സീനിയര്‍ ഓഫിസ് അറ്റന്‍ഡന്റിനെ സസ്‌പെന്‍ഡ് ചെയ്തു; ചങ്ങനാശേരി നഗരസഭാ കൗണ്‍സില്‍ യോഗത്തില്‍ ബഹളം
ചങ്ങനാശേരി: നഗരസഭാ കൗണ്‍സില്‍ യോഗം ശബ്ദായനമായ രംഗങ്ങള്‍ക്ക് വേദിയായി. സീനിയര്‍ ഓഫിസ് അറ്റന്‍ഡന്റ് കെ.ജെ പൗലോസിനെ അച്ചടക്ക നടപടിക്ക് വിധേയമായി സസ്‌പെന്റ് ചെയ്തതു സംബന്ധിച്ച വിഷയം ഇന്നലെ ചേര്‍ന്ന കൗണ്‍സിലിന്റെ അറിവിലേക്കായി അജണ്ടയായി എത്തിയപ്പോഴാണ് ബഹളം തുടങ്ങിയത്. വിഷയത്തില്‍ ചെയര്‍മാന്‍ വിശദീകരണം നടത്തിയപ്പോഴാണ് അംഗങ്ങള്‍ ബഹളവുമായി രംഗത്ത് എത്തിയത്.
ചെയര്‍മാന്റെ ഓഫിസില്‍ ഡ്യൂട്ടിയായിരുന്ന പൗലോസിനെ അവിടെ നിന്നും കാലങ്ങളായി ലൈബ്രേറിയന്‍ ഇല്ലാത്ത മുനിസിപ്പല്‍ ലൈബ്രറിയിലേക്ക് നേരത്തേ മാറ്റി നിയമിച്ചിരുന്നു. എന്നാല്‍ ഇയാള്‍ അവിടെ ജോലി ചെയ്യുന്നതിന് വിസമ്മതിച്ചു.
അതേത്തുടര്‍ന്ന് പൗലോസിനെതിരേ നടപടിയാവശ്യപ്പെട്ട് മുനിസിപ്പല്‍ ഡയറക്ടര്‍ക്ക് പരാതി നല്‍കി. തുടര്‍ന്ന്, ഡയറക്ടറുടെ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലാണ് സസ്‌പെന്റ് ചെയ്തതെന്ന് ചെയര്‍മാന്‍ വിശദീകരിച്ചു. ഗുരുതരമായ അച്ചക്ക ലംഘനമായി കണക്കാക്കിയാണ് നടപടി സ്വീകരിച്ചത്. ഡയറക്ടറുടെ നിര്‍ദേശം വന്ന സാഹചര്യത്തില്‍ ഇയാളില്‍ നിന്നും വിശദീകരണം തേടിയ ശേഷമാണ് സസ്‌പെന്റ് ചെയ്തത് എന്നും അദ്ദേഹം വ്യക്തമാക്കി.
അന്‍പതിനായിരം രൂപ പ്രതിമാസ ശമ്പളം വാങ്ങുന്ന ഇയാള്‍ കോണ്‍ഗ്രസ് അനുകൂല സംഘടനയിലെ അംഗമായിരുന്നു. സസ്‌പെന്‍ഷനിലായ ശേഷം കോണ്‍ഗ്രസ് സര്‍വിസ് സംഘടനയില്‍ നിന്നും മാറി ഇടതുസംഘടനയില്‍ ചേര്‍ന്നു.
കൗണ്‍സില്‍ യോഗത്തില്‍ വിഷയം ഉയര്‍ന്നു വന്നപ്പോള്‍ ഇടത് അംഗങ്ങള്‍ നടപടിയെ ചോദ്യം ചെയ്തു. ചെയര്‍മാന്‍ സസ്‌പെന്റ് ചെയ്യാനുള്ള അധികാരമുണ്ടോ ആവശ്യമായ നടപടിക്രമങ്ങള്‍ സ്വീകരിച്ച ശേഷമാണോ സസ്‌പെന്‍ഷന്‍ നടത്തിയത് തുടങ്ങിയ വിഷയങ്ങള്‍ അവര്‍ ഉന്നയിച്ചു. ബഹളത്തെത്തുടര്‍ന്ന് ചെയര്‍മാന്‍ അജണ്ട പാസായതായി പ്രഖ്യാപിച്ച് യോഗം അവസാനിപ്പിച്ചു. ചെയര്‍മാന്റെ കത്തു പ്രകാരം ഔദ്യോഗികമായ നടപടിക്രമങ്ങള്‍ പാലിച്ചാണ് സസ്‌പെന്‍ഷന്‍ ഉത്തരവിറക്കിയതെന്ന് മുനിസിപ്പല്‍ സെക്രട്ടറി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."