ചുമതലയേറ്റെടുക്കും മുന്‍പ് മിന്നലായി കെ.എസ്.ആര്.ടി.സി കൊല്ലം ഡിപ്പോയില്‍ തച്ചങ്കരിയുടെ മിന്നല്‍ സന്ദര്‍ശനം
കൊല്ലം: കെ.എസ്.ആര്.ടി.സി എം.ഡിയായി ചുമതലയേറ്റെടുക്കുംമുന്പ് കൊല്ലം ഡിപ്പോയില്‍ തച്ചങ്കരിയുടെ മിന്നല്‍ സന്ദര്‍ശനം. ആലപ്പുഴയില്‍ നിന്ന് തിരുവനന്തപുരത്തേക്കുള്ള യാത്രക്കിടെ വിഷുദിനത്തില്‍ വൈകിട്ട് നാലോടെയാണ് തച്ചങ്കരി കൊല്ലം ഡിപ്പോയിലെത്തിയത്. തച്ചങ്കരിയെ ജീവനക്കാര്‍ ആദ്യം തിരിച്ചറിഞ്ഞില്ല. പിന്നീട് തച്ചങ്കരിയാണെന്ന് മനസ്സിലായതോടെ ജീവനക്കാര്‍ ചുറ്റുംകൂടുകയായിരുന്നു. തുടര്‍ന്ന് സ്റ്റേഷന് മാസ്റ്ററുടെ ഓഫിസ് ഉള്‍പ്പെടെ എല്ലായിടവും തച്ചങ്കരി സന്ദര്‍ശിച്ചു.
സന്ദര്‍ശനത്തിനിടെ ട്രിപ്പ് മുടങ്ങിക്കിടക്കുന്ന 23 ബസുകള്‍ തച്ചങ്കരി കണ്ടെത്തി. ഡീസല്‍ പമ്പിലെ ജീവനക്കാരന് യാതൊരു സാങ്കേതിക പരിജ്ഞാനവുമില്ലെന്ന് മനസ്സിലാക്കിയ അദ്ദേഹം ഡീസലിന്റെ ശുദ്ധത പരിശോധിക്കാനുള്ള നടപടികളെടുത്തശേഷം അളവും പരിശോധിച്ചു. വലിയ ക്രമക്കേടൊന്നും കണ്ടെത്തിയില്ലെങ്കിലും ഡീസലിന്റെ അളവ് ജീവനക്കാരന് കമ്പിട്ട് പരിശോധിക്കുന്നത് തച്ചങ്കരിയെ ഞെട്ടിച്ചു. തുടര്‍ന്ന് വര്ക്ഷോപ്പിലെത്തിയപ്പോഴാണ് 23 ബസുകള്‍ കട്ടപ്പുറത്തിരിക്കുന്നത് കണ്ടത്. എല്ലാ ബസുകള്‍ക്കും ചെറിയ കേടുപാടുകള്‍ മാത്രമാണുള്ളത്. അറ്റകുറ്റപ്പണിക്ക് 500 രൂപയുടെ സാധനം വാങ്ങാന്‍ മാത്രമാണ് വര്ക്ഷോപ്പിലുള്ളവര്ക്ക് അധികാരമുള്ളത്. കട്ടപ്പുറത്തുള്ള ബസിന് ആയിരം മുതല്‍ അയ്യായിരം രൂപവരെയുള്ള സ്പെയര്‍ പാര്‍ട്സുകള്‍ വാങ്ങേണ്ടിവരും.
ഈ ആവശ്യമുന്നയിച്ച് ഹെഡ് ഓഫിസിലേക്ക് കത്തെഴുതുകയാണ് പതിവ്. പണം അനുവദിച്ച് മറുപടി വന്നാല്‍ മാത്രമേ സ്പെയര്‍ പാര്‍ട്സ് വാങ്ങാന്‍ കഴിയൂ. അക്കാരണത്താല്‍ ചെറിയ കേടുപാടുകളാണെങ്കിലും ബസുകള്‍ ദീര്‍ഘകാലം കട്ടപ്പുറത്തായിരിക്കും. ഇത്തരം പരിശോധനകള്‍ തച്ചങ്കരി ഇനിയും തുടരുമെന്നാണ് വിവരം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."