കൊയപ്പ ഫുട്‌ബോള്‍: ദേശീയതാരങ്ങള്‍ കളിക്കുന്നതിനെ ചൊല്ലി വിവാദം
താമരശ്ശേരി: കൊടുവള്ളിയില്‍ നടക്കുന്ന കൊയപ്പ ഫുട്ബാള്‍ ടൂര്‍ണമെന്റില്‍ ദേശീയ ഫുട്‌ബോള്‍ താരങ്ങള്‍ ജേഴ്‌സിയണിഞ്ഞതിനെതിരേ പ്രതിഷേധവുമായി ആരാധകര്‍ രംഗത്ത്. അനസ് എടത്തൊടിക, ആഷിഖ് കരുണിയന്‍, പി.എം സക്കീര്‍ തുടങ്ങിയ ഇന്ത്യന്‍ ഫുട്‌ബോളിലെ തലയെടുപ്പുള്ള താരങ്ങളാണ് ടൗണ്‍ ടീം അരീക്കോടിന് വേണ്ടി കളത്തിലിറങ്ങിയിരിക്കുന്നത്. നിര്‍മ്മല്‍ ഖാന്‍ എന്ന ബ്ലോഗര്‍ തന്റെ സ്‌പോര്‍ട്‌സ് ബ്ലോഗിലൂടെ താരങ്ങളെ വിമര്‍ശിച്ച് രംഗത്തെത്തിയതോടെയാണ് ഫുട്ബാള്‍ ആരാധകരുടെ വാദ പ്രതിവാദങ്ങള്‍ക്ക് ഇത് ഇടവരുത്തിയത്.
ഇന്ത്യന്‍ ടീമിലെ ഏക മലയാളി സാന്നിധ്യമാണ് അനസ് എടത്തൊടിക. ഇന്ത്യന്‍ ഫുട്‌ബോളിലെ ആദ്യ പതിനൊന്നില്‍ സ്ഥാനം ഉറപ്പുള്ള താരം. രാജ്യത്തിന് വേണ്ടി കളിക്കുന്ന താരങ്ങള്‍ ഫുട്‌ബോളിന്റെ പ്രൊഫഷണലിസത്തിന്റെ ഭാഗമായി ഇത്തരം പ്രാദേശിക ടൂര്‍ണമെന്റുകളില്‍നിന്ന് മാറി നില്‍ക്കണമെന്ന വാദമാണ് നടക്കുന്നത്. യാതൊരു സുരക്ഷാ സംവിധാനങ്ങളുമില്ലാതെ കളത്തിലിറങ്ങുന്ന ദേശീയതാരങ്ങള്‍ക്ക് എന്തെങ്കിലും സംഭവിച്ചു കഴിഞ്ഞാല്‍ നഷ്ടമാകുന്നത് രാജ്യത്തിന്റെ ഫുട്‌ബോള്‍ പ്രകടനമാണ്. ഈ സീസണില്‍ എതിര്‍ സ്‌ട്രൈക്കര്‍മാരേക്കാള്‍ അനസിന് വെല്ലുവിളിയായത് പരുക്കായിരുന്നു. ഐ.എസ്.എല്ലില്‍ കേവലം എട്ടു മത്സരങ്ങളില്‍ മാത്രമായിരുന്നു അനസ് ബൂട്ടുകെട്ടിയിരുന്നു. സാഫ് കപ്പ്, ഏഷ്യ കപ്പ് പോലുള്ള വമ്പന്‍ മത്സരങ്ങള്‍ ഇനി വരാനിരിക്കുകയും ചെയ്യുന്നു. ഇതിനിടെയാണ് പരുക്കേല്‍ക്കാന്‍ ഏറെ സാധ്യതയുള്ള സെവന്‍സില്‍ അനസ് കളിച്ച്. ഇത് ചോദ്യം ചെയ്യപ്പെടേണ്ടത് തന്നെയാണെന്ന് പറയുന്ന ബ്ലോഗില്‍ രാജ്യാന്തര മത്സരങ്ങള്‍ മുന്നിലുള്ളപ്പോള്‍ എങ്ങനെ സെവന്‍സ് മത്സരങ്ങളില്‍ ബൂട്ടണിയാന്‍ തോന്നുന്നുവെന്നും ചോദിക്കുന്നുണ്ട്.
സെവന്‍സ് ഫുട്ബാള്‍ ടൂര്‍ണമെന്റുകളില്‍ ഇത്തരം താരങ്ങള്‍ പങ്കെടുക്കുന്നതിനാല്‍ ടൂര്‍ണമെന്റിന് മികച്ച പിന്തുണ ലഭിക്കാറുണ്ട്. അതേസമയം ബ്ലോഗ് പുറത്തുവന്നതോടെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേര്‍ രംഗത്തുവന്നു. ഒടുവില്‍ രാജ്യാന്തര താരങ്ങളെ രംഗത്തിറക്കിയതില്‍ ലൈറ്റ്‌നിങ് സ്‌പോര്‍ട്‌സ് ക്ലബ് പ്രസിഡന്റ് കെ.കെ സുബൈര്‍ ഫേസ്ബുക്കില്‍ വിശദീകരണവും നല്‍കി. അനസും സക്കീറും മാനുപ്പയും വേണ്ടപ്പെട്ട ചിലരുടെ സമ്മര്‍ദ്ധ ഫലമായാണ് കൊയപ്പയിലെത്തിയതെന്നും ഇതൊരു അപരാധമല്ലെന്നുമാണ് അദ്ദേഹം പറയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."