക്കിടയില്‍ ഇയാള്‍ അറിയപ്പെടുന്നത്. സ്വാലിഹിന്റെ സംഘത്തിന് ക്വട്ടേഷന്‍ കൊടുത്തത് ഖത്തറിലെ രാജേഷിന്റെ സുഹൃത്തും വ്യവസായിയുമായ ഓച്ചിറ നായമ്പരത്ത് വീട്ടില്‍ സത്താര്‍ ആണെന്ന് പൊലിസ് സ്ഥിരീകരിച്ചു.
തന്റെ ഭാര്യയുമായി ബന്ധമുള്ള രാജേഷിനെ വകവരുത്തുകയായിരുന്നു സത്താറിന്റെ ലക്ഷ്യം. ഇതിനായി സ്വാലിഹിനെ കൂട്ടുപിടിക്കുകയായിരുന്നു. സത്താറിന്റെ ജിംനേഷ്യത്തിലെ ട്രെയിനറാണ് സ്വാലിഹ്. പരിചയക്കാരനായ കായംകുളം സ്വദേശി അപ്പുണ്ണിയുടെ സഹായത്തോടെ രണ്ടുപേരെ കൂടി സംഘത്തില്‍ ഉള്‍പ്പെടുത്തിയതും സ്വാലിഹാണ് . കായംകുളം സ്വദേശികളായ രണ്ടുപേര്‍ നാട്ടില്‍തന്നെ ഒളിവിലാണെന്നാണ് പൊലിസ് നിഗമനം. എന്നാല്‍, അപ്പുണ്ണി ചെന്നൈയില്‍ സഹോദരിയുടെ വീട്ടിലെത്തിയശേഷം മുങ്ങിയെന്നും പൊലിസ് പറഞ്ഞു.
സ്വലിഹ് ഖത്തറില്‍ എത്തിയതായും സ്ഥിരീകരിച്ചിട്ടുണ്ട്. സ്വാലിഹിനും സത്താറിനുമായി പൊലിസ് പുറത്തിറക്കിയ ലുക്ക്ഔട്ട് സര്‍ക്കുലര്‍ ഖത്തര്‍ പൊലിസിന് കൈമാറി.
ഇവരെ നാട്ടിലെത്തിക്കാനുള്ള ശ്രമം ഡി.ജി.പി തലത്തില്‍ തുടങ്ങിയിട്ടുണ്ട്. ഇരുവരുടെയും ഓച്ചിറയിലെ വീടുകളിലെത്തി കുടുംബാംഗങ്ങളെ ഇവരുടെ ഫോട്ടോകള്‍ കാണിച്ച് തിരിച്ചറിഞ്ഞിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."