വിഷരഹിത പച്ചക്കറി കടലാസില്‍ മലയാളിക്കാശ്രയം 'വിഷമയം'
തിരുവനന്തപുരം: വിഷരഹിതമായ പച്ചക്കറി ഓരോ വീട്ടിലും ഉറപ്പാക്കുമെന്ന പ്രഖ്യാപനത്തോടെ നിരവധി പദ്ധതികള്‍ പല കാലത്തായി പ്രഖ്യാപിച്ച കേരളത്തില്‍ ഇപ്പോഴും ആശ്രയം അന്യസംസ്ഥാനങ്ങളില്‍നിന്നു കീടനാശിനിയില്‍ കുളിപ്പിച്ചു കൊണ്ടുവരുന്ന അന്യസംസ്ഥാന പച്ചക്കറി. കേരളത്തില്‍ ആവശ്യമുള്ളതിന്റെ മൂന്നില്‍ രണ്ടു ഭാഗം പച്ചക്കറിയും വരുന്നതു തമിഴ്‌നാട്ടില്‍നിന്നും മറ്റുമാണ്.
നാഷണല്‍ സാമ്പിള്‍ സര്‍വേയുടെ കണക്കനുസരിച്ചു സംസ്ഥാനത്ത് ഒരു വര്‍ഷം 20.09 ലക്ഷം മെട്രിക് ടണ്‍ പച്ചക്കറി ആവശ്യമാണ്. ഇതില്‍ കേരളത്തില്‍ ഉല്‍പ്പാദിപ്പിക്കുന്നത് 7.25 ലക്ഷം മെട്രിക് ടണ്‍ മാത്രമാണ്.
2017 18 ലെ ഓണത്തിനു വിഷരഹിതമായ പച്ചക്കറി സ്വന്തം വീട്ടുവളപ്പില്‍ ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെ 'ഒരുമുറം പച്ചക്കറി' പദ്ധതി നടപ്പാക്കിയിരുന്നു. ഇതിനായി 63 ലക്ഷം കുടുംബങ്ങള്‍ക്കുവിത്തും തൈയും ഗ്രോബാഗുകളും സൗജന്യമായി വിതരണം ചെയ്യുകയും ചെയ്തിരുന്നു.
അതുവഴി 96899.5 മെട്രിക് ടണ്‍ പച്ചക്കറി അധികമായി ഉല്‍പാദിപ്പിച്ചെന്നാണു കണക്ക്. എന്നാല്‍, ഫലത്തില്‍ അത് ഉപയോഗപ്രദമായില്ല. വരള്‍ച്ചയും പ്രകൃതിക്ഷോഭവും തിരിച്ചടിയായെന്നാണു പറയുന്നത്.
2016-17 ല്‍ സംസ്ഥാനത്ത് 52830 ഹെക്ടര്‍ സ്ഥലത്ത് പച്ചക്കറി കൃഷി ചെയ്യുകയും ഏകദേശം 7.25 ലക്ഷം മെട്രിക് ടണ്‍ ഉല്‍പ്പാദിപ്പിക്കുകയും ചെയ്തു. 2015 - 16 മായി താരതമ്യം ചെയ്യുമ്പോള്‍ 2016 - 17 ല്‍ 6252 ഹെക്ടര്‍ സ്ഥലത്ത് അധികമായി കൃഷി ചെയ്തിരുന്നു.
2017 - 18 വര്‍ഷത്തില്‍ ഇതുവരെ 52,102 ഹെക്ടര്‍ സ്ഥലത്ത് പച്ചക്കറി കൃഷി ചെയ്തതില്‍ 6.3 ലക്ഷം മെട്രിക് ടണ്‍ പച്ചക്കറി ഉല്‍പ്പാദിപ്പിച്ചു. മൂന്നാം വിള കൃഷി നടന്നുവരികയാണ്.
പക്ഷേ ഇപ്പോഴും പച്ചക്കറി ഉല്‍പ്പാദനത്തിന്റെ കാര്യത്തില്‍ സ്വയംപര്യാപ്തതയുടെ അടുത്തെത്താന്‍ പോലും കേരളത്തിനു കഴിഞ്ഞിട്ടില്ല.
.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."