വേനല്‍ മഴ: ഡെങ്കിപ്പനിക്ക് സാധ്യതയെന്ന് ജില്ലാ മെഡിക്കല്‍ ഓഫിസര്‍
കോഴിക്കോട്: ഇടവിട്ട് പെയ്യുന്ന മഴ ആരോഗ്യ മേഖലയില്‍ ഡെങ്കിപ്പനി പോലുള്ള കൊതുകുജന്യ രോഗങ്ങള്‍ പടരുന്നതിന് ഇടയാക്കുമെന്നും അതീവജാഗ്രത പാലിക്കണമെന്നും ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. വി. ജയശ്രീ അറിയിച്ചു. ജില്ലയില്‍ ഇതുവരെ 19 ഡെങ്കിപ്പനി കേസുകള്‍ ഈ വര്‍ഷം സ്ഥിരീകരിച്ചിട്ടുണ്ട്. കൂടാതെ ഡെങ്കിപ്പനി സംശയിക്കുന്ന 109 പേരെയും കണ്ടെത്തി.
അലക്ഷ്യമായി വലിച്ചെറിയുന്ന പ്ലാസ്റ്റിക് വസ്തുക്കള്‍, ചിരട്ടകള്‍, ടയര്‍, മുട്ടത്തോട്, പാളകള്‍, ഫ്രിഡ്ജിലെ ട്രേകള്‍, അലങ്കാരച്ചെടികളുടെ ചട്ടിക്കടിയില്‍ സൂക്ഷിക്കുന്ന ട്രേകള്‍, വെള്ളം കെട്ടിക്കിടക്കുന്ന സണ്‍ഷേഡുകള്‍, പൊളിത്തീന്‍ കവറുകളില്‍ കെട്ടിക്കിടക്കുന്ന വെള്ളം, വെള്ളം ശേഖരിക്കുന്ന പാത്രങ്ങള്‍ എന്നിവിടങ്ങളിലാണ് കൊതുകുകള്‍ മുട്ടയിട്ട് പെരുകുന്നത്. ആഴ്ചയില്‍ ഒരിക്കല്‍ ഇത്തരം ഉറവിടങ്ങള്‍ വൃത്തിയാക്കണം. സ്‌കൂളുകളിലും സ്ഥാപനങ്ങളിലും വീടുകളിലും ഉറവിട ശുചീകരണ പ്രവര്‍ത്തനമായ ഡ്രൈ ഡേ ആചരിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫിസര്‍ നിര്‍ദേശിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."