ടെക്‌നോസിറ്റിയില്‍ കണ്ടെത്തിയ തലയോട്ടി പൊലിസിന് തലവേദനയാകുന്നു
കഴക്കൂട്ടം: മംഗലപുരം ടെക്‌നോസിറ്റി വളപ്പില്‍ പ്ലാസ്റ്റിക് കവറില്‍ ഉപേക്ഷിച്ച നിലയില്‍ തലയോട്ടിയും അസ്ഥികൂടങ്ങളും കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹതയേറുന്നു. ഇക്കാര്യത്തില്‍ ഫോറന്‍സിക് റിപ്പോര്‍ട്ട് കാത്തിരിക്കുകയാണ് പൊലിസ്.
മെഡിക്കല്‍ കോളജുകളിലെ പഠനശേഷം അസ്ഥിഭാഗങ്ങള്‍ ഇത്തരത്തില്‍ ഉപേക്ഷിക്കാറില്ലെന്ന് അധികൃതര്‍ വ്യക്തമാക്കിക്കഴിഞ്ഞ സാഹചര്യത്തില്‍ ശാസ്ത്രീയമായ അന്വേഷണം പൊലിസിന് കീറാമുട്ടിയാകും. മെഡിക്കല്‍ കോളജിലെ ഫോറന്‍സിക് വിഭാഗത്തില്‍ പരിശോധനക്കായി എത്തിച്ച തലയോട്ടിയുടെയും അസ്ഥികളുടെയും കാലപ്പഴക്കവും സ്ത്രീയോ പുരുഷനോ എന്നതും പരിശോധന റിപ്പോര്‍ട്ട് ലഭിച്ചാലേ വ്യക്തമാകൂ എന്നാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നത്.
വാഹനത്തില്‍ ഇവിടെ ഉപേക്ഷിച്ചതാകാമെന്നാണ് നിഗമനം. ഇതിനായി പള്ളിപ്പുറംകാരമൂട് മംഗലപുരം പോത്തന്‍കോട് റോഡിലേക്ക് പോകുന്ന വഴിയില്‍ ലഭ്യമായ സി.സി.ടി.വി. ദൃശ്യങ്ങള്‍ പൊലിസ് പരിശോധിച്ചെങ്കിലും ഇത് സംബന്ധിച്ച് സൂചനകളൊന്നും ലഭിച്ചിട്ടില്ല.
മെഡിക്കല്‍ കോളജിലെ ഫോറന്‍സിക് സര്‍ജന്‍മാര്‍ ഉള്‍പ്പെട്ട ഡോക്ടര്‍മാരുടെ സംഘം തലയോട്ടിയും അസ്ഥികൂടങ്ങളും വിശദമായി പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കിയാലേ കൂടുതല്‍ അന്വഷണം നടത്താന്‍ കഴിയു എന്നാണ് പൊലിസ് പറയുന്നത്. ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടം നടത്തി ഇളക്കി പരിശോധിച്ചിട്ടില്ലാത്ത തലയോട്ടിയാണ് കണ്ടെത്തിയത് എന്നതും ദുരൂഹത വര്‍ധിപ്പിക്കുന്നു.
ബാക്കി അസ്ഥി ഭാഗങ്ങള്‍ മറ്റെവിടെയെങ്കിലും ഉപേക്ഷിച്ചിരിക്കാമെന്നും പൊലിസ് കരുതുന്നു.
ഇരുപത് വയസിന് താഴെയുള്ള പെണ്‍കുട്ടിയുടെ അസ്ഥിയാകാമിതെന്ന് നിഗമനത്തിലായിരുന്നു പ്രാഥമിക പരിശോധനയില്‍ ഫോറന്‍സിക് വിഭാഗം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."