നിയമങ്ങള്‍ നോക്കുകുത്തി; ഒറ്റപ്പാലത്ത് പാടം നികത്തല്‍ തകൃതി
ഒറ്റപ്പാലം: നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണ നിയമങ്ങളെ കാറ്റില്‍ പറത്തികൊണ്ട് ഒറ്റപ്പാലത്ത് പാടം നികത്തല്‍ തകൃതി. താലൂക്ക് ആസ്ഥാനം സ്ഥിതിചെയ്യുന്ന നഗരഹൃദയത്തിലാണ് നിലംനികത്തല്‍ തുടരുന്നത്. കിഴക്കേ ഒറ്റപ്പാലം പാലത്തിനുസമീപമുള്ള പാടങ്ങള്‍ വ്യാപകമായ രീതിയില്‍ രാത്രികാലങ്ങളില്‍ മണ്ണിട്ട് നികത്തുവാനുള്ള തയ്യാറെടുപ്പിലാണ്.
ഏതാനും വര്‍ഷങ്ങളായി ഭൂമാഫിയയുടെ കയ്യില്‍വന്ന കര ഭൂമിയോട് ചേര്‍ന്ന് നെല്‍പ്പാടങ്ങളാണ് പരിവര്‍ത്തനായി മണ്ണിട്ടറ മൂടുന്നത്. മുന്‍പും ഇപ്പോഴും ധാരാളം നീരുറവയുള്ള നെല്‍പ്പാടങ്ങളാണ് നികത്താനൊരുങ്ങുന്നത്. ഭാരതപ്പുഴയിലേക്കു ഒഴുകുന്ന തോട് സമീപത്തുള്ളതിനാല്‍ തന്നെ രണ്ടു വിളകളും എടുക്കാന്‍ കഴിയുന്ന നിലമാണിവിടം.
വില്ലേജ് രേഖകളില്‍ നിലം എന്ന് വ്യക്തമായി രേഖപ്പെടുത്തിയ സ്ഥലങ്ങളാണ് നികത്തപ്പെടുന്നതില്‍ കൂടുതലും. 2008ന് മുന്‍പ് നികത്തിയ വയലുകള്‍ പറമ്പായി പതിച്ചുകൊടുക്കുന്നതിന് വേണ്ടി 2015 കേരള ധനകാര്യ ബില്‍വഴി സര്‍ക്കാര്‍ പുതിയ ചട്ടം കൊണ്ടുവന്നിരുന്നു. ഈ ഭേദഗതി പ്രകാരം കരഭൂമിയുടെ 25 ശതമാനം ന്യായവില അടച്ചാല്‍ 2008ന് മുന്‍പ് നികത്തിയ വയല്‍ പറമ്പായി പതിച്ചുകൊടുക്കുന്നതായി സര്‍ക്കാര്‍ പറഞ്ഞെങ്കിലും ഈ ഭേദഗതി നിയമം എവിടേയും നടപ്പായിട്ടില്ല. സംസ്ഥാനത്തെ ഭൂമി ഡേറ്റാ ബാങ്കിലെ അപാകതകളുമായി ബന്ധപ്പെട്ടു പരാതി നല്‍കാന്‍ ഭൂവുടമകള്‍ക്ക് അധികാരം നല്‍കി നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണനിയമം സര്‍ക്കാര്‍ ഭേദഗതി ചെയ്തിരുന്നു.
ഡേറ്റാ ബാങ്കില്‍ വിവരങ്ങള്‍ തെറ്റായി രേഖപ്പെടുത്തിയതുമൂലം ദുരിതത്തിലായവരുടെ പരാതികള്‍ പ്രാദേശിക നിരീക്ഷണ സമിതിയുടെ പരിശോധനയില്‍ ശരിയാണെന്നു ബോധ്യപ്പെട്ടാല്‍ ഡേറ്റാ ബാങ്കില്‍ തിരുത്തല്‍ വരുത്തണമെന്നും റവന്യുവകുപ്പിന്റെ വിജ്ഞാപനത്തില്‍ പറയുന്നുണ്ടെങ്കിലും ഇവിടെ ഒരു തീരുമാനങ്ങളും വരുന്നതിന്നു മുന്‍പ് നിലം മണ്ണിട്ട് നികത്താനുള്ള ഒരുക്കത്തിലാണ് ഭൂവുടമകള്‍.
ഒറ്റപ്പാലം നഗരസഭ അതിര്‍ത്തിയില്‍ തന്നെ ഏതാനും സ്വകാര്യ വ്യക്തികളുടെ പേരിലാക്കി ഏക്കറുകണക്കിന് ഭൂമിയാണ് വിവിധ സര്‍വേ നമ്പറുകളിലായി പരിവര്‍ത്തനം ചെയ്യുവാനുള്ള പദ്ധതിയാണ് ഭൂമാഫിയ തയാറാക്കിയിട്ടുള്ളത്. ഒറ്റപ്പാലം നഗരസഭ, വില്ലേജ് ഓഫിസ്, കൃഷിഭവന്‍ എന്നീ സര്‍ക്കാര്‍ ഓഫിസുകള്‍ യാതൊരുനടപടിയും എടുക്കാത്തത് നാട്ടുകാരുടെ പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്. തരിശുഭൂമികള്‍ കൃഷിയിടമാക്കുമെന്ന് നഗരസഭ പ്രഖ്യാപിച്ചെങ്കിലും ഏവരും പ്രതീക്ഷിച്ച തരിശുഭൂമികള്‍ മണ്ണിട്ടു നികത്തുന്നു രീതിയാണ് ഒറ്റപ്പാലത്ത് കാണുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."