തിരുവമ്പാടിയില്‍ അനധികൃത പന്നി ഫാമുകള്‍ക്കെതിരേ നടപടി സ്വീകരിക്കും
തിരുവമ്പാടി: കരിമ്പ് മേഖലയില്‍ അനധികൃതമായി പ്രവര്‍ത്തിക്കുകയും ആരോഗ്യ വകുപ്പ് മുഖേന നിര്‍ത്തല്‍ ചെയ്യാന്‍ നോട്ടിസ് നല്‍കുകയും ചെയ്ത പന്നിഫാം തിരുവമ്പാടി പഞ്ചായത്ത് പ്രസിഡന്റ് പി.ടി അഗസ്റ്റിന്‍ സെക്രട്ടറി എന്‍.വി ജോസഫ്, അസി. സെക്രട്ടറി കെ. ദേവി, വാര്‍ഡ് മെംബര്‍ ബിന്ദു ജയിംസ്, പൊതുപ്രവര്‍ത്തകര്‍ എന്നിവരടങ്ങുന്ന സംഘം സന്ദര്‍ശിച്ചു.
അനാരോഗ്യ ചുറ്റുപാടിലും വൃത്തിഹീനമായുമാണ് അനധികൃത പന്നിഫാം പ്രവര്‍ത്തിക്കുന്നത് എന്ന് സംഘത്തിന് ബോധ്യപ്പെട്ടതായി പ്രസിഡന്റ് പി.ടി അഗസ്റ്റിന്‍ പറഞ്ഞു.
വനത്തില്‍ നിന്ന് ഉല്‍ഭവിക്കുന്നതും താഴ്ഭാഗത്ത് നൂറു കണക്കിനാളുകള്‍ കുടിവെള്ളത്തിനായി ഉപയോഗിക്കുന്നതുമായ കുടിവെള്ള സ്രോതസുകള്‍ ഇതുമൂലം മലിനമായി. ഇതംഗീകരിക്കാന്‍ കഴിയില്ല. പ്രസിഡന്റ് പറഞ്ഞു.
ഉയര്‍ന്നത് ജന രോഷം
തിരുവമ്പാടി: ഒരു പ്രദേശത്തെ ജനങ്ങളുടെ കുടിവെള്ള സ്രോതസ് മലിനമാക്കുകയും രൂക്ഷഗന്ധത്താല്‍ താമസം പോലും ദുഷ്‌ക്കരമാവുകയും ചെയ്ത കരിമ്പ് പ്രദേശത്ത് സന്ദര്‍ശനത്തിനെത്തിയ പഞ്ചായത്ത് പ്രസിഡന്റ്,സെക്രട്ടറി ഉള്‍പ്പടെയുള്ള ഭരണസമിതിക്ക് മുന്‍പില്‍ പരാതി പ്രളയം.
ആഴ്ചകളായി കുടിവെള്ളം മുട്ടുകയും ദുര്‍ഗന്ധം മൂലം ജീവിതം ദുസ്സഹമാവുകയും ചെയ്ത പ്രദേശവാസികളുടെ രോഷം സംഘത്തിന് മുന്നില്‍ അണ പൊട്ടുകയായിരുന്നു. അധികൃതര്‍ ഉടന്‍ തീരുമാനമെടുത്തില്ലെങ്കില്‍ പന്നിഫാം ചുട്ടെരിക്കുമെന്ന് വരെ നാട്ടുകാര്‍ക്ക് പറയേണ്ടി വന്നു.ഫാം നടത്തിപ്പുകാരെ ഒടുവില്‍ വിളിച്ചു വരുത്തി മൂന്ന് ദിവസത്തിനുള്ളില്‍ പന്നികളെ പൂര്‍ണമായും ഒഴിവാക്കാനും മലിന ജലം കെട്ടിക്കിടക്കുന്ന മുഴുവന്‍ കുളങ്ങളും മണ്ണിട്ട് മൂടാനും സംഘം നിര്‍ദേശിച്ചു.
ഇല്ലെങ്കില്‍ നിയമ നടപടി സ്വീകരിക്കമെന്നും പന്നികളെ ലേലം ചെയ്യുമെന്നും ഉറപ്പ് നല്‍കിയതോടെയാണ് പ്രതിഷേധക്കാര്‍ ശാന്തരായത്. മൃതപ്രായരായ പന്നികളെ വരെ സംഘത്തിന് കാണാന്‍ കഴിഞ്ഞു.
പിന്നില്‍ വന്‍ മാഫിയ
തിരുവമ്പാടിമലയോര മേഖലയില്‍ അനധികൃത ഫാം വ്യാപകമാവുന്നതിന് പിന്നില്‍ വന്‍ മാഫിയയുണ്ടെന്ന് സൂചന. പന്നിയിറച്ചി വില്‍പനക്കപ്പുറം പന്നിക്ക് തീറ്റ നല്‍കാനെന്ന വ്യാജേന നഗരങ്ങളില്‍ നിന്നും വരെ ചീഞ്ഞളിഞ്ഞ മാലിന്യം ശേഖരിച്ചു മലയോര മേഖലയില്‍ ആളൊഴിഞ്ഞ സ്ഥലത്ത് കൊണ്ട് വന്നു വലിയ കുഴികളെടുത്ത് കുഴിച്ചിടുകയാണ്.
ഇവ പന്നിക്ക് കൊടുക്കാറില്ലത്രെ. ഹോട്ടലുകളില്‍ നിന്നും മറ്റും മാലിന്യം ശേഖരിക്കുന്നതിന്ന് വന്‍ സംഖ്യ ഈ മാഫിയ വാങ്ങുന്നു. ഇങ്ങനെ തഴച്ചുവളരുന്ന മാലിന്യ മാഫിയയുടെ ഒടുവിലെ ഉദാഹരണമാണ് കരിമ്പിലേത്. പന്നി തീറ്റക്ക് അതിരൂക്ഷഗന്ധം ഉണ്ടാകാറില്ലത്രെ. എന്നാല്‍ കരിമ്പില്‍ മാലിന്യം കുഴിച്ചിട്ടിട്ടും രൂക്ഷമായ ദുര്‍ഗന്ധമാണ് സംഘത്തെ സ്വീകരിച്ചത്.
ആശങ്കയോടെ മലയോരം
തിരുവമ്പാടി: കരിമ്പിലെ അനധികൃത ഫാം കുടിവെള്ള സ്രോതസ്സുകള്‍ മലിനമാക്കിയെന്ന വാര്‍ത്ത പരന്നതോടെ താഴ്ഭാഗത്തുള്ള ജനങ്ങള്‍ ആശങ്കയില്‍. നിരവധി കുടിവെള്ള കിണറുകളും മറ്റുമാണ് പുഴയില്‍ സ്ഥാപിച്ചത്.
വേനല്‍ കൊടുമ്പിരി കൊള്ളുമ്പോള്‍ തടയണ നിര്‍മിച്ചും മറ്റും കുടിവെള്ളം ശേഖരിച്ച മലയാരവാസികളെ കരിമ്പ് സംഭവം ആശങ്കയിലാഴ്ത്തി.അതേ സമയം കൂടരഞ്ഞി പഞ്ചായത്തിലും അനധികൃത പന്നി ഫാം ഉള്ളതായും സൂചനയുണ്ട്
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."