ഇശലിന്റെ ഇമ്പംനിറഞ്ഞ താളത്തില്‍ പി.ടിയുടെ പാട്ടോര്‍മ്മ
വടകര: മോയിന്‍കുട്ടി വൈദ്യര്‍ മാപ്പിള കലാ അക്കാദമി വൈദ്യര്‍ മഹോത്സവം വടകരയുടെ പാട്ടിന്റെ ഉത്സവമായി. കടത്തനാടിന്റെ കാവ്യ പാരമ്പര്യത്തിന് പുതിയ ഈണം നല്‍കിയ പ്രിയ പാട്ടുകാരനും കവിയുമായ പി.ടി അബ്ദുറഹിമാന്റെ പാട്ടോര്‍മയില്‍ കടലോരം സംഗീത സാന്ദ്രമായി.
മാപ്പിളപ്പാട്ടും ഗസലുകളും ലളിതഗാനങ്ങളുമെല്ലാം കടല്‍ത്തീരത്തെ സംഗീതസാന്ദ്രമാക്കി. പിടിയുടെ കണ്ണിമാവിന്‍ ചോട്ടിലെന്നെ നീ വിളിച്ചപ്പോള്‍, തേന്‍തുള്ളിയെന്ന വടകരക്കാരുടെ സിനിമക്ക് പി.ടി അബ്ദുറഹിമാന്റെ ഓത്തുപള്ളീലന്ന് നമ്മള്‍ പോയിരുന്ന കാലം തുടങ്ങിയ ഗാനങ്ങള്‍ ആസ്വാദകരെ മറ്റൊരു ലോകത്തേക്ക് കൊണ്ടുപോയി. തേന്‍തുള്ളി എന്ന ചിത്രത്തില്‍ മൂന്ന് പാട്ടുകള്‍ പി.ടി എഴുതിയിരുന്നു. ഇതില്‍ ഓത്തു പള്ളിയിലന്ന് നമ്മള്‍ എന്ന പാട്ട് തലമുറകളില്‍ നിന്ന് തലമുറകളിലേക്ക് പകരുന്ന സംഗീതാനുഭവമാണ്.
ആയിരത്തിലേറെ പാട്ടുകള്‍ രചിച്ച പി.ടി ആസ്വാദക മനസില്‍ ചിരപ്രതിഷ്ഠയാണെന്ന് ഓര്‍മപ്പെടുത്തലായിരുന്നു മഹോത്സവ പരിപാടി. മാപ്പിളപ്പാട്ടിന്റെ ഇശലുകള്‍ക്ക് ഗരിമ പകര്‍ന്നതോടൊപ്പം ലളിതഗാന ശാഖക്ക് വിലപ്പെട്ട സംഭാവന നല്‍കിയ പി.ടി ക്ക് നല്‍കിയ ആദരവായി സംഗീത വിരുന്ന്. മോയിന്‍കുട്ടി വൈദ്യര്‍ അക്കാദമി ചെയര്‍മാന്‍ ടി കെ ഹംസ ഉദ്ഘാടനം ചെയ്തു. രാജേന്ദ്രന്‍ എടത്തുംകര, കാനേഷ് പൂനൂര്‍, റസാഖ് എന്നിവര്‍ സംസാരിച്ചു. ഗായകരായ മൂസ എരഞ്ഞോളി, എം എ ഗഫൂര്‍, ശ്രീലത, ദില്‍ജിഷ, ഹാരിസ് അഴിക്കോട് എന്നിവര്‍ പാട്ടുകള്‍ ആലപിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."