ദേശീയപാത വികസനം: അലൈന്‍മെന്റില്‍ തെറ്റി ചേലേമ്പ്രയിലെ ഭരണപക്ഷം
ചേലേമ്പ്ര: ദേശീയപാത അലൈന്‍മെന്റ്്്് വിഷയത്തില്‍ ചേലേമ്പ്ര പഞ്ചായത്ത് ഭരണകക്ഷിയില്‍ ഭിന്നത രൂക്ഷമാകുന്നു. പുതിയ അലൈന്‍മെന്റിനെതിരേ പഞ്ചായത്ത് ഓഫിസിനു മുന്നില്‍ ആരംഭിച്ച കുടുല്‍ കെട്ടി സമരത്തിനു ഭരണപക്ഷം നേരത്തെ പിന്തുണ നല്‍കിയിരുന്നില്ല. എന്നാല്‍, ഇന്നലെ ഭരണകക്ഷിയിലെ ഒരു വിഭാഗം സമരത്തിനു പിന്തുണ പ്രഖ്യാപിച്ചു.
കുടില്‍ കെട്ടി സമരത്തിനു പഞ്ചായത്ത് വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ അബ്ദുല്‍ അസീസ് പാറയില്‍ ഇന്നലെ പിന്തുണ അറിയിച്ചതോടെയാണ് ഭരണകക്ഷിയിലെ ഭിന്നത മറനീക്കിയത്. ജനവാസ കേന്ദ്രങ്ങളെ ബാധിക്കാത്ത അലൈന്‍മെന്റ് കൊണ്ടുവരണമെന്നാണ് ജനകീയ വികസന മുന്നണിയുടെ തീരുമാനം. എന്നാല്‍, നിലവിലുളള അലൈന്‍മെന്റിനെക്കുറിച്ചു മുന്നണിയില്‍ യാതൊരു ധാരണയുമില്ലെന്നും ഇതിന് ഉത്തരവാദിയാകേണ്ടതില്ലെന്നുമുള്ള തീരുമാനത്തിലാണ് കുടില്‍ കെട്ടി സമരത്തിനു പിന്തുണ അറിയിച്ച അംഗങ്ങള്‍.
ജനകീയ വികസന മുന്നണി ചെയര്‍മാന്‍ സി.പി ഷബീര്‍ അലിയുടെ സമ്മതപ്രകാരമാണ് പഞ്ചായത്ത് ഭരണസമിതിക്കെതിരേയുള്ള കുടില്‍ കെട്ടി സമരത്തിനു പിന്തുണ അറിയിച്ചതെന്നു സി. അബ്ദുല്‍ അസീസ് പറഞ്ഞു. ഇന്നലെ തിരുവനന്തപുരത്തു നടന്ന സര്‍വകക്ഷി യോഗത്തില്‍ നിലവിലെ കുറ്റിപ്പുറം-ഇടിമുഴിക്കല്‍ റീച്ച് അലൈന്‍മെന്റില്‍ സര്‍വേ തുടരാനും ആവശ്യമെങ്കില്‍ അലൈന്‍മെന്റ് പുനഃപരിശോധിക്കാനും തീരുമാനിച്ചിരുന്നു.
പ്രതിപക്ഷമായ യു.ഡി.എഫും ഭരണപക്ഷത്തെ ഒരു വിഭാഗവും ഇരകളും എതിരാകുന്നതോടെ ചേലേമ്പ്രയില്‍ പ്രതിസന്ധിയിലായിരിക്കുന്നത് ഭരണപക്ഷത്തെ ഇടതുപക്ഷ അംഗങ്ങളാണ്. പുതിയ അലൈന്‍മെന്റിലൂടെ 60 വീടുകളും ഇടിമൂഴിക്കലിലെ നിരവധി കെട്ടിടങ്ങളും നഷ്ടമാകുന്നുവെന്നതാണ് പ്രതിഷേധത്തിനു കാരണം. അതേസമയം, പഞ്ചായത്തിലെ പ്രതിപക്ഷ അംഗങ്ങള്‍ നേരത്തേതന്നെ കുടില്‍ കെട്ടി സമരത്തിന് പിന്തുണ അറിയിച്ചു സമരപ്പന്തലിലെത്തിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."