കാസര്‍കോട്ടെ പ്രവാസിയുടെ കൊലപാതകം: നേരത്തേ പരാതി നല്‍കി, പൊലിസ് മുഖവിലക്കെടുത്തില്ലെന്ന് ബന്ധുക്കള്‍
കാസര്‍കോട്: പൂച്ചക്കാട്ടെ പ്രവാസി വ്യവസായി എം.സി. ഗഫൂര്‍ ഹാജി കൊല്ലപ്പെട്ട കേസില്‍ പൊലിസിനെതിരെ കുടുംബം. തങ്ങള്‍ നേരത്തെ പരാതി നല്‍കിയിട്ടും പൊലിസ് മുഖവിലക്കെടുത്തില്ലെന്നാണ് ഇവരുടെ ആരോപണം. ഇന്നലെ അറസ്റ്റിലായ ജിന്നുമ്മക്കും സംഘത്തിനുമെതിരെ ഒന്നരവര്‍ഷം മുമ്പുതന്നെ പരാതി നല്‍കിയിരുന്നതായി ബന്ധുക്കള്‍ പറയുന്നു. അവര്‍ക്ക് മുന്‍പേ ഫ്രോഡ് സ്റ്റോറിയുണ്ടെന്ന് അറിഞ്ഞിരുന്നതായും മുന്‍പ് മറ്റൊരു കേസില്‍ ജയിലില്‍ കഴിഞ്ഞവരാണ് പ്രതികളെന്നും ഗഫുര്‍ ഹാജിയുടെ സഹോദരങ്ങളായ മുഹമ്മദ് ശരീഫ്, ഉസ്മാന്‍ എന്നിവര്‍ പറഞ്ഞു. എന്നാല്‍, ബേക്കല്‍ പൊലിസ് തങ്ങളുടെ പരാതി നിസ്സാരമാക്കി അവഗണിച്ചതായും പൊലിസ് നീക്കത്തിന് പിന്നില്‍ മറ്റെന്തിങ്കിലും ഇടപെടല്‍ ഉണ്ടോ എന്ന് അറിയില്ലെന്നും ഇവര്‍ ആരോപിക്കുന്നു.
ഗഫൂര്‍ ഹാജിയുടെ ദുരൂഹ മരണം കൊലപാതകമെന്ന് ഇന്നലെയാണ് തെളിയുന്നത്. ഒന്നരവര്‍ഷത്തിന് ശേഷമാണ് തെളിയുന്നത്. എന്നാല്‍ജിന്നുമ്മ എന്ന് വിശേഷിപ്പിക്കുന്ന ഷെമീനക്കെതിരെ തുടക്കം മുതല്‍ ബന്ധുക്കളും കമ്മിറ്റിയും രംഗത്ത് വന്നിരുന്നു.
2023 ഏപ്രില്‍ 14ന് പുലര്‍ച്ചെയാണ് അബ്ദുല്‍ ഗഫൂര്‍ ഹാജിയെ കിടപ്പുമുറിയില്‍ മരിച്ചനിലയില്‍ കണ്ടത്. അന്നുതന്നെ മൃതദേഹം ഖബറടക്കി. പിറ്റേന്ന് മുതല്‍ ഗഫൂര്‍ ഹാജി വായ്പ വാങ്ങിയ സ്വര്‍ണാഭരണങ്ങള്‍ ചോദിച്ച് ബന്ധുക്കള്‍ വീട്ടിലേക്ക് എത്തുകയും സ്വര്‍ണത്തിന്റെ കണക്കെടുത്തപ്പോള്‍ 12 ബന്ധുക്കളില്‍നിന്ന് 596 പവന്‍ വാങ്ങിയതായി വ്യക്തമാവുകയും ചെയ്തു. ഇത് കണ്ടെത്താനായില്ല. ഇതേതുടര്‍ന്ന് മരണത്തില്‍ സംശയം പ്രകടിപ്പിച്ച് ഗഫൂര്‍ ഹാജിയുടെ മകന്‍ അഹമ്മദ് മുസമ്മില്‍ ബേക്കല്‍ പൊലിസില്‍ പരാതി നല്‍കി. ഏപ്രില്‍ 28ന് ഗഫൂര്‍ ഹാജിയുടെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റുമോര്‍ട്ടം നടത്തി.
ഗഫൂര്‍ ഹാജിയുടെ വീടുമായി ബന്ധമുള്ള സ്ത്രീയെയും അവരുടെ സുഹൃത്തിനെയും സംശയമുണ്ടെന്ന കാര്യവും മകന്റെ പരാതിയിലുണ്ടായിരുന്നു. എന്നാല്‍, അന്വേഷണം ഗൗരവത്തില്‍ മുന്നോട്ടുനീങ്ങിയില്ല. തുടര്‍ന്ന് കര്‍മസമിതി രൂപവത്കരിക്കുകയും 10,000 പേരുടെ ഒപ്പുവാങ്ങി മുഖ്യമന്ത്രിക്ക് നിവേദനം നല്‍കുകയുംചെയ്തു. ഇതിനിടെ അന്വേഷണം ഡി.സി.ആര്‍.ബി ഡിവൈ.എസ്.പി ജോണ്‍സന് കൈമാറി. തുടര്‍ന്നാണ് പ്രതികള്‍ അറസ്റ്റിലായത്. ഇരട്ടിപ്പിച്ചുനല്‍കാമെന്നുപറഞ്ഞ് വാങ്ങിയ 596 പവന്‍ തിരിച്ചുചോദിച്ചതായിരുന്നു കൊലപാതകത്തിന് കാരണം.
സംഭവത്തില്‍ ഉദുമ മീത്തല്‍ മാങ്ങാട് കൂളിക്കുന്ന് സ്വദേശിനി 'ജിന്നുമ്മ' എന്ന കെ.എച്ച്. ഷമീന (38), ഇവരുടെ ഭര്‍ത്താവ് മധൂര്‍ ഉളിയത്തടുക്കയിലെ ടി.എം. ഉബൈസ് (38), പൂച്ചക്കാട് മുക്കൂട് കീക്കാന്‍ സ്വദേശിനി അസ്‌നിഫ (34), മധൂര്‍ കൊല്യ ഹൗസില്‍ ആയിഷ (40) എന്നിവരാണ് അറസ്റ്റിലായത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."