കാഴ്ചപരിമിതര്‍ക്കായുള്ള സര്‍ക്കാര്‍ സ്‌കൂളിനെ ഹൈടെക്കാക്കും: മന്ത്രി
തിരുവനന്തപുരം: കാഴ്ചപരിമിതര്‍ക്കായി വഴുതക്കാട് പ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍ സ്‌കൂളിനെ ഹൈടെക് ആക്കുമെന്നു സഹകരണം ടൂറിസം ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. ഇതു സംബന്ധിച്ചു വിദ്യാഭ്യാസ വകുപ്പുമായി ചര്‍ച്ച നടത്തുമെന്നും മന്ത്രി പറഞ്ഞു.
കാഴ്ചപരിമിതര്‍ക്കായുള്ള സര്‍ക്കാര്‍ സ്‌കൂളിന്റെയും കേരള ഫെഡറേഷന്‍ ഓഫ് ദ ബ്ലൈന്‍ഡിന്റെയും ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച അന്താരാഷ്ട്ര ബ്രെയില്‍ ദിനാഘോഷം ഉദ്ഘാടനം ചെയ്യുകയായിരന്നു അദ്ദേഹം. സമൂഹത്തില്‍ പ്രത്യേക പരിഗണന വേണ്ടവര്‍ക്കായി എല്ലാ മേഖലകളിലും നൂതന പദ്ധതികള്‍ നടപ്പാക്കുകയാണ് സര്‍ക്കാരിന്റെ നയമെന്ന് മന്ത്രി പറഞ്ഞു.വഴുതക്കാട് പ്രവര്‍ത്തിക്കുന്ന കാഴ്ചപരിമിതരുടെ സ്‌കൂളില്‍ നിലവില്‍ രണ്ടു സ്മാര്‍ട്ട് ക്ലാസ് മുറികളുണ്ട്. ഇതു വര്‍ധിപ്പിക്കും. ഇവിടുത്തെ വിദ്യാര്‍ഥികള്‍ക്കായി കെ.ടി.ഡി.സിയുടെ നേതൃത്വത്തില്‍ വിനോദയാത്ര ഒരുക്കും. ഇത് എല്ലാ വര്‍ഷവും നടത്തുന്ന കാര്യം പരിഗണിക്കുമെന്നും മന്ത്രി പറഞ്ഞു.
സ്‌കൂള്‍ തയാറാക്കിയ ബ്രയില്‍ ലിപിയിലുള്ള പുതുവത്സര ആശംസാ കാര്‍ഡിന്റെയും കലണ്ടറിന്റെയും പ്രകാശനം മന്ത്രി നിര്‍വഹിച്ചു. സംസ്ഥാന പുരസ്‌കാരം നേടിയ കാഴ്ചപരിമിതരെ ചടങ്ങില്‍ ആദരിച്ചു. സ്‌കൂള്‍ അങ്കണത്തില്‍ നടന്ന ചടങ്ങില്‍ കെ.എഫ്.ബി. ജനറല്‍ സെക്രട്ടറി അഡ്വ. ശശിധരന്‍ പിള്ള അധ്യക്ഷനായി.
സെക്രട്ടറി സി. സജീവന്‍, ജില്ലാ പ്രസിഡന്റ് എസ്. ബൈജു, ഗാന്ധിനഗര്‍ റസിഡന്‍സ് അസോസിയേഷന്‍ സെക്രട്ടറി ഹരികുമാര്‍, സ്‌കൂള്‍ പ്രഥമാധ്യാപകന്‍ കെ.എം അബ്ദുള്‍ ഹക്കിം സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."