ഇനിയില്ല, പശ്ചിമേഷ്യയിലെ സമാധാന ദൂതന്‍
സുല്‍ത്താന്‍ ഖാബൂസ് ബിന്‍ സഈദിന്റെ നിര്യാണത്തോടെ പശ്ചിമേഷ്യക്ക് നഷ്‌ടമായത് ഊർജ്ജ സ്വലതയോടെ പക്വമായ രീതിയിൽ പ്രശ്‌ന പരിഹാരത്തിന് ഓടി നടന്ന സമാധാന ദൂതനെയാണ്. മേഖലയിൽ സംഘർഷവും അഭിപ്രായ വ്യത്യാസവും ഉടലെടുത്തപ്പോഴെല്ലാം ഇടനിലക്കാരനായി നിലകൊണ്ട പ്രശ്‌ന പരിഹാരത്തിനായി പരിശ്രമിച്ച വ്യക്തിയായിരുന്നു സുൽത്താൻ.
സമാധാന സുൽത്താനെന്നു വിളിച്ചാലും അധികമാകില്ല. പശ്ചിമേഷ്യയിൽ ഏറ്റവും കൂടുതൽ പ്രശ്‌നങ്ങൾക്ക് ഇടയായ ഇറാൻ ഇടപെടലുകളും അക്കാര്യം ചൂണ്ടിക്കാട്ടി അമേരിക്ക രംഗത്തിറങ്ങുമ്പോഴും വിവിധ ഗൾഫ് രാജ്യങ്ങൾ തമ്മിൽ അഭിപ്രായ വ്യത്യാസം ഉടലെടുത്ത് കൊമ്പ് കോർക്കുമ്പോഴും ഇരു കൂട്ടരോടും മിതത്വം നില നിർത്തി രാജ്യത്തിന്റെ യശസ്സുയർത്തുന്ന രീതിയിലായിരുന്നു ഒമാന്റെ നിലപാടുകൾ.
ഗൾഫിലെ ഏറ്റവും വലിയ അറബ് രാജ്യമായ സഊദി അറേബ്യയും അയൽരാജ്യമായ യമനും തമ്മിൽ പ്രശ്‌നങ്ങൾ ഉടലെടുത്തപ്പോഴും ഖത്തറിനെതിരെ ഉപരോധം കൈക്കൊണ്ടപ്പോഴും ഇറാൻ അമേരിക്ക പ്രശ്‌നങ്ങൾ ഉടലെടുക്കുമ്പോഴും സമാധാന ദൂതുമായി കടന്നെത്തുന്നതും ചർച്ചകൾക്ക് വേദിയൊരുക്കിയിരുന്നതും സുല്‍ത്താന്‍ ഖാബൂസ് എന്ന നിലപാടുള്ള ഭരണാധികാരിയായിരുന്നു.
നീണ്ട വർഷങ്ങൾ നില നിന്ന ഇറാൻ-അമേരിക്ക സംഘർഷങ്ങൾക്കൊടുവിൽ ഇരു രാജ്യങ്ങൾക്കുമിടയിൽ ആണവ കരാർ യാഥാർഥ്യമായപ്പോൾ അതിന്റെ പിന്നിലെ പ്രധാന കരങ്ങളിൽ ഒന്നായിരുന്നു സുൽത്താൻ ഖാബൂസിന്റേത്. യെമനില്‍ ഭീകരര്‍ തട്ടിക്കൊണ്ടുപോയ മലയാളി വൈദികന്‍ ഫാ.ടോം ഉഴുന്നാലിനെ മോചിപ്പിച്ചതിന് പിന്നിലും സുൽത്താൻ ഖാബൂസിന്റെ ശക്തമായ ഇടപെടലുകളാണ്. നിരന്തര ചർച്ചകൾക്കൊടുവിൽ യെമനില്‍ നിന്ന് അദ്ദേഹത്തെ മസ്‌കറ്റിലെത്തിക്കുകയും അവിടെ നിന്ന് വത്തിക്കാനിലേക്ക് കൊണ്ടുപോകുകയുമായിരുന്നു.
ഒമാന്‍ ഭരണാധികാരി സുല്‍ത്താന്‍ ഖാബൂസ് ബിന്‍ സഈദിന്റെ നിര്‍ദേശത്തെ തുടര്‍ന്ന് ഒമാന്‍ വിദേശകാര്യ മന്ത്രാലയം ഇടപെട്ടതാണ് ജീവനോടെ ഫാദർ ടോം ഉഴുന്നാലിനെ മോചിപ്പിക്കാൻ സാധിച്ചത്. യമനുമായി നല്ല ബന്ധം കാത്തുസൂക്ഷിക്കുന്ന ഒമാന്‍, ആഭ്യന്തര യുദ്ധത്തില്‍ പരിക്കേറ്റവരെ ഒമാനില്‍ കൊണ്ടുവന്ന് സൗജന്യ ചികിത്സ നല്‍കിയിരുന്നു. ഫാദറിനെ തീവ്രവാദികളുടെ കേന്ദ്രത്തില്‍ കണ്ടെത്തിയാല്‍ ഉടന്‍ സുരക്ഷിതമായി മസ്കത്തിലെത്തിക്കാന്‍ സുല്‍ത്താന്‍ ഖാബൂസ് നിര്‍ദേശിക്കുകയായിരുന്നു.
ഇറാനില്‍ തടവിലാക്കപ്പെട്ട അമേരിക്കക്കാര്‍ക്കും അമേരിക്കയില്‍ കുടുങ്ങുന്ന പശ്ചിമേഷ്യന്‍ പൗരന്‍മാര്‍ക്കും മോചനത്തിന്റെ പാതയൊരുക്കാന്‍ സുല്‍ത്താന്‍ ഖാബൂസ് വേണമായിരുന്നു. ഇത് മാത്രമല്ല ഒമാന്റെ ഇടപെടലിലൂടെ മോചിപ്പിച്ചത് .ആസ്‌ത്രേലിയ, യുഎസ് പൗരമാർക്കും സുരക്ഷിതമായി നാടണയാനുള്ള വഴിയൊരുക്കിയതും യമനിൽ കുടുങ്ങി കിടന്ന മലയാളികൾ ഉൾപ്പെടെ മസ്‌ക്കത്ത് വഴി നാട്ടിലെത്തിക്കുന്നതിൽ ഒമാൻ നാലൊരു പങ്കു വഹിക്കുകയും ചെയ്തിട്ടുണ്ട്.
ഹൂതികള്‍ക്കെതിരെ അറബ് സഖ്യസേന യമനില്‍ സൈനിക നടപടി ആരംഭിച്ചപ്പോള്‍ ആക്രമണത്തില്‍ പങ്കാളിയാവില്ലെന്ന് ഉറച്ച പ്രഖ്യാനം നടത്തി അവിടെയും സമാധാനത്തിന്റെ സന്ദേശം നല്‍കാന്‍ സുല്‍ത്താനായി. മലയാളികളടക്കം നിരവധി ഇന്ത്യക്കാർക്ക് അന്നം നൽകുന്ന നാടിന്റെ ഭരണാധികാരിയുടെ വിയോഗത്തിൽ മലയാളികൾ ഉൾപ്പെടെയുള്ളവർ തേങ്ങുകയാണ്. ആറു വർഷങ്ങൾക്ക് മുൻപ് സുല്‍ത്താന്‍ ഖാബൂസ് ബിന്‍ സഈദിന്റെ ഔദ്യോഗിക വെബ്സൈറ്റ് മലയാളത്തിൽ വന്നത് വാർത്തയായിരുന്നു. ഒമാന്‍ സുല്‍ത്താന്‍ ഭരണത്തിലെത്തിയതിന്റെ നാല്‍പ്പത്തി മൂന്നാം വാര്‍ഷികം ആഘോഷിക്കവെയാണ് വിവിധ ഭാഷകൾക്കൊപ്പം മലയാളവും ഉൾപ്പെടുത്തിയത്.
2011 ൽ ടുണീഷ്യയിൽ മൊട്ടിട്ട മുല്ലപൂക്കൾ അറബ് ലോകത്ത് വിടരുകയും പരിമളം പരത്തി പിന്നിട് ചീഞ്ഞ് നാറിയപ്പോഴും ഒമാൻ സുരക്ഷതമായിരുന്നു. കാരണം രാജ്യത്തിനു വേണ്ടികൂടും കുടുംബവും ഉപേക്ഷിച്ച അവരുടെ ബാബയെന്നറിയപെടുന്ന ഭരണാധികാരിയുടെ കരങ്ങളിൽ സുരക്ഷിതമാണെന്നവർക്ക് അറിയാമായിരുന്നുവെന്നതാണ് സത്യം.
ഇന്ത്യയിലെ പൂനെയില്‍ വിദ്യാര്‍ഥിയായിരുന്ന ഖാബൂസ് മുന്‍ ഇന്ത്യന്‍ രാഷ്ട്രപതി ശങ്കര്‍ ദയാല്‍ ശര്‍മയുടെ ശിഷ്യനായിരുന്നു എന്നൊരു ചരിത്രമുണ്ട്. അതുകൊണ്ട് തന്നെ ഇന്ത്യയെയും ഇന്ത്യാക്കാരെയും സ്വന്തം ജനതയെപോലെ എന്നും ചേര്‍ത്തു നിര്‍ത്തിയിരുന്നു സുല്‍ത്താന്‍ ഖാബൂസ്. സുല്‍ത്താന്‍ ഖാബൂസിന്റെ എളിമയാര്‍ന്ന സ്വഭാവത്തിന് നിരവധി പുരസ്‌കാരങ്ങള്‍ അദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്. ഇംഗ്ലണ്ട് ആറ് പുരസ്‌കാരങ്ങള്‍ നല്‍കിയാണ് അദ്ദേഹത്തെ ആദരിച്ചത്. സഊദിഅറേബ്യയും ഒമാന്‍ സുല്‍ത്താന് സ്‌നേഹാദരം സമര്‍പ്പിച്ചു.
2004ല്‍ ഇന്ത്യ അദ്ദേഹത്തിന് ജവഹര്‍ലാല്‍ നെഹ്‌റു പുരസ്‌കാരം നല്‍കി ആദരിക്കുകയുണ്ടായി. ഓസ്‌ട്രേലിയ, ബഹ്‌റൈന്‍, ബ്രൂണ, ഈജിപ്ത്, ഫ്രാന്‍സ്, ജര്‍മ്മനി, ഇന്തോനേഷ്യ, ഇറാന്‍, ഇറ്റലി, ജപ്പാന്‍, ജോര്‍ദാന്‍, കുവൈത്ത്, ലബ്‌നാന്‍, മലേഷ്യ, നെതര്‍ലാന്റ്, പാക്കിസ്താന്‍, ഖത്തര്‍, സിംഗപൂര്‍, ആഫ്രിക്ക, ഷിറിയ, ടുനേഷ്യ, യു.എ.ഇ തുടങ്ങിയ രാജ്യങ്ങളും സുല്‍ത്താന്‍ ഖാബൂസിന്റെ ഹൃദ്യമായ സ്വഭാവത്തിനും ഭരണമികവിനും ആദരവ് ചൂടിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."