ബന്ദിപ്പുര ഉദ്യാനത്തിലെ അഞ്ച് റേഞ്ചുകളില്‍ അഗ്നിബാധ
കല്‍പ്പറ്റ: കര്‍ണാടകയിലെ ബന്ദിപ്പുര ദേശീയോദ്യാനത്തില്‍ വീണ്ടും അഗ്നിബാധ. ചൊവ്വാഴ്ച പകല്‍ ഉദ്യാനത്തിലെ അഞ്ച് റേഞ്ചുകളിലാണ് തീ പടര്‍ന്നത്. തിങ്കളാഴ്ച രാവിലെ എട്ടരയോടെ തീയണച്ച കല്‍ക്കര വനത്തില്‍ വീണ്ടും തീപ്പിടിത്തം ഉണ്ടായി. ഗുണ്ടറ, എന്‍. ബേഗൂര്‍, മൊളിയൂര്‍, ഹെഡിയാള എന്നിവയാണ് ഇന്നലെ പകല്‍ അഗ്നിബാധയുണ്ടായ റേഞ്ചുകള്‍. വയനാട് വന്യജീവി സങ്കേതത്തോടു ചേര്‍ന്നുകിടക്കുന്ന ഗുണ്ടറ, എന്‍. ബേഗൂര്‍ റേഞ്ചുകളില്‍ നിയന്ത്രണവിധേയമായെന്ന് കരുതിയ തീയാണ് വീണ്ടും ആളിപ്പടര്‍ന്നത്. എന്‍. ബേഗൂരുമായി അതിരുപങ്കിടുന്നതാണ് മൊളിയൂര്‍വനം. ഇതോടുചേര്‍ന്നാണ് ഹെഡിയാള റേഞ്ചിന്റെ കിടപ്പ്. അഞ്ച് റേഞ്ചുകളിലുമായി ഇതിനകം 10,000 ഏക്കര്‍ വനം കത്തിയതായാണ് ഏകദേശ കണക്ക്. നീലഗിരി ജൈവമണ്ഡലത്തിന്റെ ഭാഗമാണ് 880 ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയുള്ള ബന്ദിപ്പുര വനം. ചാമരാജ്‌നഗര്‍ ജില്ലയിലുള്ള ഈ വനമേഖല 1974ലാണ് കടുവാസങ്കേതമായി പ്രഖ്യാപിച്ചത്. അഞ്ച് റേഞ്ചുകളിലുമായി വനം, അഗ്നി-രക്ഷാസേനാംഗങ്ങളും തദ്ദേശീയരുമടക്കം ആയിരത്തിലധിം ആളുകളാണ് തീയണയ്ക്കുന്നതിനായി കഠിനാധ്വാനം ചെയ്യുന്നത്. കുഴല്‍ക്കിണറുകളില്‍നിന്നടക്കം ശേഖരിക്കുന്ന ജലം വാഹനങ്ങളില്‍ എത്തിച്ചും 'കൗണ്ടര്‍ ഫയര്‍' ഇടുന്നതില്‍ വനസേനയെ സഹായിച്ചുമാണ് തദ്ദേശീയരുടെ രക്ഷാപ്രവര്‍ത്തനം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."