കരുവാറ്റ റെയില്‍വേ സ്റ്റേഷന്‍ സാമൂഹ്യ വിരുദ്ധരുടെ വിഹാര കേന്ദ്രമായി:കഞ്ചാവ് ലോബിയും അരങ്ങ് തകര്‍ക്കുന്നു; അനക്കമില്ലാതെ അധികൃതര്‍
ഹരിപ്പാട്: കരുവാറ്റ റെയില്‍വേ സ്റ്റേഷനും പരിസരവും സാമൂഹ്യ വിരുദ്ധരുടേയും കഞ്ചാവ് ലോബിയുടേയും വിഹാര കേന്ദ്രമായി മാറിയിട്ട് നാളുകളേറെയായി.സ്റ്റേഷന്‍ പരിസരം മുഴുവന്‍ കാട് കയറിക്കിടക്കുന്നതും സന്ധ്യ കഴിഞ്ഞാല്‍ മതിയായവെളിച്ചമില്ലാത്തതും ഇവിടം സാമൂഹ്യ വിരുദ്ധരുടേയും ഗുണ്ടകളുടേയും ഇഷ്ടതാവളമാക്കി മാറ്റിയിരിക്കുകയാണ്.
ഇതു മൂലം ട്രയിന്‍ യാത്രക്കാരും നാട്ടുകാരും അനുഭവിക്കുന്ന ദുരിതം ചില്ലറയല്ല. കഞ്ചാവ് വലിച്ച് സമനില തെറ്റിയ സാമൂഹ്യ വിരുദ്ധര്‍ ട്രയിനുകള്‍ക്ക് നേരേ കല്ലെറിയുന്നതും പതിവായി.
കഴിഞ്ഞ ദിവസം രാത്രി 9.30 ഓടെ ഇരുളടഞ്ഞ സ്റ്റേഷന്‍ പരിസരത്ത് നിന്ന് എറണാകുളം-കൊല്ലം മെമുവിന് നേരേ കല്ലേറുണ്ടാകുകയും ജനലിനരികിലിരുന്ന പത്തിയൂര്‍ സ്വദേശി ശിവന്‍കുട്ടി നായര്‍ക്ക് കല്ലേറില്‍ ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തതാണ് ഏറ്റവും ഒടുവിലത്തെ സംഭവം.
ട്രയിനുകള്‍ സ്റ്റേഷനില്‍ നിര്‍ത്താന്‍ വേഗത കുറയ്ക്കുന്ന സമയത്താണ് ഇരുളിന്റെ മറവില്‍ നിന്ന് ഓര്‍ക്കാപ്പുറത്ത് കല്ലേറുണ്ടാകുന്നത്. ട്രയിന്‍ യാത്രക്കാര്‍ ഭയപ്പാടോടെയാണ് ഇത് വഴി രാത്രി കാലങ്ങളില്‍ സഞ്ചരിക്കുന്നത്.
റെയില്‍വേ സ്റ്റേഷനിലേക്കുള്ള റോഡിലും മതിയായ വഴിവിളക്കുകളില്ല. ഇവിടങ്ങളിലെ പെട്ടിക്കടകള്‍ കേന്ദ്രീകരിച്ച് നിരോധിത പുകയില ഉല്‍പ്പന്നങ്ങളുടേയും മറ്റും വില്‍പ്പന സജീവമാണ്.കൂടാതെ കരുവാറ്റയില്‍ റയില്‍വേ ലൈന്‍ കടന്നു പോകുന്നത് വിശാലവും വിജനവുമായ പുഞ്ചപ്പാടങ്ങളുടെ നടുവിലൂടെയായതിനാല്‍ വ്യാജമദ്യ കഞ്ചാവ് ലോബികള്‍ക്ക് യഥേഷ്ടം വിഹരിക്കുവാനുള്ള സൗകര്യവും ലഭിക്കുന്നുണ്ട്.
എന്തെങ്കിലും അനിഷ്ട സംഭവങ്ങളുണ്ടാകുമ്പോള്‍ അധികൃതരുടെ ഭാഗത്ത് നിന്നുള്ള അന്വേഷണം പ്രഹസനമായി മാറുന്നതല്ലാതെ സാമൂഹ്യ വിരുദ്ധ ശല്യം തീര്‍ത്തും ഇല്ലാതാക്കാനുള്ള നടപടികള്‍ അധികൃതരുടെ ഭാഗത്ത് നിന്ന് ഉണ്ടാകുന്നില്ലെന്നുള്ള ആക്ഷേപം ശക്തമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."