കാടാശേരിയിലെ കുടുംബങ്ങള്‍ കുടിയിറക്ക് ഭീഷണിയില്‍
വടുവഞ്ചാല്‍: നിലമ്പൂര്‍ കോവിലകത്തു നിന്ന് ഭൂമി വിലക്ക് വാങ്ങി വീടുവെച്ചും കൃഷി ചെയ്തും കഴിഞ്ഞു വരുന്ന എട്ട്, ഒമ്പത് വാര്‍ഡുകളിലായി കാടാശേരിയില്‍ താമസിക്കുന്ന മൂപ്പൈനാട് പഞ്ചായത്തിലെ 150 ഓളം കുടുംബങ്ങള്‍ കുടിയിറക്ക് ഭീഷണിയില്‍.
പഴയ പാട്ടച്ചീട്ടിന്റെ ബലത്തില്‍ ഇവരുടെ ഭൂമിയില്‍ അവകാശവാദമുന്നയിച്ച് ചിലര്‍ രംഗത്തു വന്നതാണ് ഇവരുടെ സ്വസ്ഥത തകരാനിടയാക്കിയത്. 50 വര്‍ഷം വരെയായി ഇവിടെ ഭൂമി കൈവശം വെച്ച് താമസിച്ചു വരുന്നവരാണധികവും. ഇതില്‍ ചിലര്‍ നിലമ്പൂര്‍ കോവിലകത്തെ കുടുംബാംഗങ്ങളില്‍ നിന്ന് നേരിട്ട് ഭൂമി വിലയ്ക്കു വാങ്ങിയവരാണ്. ചിലര്‍ മറിച്ച് വാങ്ങിയവരുമാണ്. ആധാരം, നികുതിച്ചീട്ട് തുടങ്ങിയ രേഖകളും പലരുടെയും കൈവശമുണ്ട്. ചിലര്‍ രേഖകള്‍ പണയപ്പെടുത്തി ബാങ്ക് വായ്പയെടുത്തിട്ടുമുണ്ട്.
ഭൂമി അളന്നു തിരിക്കാനെന്നു പറഞ്ഞ് സര്‍വെയറും കോടതി നിയോഗിച്ച കമ്മിഷനും ഇടയ്ക്കിടെ കാടാശേരിയിലെത്തുന്നുണ്ട്.
കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടയില്‍ പല തവണ കമ്മിഷനും സര്‍വെയര്‍മാരും കാടാശേരിയിലെത്തി. കൈവശക്കാരുടെ പ്രതിഷേധത്തെത്തുടര്‍ന്ന് അവര്‍ താല്‍ക്കാലികമായി മടങ്ങിപ്പോവുകയായിരുന്നു. പ്രദേശത്ത് ആരാധനാലയങ്ങള്‍, ഏകാധ്യാപക വിദ്യാലയം, അങ്കണവാടി മുതലായവയും നിലവിലുണ്ട്.
റോഡ്, വൈദ്യുതി എന്നിവയും ഇവിടെയുണ്ട്. പതിറ്റാണ്ടുകള്‍ പഴക്കമുള്ള തെങ്ങ്, കമുക്, കാപ്പി മുതലായ കൃഷികളുണ്ട്. ഈ സ്ഥിതി നിലനില്‍ക്കുമ്പോഴാണ് കാടാശേരിയിലെ 150 ഓളം കുടുംബങ്ങള്‍ കുടിയിറക്ക് ഭീഷണിയുടെ നിഴലിലായിരിക്കുന്നത്. ഇതിന് ശാശ്വത പരിഹാരം കാണുന്നതിനായി അധികൃതരുടെ കാരുണ്യം പ്രതീക്ഷിച്ച് കഴിയുകയാണ് ഇവര്‍ ഇപ്പോള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."