25 വര്‍ഷമായി മനുഷ്യാവകാശലംഘനം നടത്തിയെന്ന് എറിത്രിയ
ജനീവ: കഴിഞ്ഞ 25 വര്‍ഷമായി തങ്ങള്‍ മാനവികതയ്‌ക്കെതിരായി കുറ്റകൃത്യം നടത്തുന്നുവെന്ന് എറിത്രിയന്‍ സര്‍ക്കാറിന്റെ ഏറ്റുപറച്ചില്‍. 1991 മുതലാണ് തങ്ങള്‍ ക്രൂരത തുടങ്ങിയത്. അന്താരാഷ്ട്ര നീതിന്യായ കോടതിയില്‍ എറിത്രിയന്‍ സര്‍ക്കാരിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. സംഭവത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കുന്നതായും അവര്‍ കോടതിയെ അറിയിച്ചു.
യുനൈറ്റഡ് നാഷന്‍സ് കമ്മിഷന്‍ ഓഫ് എന്‍ക്വയറി (സി.ഒ.ഐ) ആണ് മനുഷ്യാവകാശ ധ്വംസനങ്ങളെക്കുറിച്ച് അന്വേഷണം നടത്തിയത്. എറിത്രിയയില്‍ റൂള്‍ ഓഫ് ലോ വാക്വം ആണ് നടന്നതെന്ന് റിപ്പോര്‍ട്ട് പറയുന്നു. എറിത്രിയന്‍ സര്‍ക്കാരിലെ വിവിധ വിഭാഗങ്ങളാണ് ക്രൂരത നടത്തിയത്. കുറ്റവാളികളായി പിടികൂടുന്നവരെ സുരക്ഷാ ഏജന്‍സികള്‍ ക്രൂരമായ പീഡനമുറകള്‍ക്ക് വിധേയമാക്കിയതായും ബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയെന്നും യു.എന്‍ അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. എറിത്രിയയുടെ തടവറകളിലാണ് ഗ്വാണ്ടാനാമോക്ക് സമാനമായ പീഡനമുറകള്‍ നടന്നത്. സര്‍ക്കാര്‍ സൈനിക പരിശീലന ക്യാംപിലും രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിലും കഴിഞ്ഞ 25 വര്‍ഷമായി ഇത്തരം പീഡനം അരങ്ങേറുകയായിരുന്നുവെന്ന് കമ്മിഷന്റെ വാര്‍ത്താകുറിപ്പില്‍ പറഞ്ഞു.
നിര്‍ബന്ധിച്ച് തൊഴിലെടുപ്പിക്കുക, സൈനിക പീഡനം, തട്ടിക്കൊണ്ടുപോകല്‍ എന്നിവയും രാജ്യത്ത് നടന്നുവെന്ന് അന്വേഷണസംഘം കണ്ടെത്തി. മൂന്നുമുതല്‍ നാലുലക്ഷം പേര്‍ ഇവിടെനിന്ന് പലായനം ചെയ്തതായി മുഖ്യ യു.എന്‍ അന്വേഷകന്‍ മൈക് സ്മിത് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."