ഇരിക്കൂറിലെ അജ്ഞാത മൃതദേഹാവശിഷ്ടങ്ങള്‍: അസം സ്വദേശി അറസ്റ്റില്‍
ഇരിക്കൂര്‍: ഊരത്തൂര്‍ പറമ്പില്‍നിന്ന് ഒന്നര മാസം മുന്‍പ് തലയോട്ടിയും ശരീരാവയവങ്ങളും വസ്ത്രങ്ങളും കണ്ടെത്തിയ സംഭവത്തില്‍ ഒരാളെ അന്വേഷണ സംഘം അസമില്‍വച്ച് അറസ്റ്റ് ചെയ്തു.
അസം തലസ്ഥാനമായ ഗുവാഹത്തിക്കടുത്ത ബെര്‍പേട്ട ജില്ലയിലെ സാദിഖ് അലി(19) യെയാണ് ഇരിക്കൂര്‍ എസ്.ഐ രജീഷ് തെരുവത്ത് പീടികയില്‍, എ.എസ്.ഐ ഇ.വി അബ്ദുറഹിമാന്‍ എന്നിവര്‍ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ജനുവരി മുതല്‍ കാണാതായ ഊരത്തൂര്‍ ഗവ.പി.എച്ച്.സിക്കടുത്ത വാടക മുറിയില്‍ താമസിച്ചിരുന്ന അസം സ്വദേശി സയ്യിദ് അലി (20)യുടെ തിരോധാനവുമായി ബന്ധപ്പെട്ടുള്ള അന്വേഷണത്തിനിടയിലാണ് ഇയാള്‍ പിടിയിലായത്. സയ്യിദ് അലിയുടെ മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ച് സൈബര്‍ സെല്‍ വഴി ഇരിക്കൂര്‍ പൊലിസ് നടത്തിയ അന്വേഷണത്തില്‍ അസമിലെ ബെര്‍പേട്ടയിലെ സ്വദേശി മാര്‍ക്കറ്റില്‍വച്ചാണ് സാദിഖ് അലിയെ പിടികൂടിയത്.
ഈ മൊബൈല്‍ ഇതുവരെ സാദിഖ് അലിയാണ് ഉപയോഗിച്ചുകൊണ്ടിരുന്നത്. സയ്യിദ് അലിയുടെ മൊബൈല്‍ ഫോണ്‍ കവര്‍ന്ന കേസിലാണ് ഇപ്പോള്‍ അറസ്റ്റ്.
ആലുവയില്‍ സ്വര്‍ണപ്പണി ചെയ്തു വരികയായിരുന്ന സാദിഖ് അലി പുതിയൊരു ജോലി നേടിയാണ് ഇരിക്കൂറിനടുത്ത ഊരത്തൂരിലെത്തുന്നത്. ഇവിടെ ജോലി ചെയ്തുവരുന്ന ബന്ധുവാണ് ഇയാള്‍ക്ക് സയ്യിദ് അലിക്കൊപ്പം താമസമേര്‍പ്പാടാക്കിക്കൊടുത്തത്. കുറച്ച് ദിവസം ഇവിടെ താമസിച്ചിരുന്ന സാദിഖ് അലി വീണ്ടും ആലുവയിലേക്ക് തന്നെ മടങ്ങിപ്പോവുകയായിരുന്നു.
അവിടെനിന്ന് രണ്ട് ദിവസത്തിനു ശേഷം വസ്ത്രങ്ങളും മറ്റു സാധനങ്ങളും എടുക്കാനെന്ന പേരില്‍ വീണ്ടും ഊരത്തൂരിലെത്തിയ ഇയാള്‍ സയ്യിദ് അലിയുടെ മൊബൈല്‍ ഫോണും പണവും കവര്‍ന്ന ശേഷം നാട്ടിലേക്ക് കടന്ന് കളയുകയായിരുന്നുവെന്നും പൊലിസ് പറഞ്ഞു.
എന്നാല്‍ സയ്യിദ് അലിയെ കാണാതായതിനാല്‍ അസമിലെത്തിയിട്ടുണ്ടാകുമെന്ന് കരുതിയാണ് മൊബൈലുമായി താന്‍ ഇവിടെയെത്തിയതെന്നാണ് സാദിഖ് അലി പൊലിസിനു നല്‍കിയ ആദ്യ മൊഴിയില്‍ പറഞ്ഞത്. ഈ മൊഴികളൊന്നും പൊലിസ് മുഖവിലക്കെടുത്തിട്ടില്ല. കഴിഞ്ഞ ജനവരി 27 മുതലാണ് ഊരത്തൂരില്‍നിന്ന് അസം സ്വദേശി സയ്യിദ് അലിയെ കാണാതായത്. മൃതദേഹാവശിഷ്ടങ്ങളുടെ പഴക്കവും സയ്യിദ് അലിയുടെ കാണാതാവലും തമ്മിലുള്ള സാമ്യതയെത്തുടര്‍ന്നാണ് പൊലിസ് ഈ വഴിക്ക് അന്വേഷണം നടത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."