ഔമുറാദ് ഹോഫ്മാന്‍ ഇസ്‌ലാമിന്റെ പടിഞ്ഞാറന്‍ സ്ഥാനപതി
ഇരുപതാം നൂറ്റാണ്ടില്‍ ഇസ്‌ലാം ആശ്ലേഷിച്ച യൂറോപ്യന്‍ പ്രതിഭകളില്‍ പ്രമുഖനാണ് ഈ ജനുവരി പതിമൂന്നിന് അന്തരിച്ച മുറാദ് ഹോഫ്മാന്‍ (19312020). ജര്‍മന്‍ നയതന്ത്രജ്ഞനും ഗ്രന്ഥകാരനുമായിരുന്നു അദ്ദേഹം. ജനനം 1931 ല്‍ ജര്‍മനിയിലെ ആഷ്ചാഫ്ഫന്‍ബര്‍ഗില്‍. ഹാര്‍വാര്‍ഡ്, മ്യൂണിച്ച് സര്‍വകലാശാലകളില്‍ പഠിച്ചു.
മ്യൂണിച്ച് സര്‍വകലാശാലയില്‍നിന്ന് നിയമത്തില്‍ ഡോക്ടറേറ്റ് നേടി. സാമൂഹികശാസ്ത്രം, നിയമം, അന്താരാഷ്ട്ര ബന്ധങ്ങള്‍, കല, മതതാരതമ്യം, രാഷ്ട്രതന്ത്രം എന്നീ വിഷയങ്ങളില്‍ വിദഗ്ധനായിരുന്നു. 1961 മുതല്‍ 1994 വരെ ജര്‍മന്‍ വിദേശ സര്‍വീസില്‍ ഉയര്‍ന്ന ഉദ്യോഗം വഹിച്ചു. അള്‍ജീരിയയിലായിരുന്നു ആദ്യ സേവനം. 1990 മുതല്‍ 1994 വരെ മൊറോക്കോയില്‍ ജര്‍മനിയുടെ അംബാസഡര്‍.
ഇസ്‌ലാമിലേക്കുള്ള യാത്ര
കത്തോലിക്കാ കുടുംബത്തില്‍ ജനിച്ച വില്‍ഫ്രഡ് ഹോഫ്മാന്‍ ഇസ്‌ലാം സ്വീകരിക്കുന്നത് 1980 ലാണ്. 1960കളില്‍ അള്‍ജീരിയയില്‍ നയതന്ത്ര പ്രതിനിധി ആയിരിക്കെയാണ് വില്‍ഫ്രഡ് ഹോഫ്മാന്‍ ഇസ്‌ലാമില്‍ ആകൃഷ്ടനാവുന്നത്. ഫ്രാന്‍സിന്റെ കോളനിയായിരുന്ന അള്‍ജീരിയയില്‍ ശക്തമായ സ്വാതന്ത്ര്യ പ്രക്ഷോഭം നടക്കുകയായിരുന്നു. ഫ്രഞ്ച് അധിനിവേശ സേനയും അള്‍ജീരിയന്‍ നാഷണല്‍ പ്രവര്‍ത്തകരും തമ്മിലുള്ള രൂക്ഷമായ പോരാട്ടത്തിന് ഹോഫ്മാന്‍ സാക്ഷിയായി. ദിവസേന ആളുകള്‍ മരിച്ചുകൊണ്ടിരുന്നു. മുസ്‌ലിം ആണ് എന്നതും സ്വാതന്ത്ര്യത്തിനുവേണ്ടി നിലകൊള്ളുന്നു എന്നതും മാത്രമായിരുന്നു ജനങ്ങള്‍ കൊല്ലപ്പെടാനുള്ള കാരണം. മുസ്‌ലിം യുവാക്കളെ പിടികൂടി വധശിക്ഷയ്ക്ക് വിധിച്ചിട്ടെന്ന പോലെ വെടിവച്ചു കൊല്ലുകയായിരുന്നു ഫ്രഞ്ച് സേന.
എന്നിട്ടും മരണ ഭയമില്ലാതെ മുസ്‌ലിംകള്‍ സമരം തുടര്‍ന്നു. മനോവീര്യം നഷ്ടപ്പെടാതെ സാധാരണ പോലെ അവര്‍ തങ്ങളുടെ ദൈനംദിന ജീവിതം തുടര്‍ന്നു. പ്രാര്‍ഥിക്കുകയും നോമ്പനുഷ്ഠിക്കുകയും ചെയ്തു. പരസ്പരം ആശ്വസിപ്പിച്ചു. സഹായിച്ചു. രോഗികളെ ശുശ്രൂഷിച്ചു. തൊഴിലെടുത്തു. കച്ചവടം ചെയ്തു. സമര മുഖത്തു നിന്ന് പിന്മാറിയതുമില്ല. പോരാട്ടം അവരുടെ ജീവിതത്തിന്റെ താളംതെറ്റിച്ചതേയില്ല. പ്രക്ഷുബ്ധമായ അന്തരീക്ഷത്തിലും മുസ്‌ലിംകളെ ശാന്തമായ ജീവിതം നയിക്കാന്‍ പ്രേരിപ്പിക്കുന്ന ശക്തി വിശേഷം എന്താണ് എന്ന് തികച്ചും വ്യത്യസ്തമായ സാഹചര്യത്തില്‍ നിന്നു വന്ന വില്‍ഫ്രഡ് ഹോഫ്മാന്‍ അല്‍ഭുതപ്പെട്ടു.
ഈ അല്‍ഭുതമാണ് ഇസ്‌ലാമിനെ കുറിച്ച് കൂടുതല്‍ പഠിക്കണം എന്ന ചിന്ത ഹോഫ്മാനില്‍ ഉണ്ടാക്കിയത്. അദ്ദേഹത്തിന്റെ തന്നെ വാക്കുകളില്‍: 'കടുത്ത ദുരിതങ്ങള്‍ക്ക് മുന്‍പിലും അള്‍ജീരിയന്‍ ജനതയുടെ സഹനത്തിനും ആത്മസംയമനത്തിനും റമദാനിലെ അവരുടെ അച്ചടക്കത്തിനും വിജയപ്രതീക്ഷയ്ക്കും അതേപോലെ കഷ്ടപ്പാടുകള്‍ക്കിടയിലും അവര്‍ കാണിച്ച മനുഷ്യത്വത്തിനും ഞാന്‍ സാക്ഷ്യംവഹിച്ചു'.
സ്വാധീന ശക്തി ഖുര്‍ആന്‍
മുസ്‌ലിംകള്‍ക്ക് കരുത്ത് നല്‍കുന്നത് അവരുടെ വേദഗ്രന്ഥമായ ഖുര്‍ആന്‍ ആണ് എന്ന് ഹോഫ്മാന്‍ ശരിയായി മനസിലാക്കി. അങ്ങനെ അദ്ദേഹം ഖുര്‍ആന്‍ പഠനം ആരംഭിച്ചു. അദ്ദേഹം പറയുന്നു: 'അതിനുശേഷം ഈ നിമിഷം വരെ ഞാന്‍ ഖുര്‍ആന്‍ വായന നിര്‍ത്തിയിട്ടില്ല'. വില്‍ഫ്രഡ് ഹോഫ്മാനെ ഇസ്‌ലാമിലേക്ക് നയിച്ച രണ്ടാമത്തെ ഘടകം ഇസ്‌ലാമിക കലയുടെ ആത്മീയത തുളുമ്പുന്ന വശ്യ സൗന്ദര്യമാണ്. നേരത്തെ തന്നെ കലാ തല്‍പരനായിരുന്നു ഹോഫ്മാന്‍. ഇസ്‌ലാമിക കല താന്‍ പരിചയിച്ചതില്‍ നിന്നു വ്യത്യസ്തമായ ഒരനുഭൂതിമണ്ഡലം അദ്ദേഹത്തിന്റെ മുന്‍പില്‍ തുറന്നിട്ടു. കലിഗ്രഫി, അറബസ്‌ക്, പരവതാനി, വാസ്തുവിദ്യ, നഗര നിര്‍മാണം തുടങ്ങി ഇസ്‌ലാമിക കലയുടെ സമൂര്‍ത്താവിഷ്‌കാരങ്ങളത്രയും അമൂര്‍ത്തമായ ദൈവിക സൗന്ദര്യത്തിന്റെ പ്രപഞ്ചങ്ങളാണെന്ന് അദ്ദേഹം മനസിലാക്കി. എല്ലാ അഭിജാത കീഴാള വേര്‍തിരിവുകളെയും അപ്രത്യക്ഷമാകുന്ന മുസ്‌ലിം പള്ളികളുടെ തുറസും വിശാലതയും പ്രകാശപൂര്‍ണതയും ഹോഫ്മാന്റെ ചിന്തയെ സ്വാധീനിച്ചു.
മുസ്‌ലിം ഹര്‍മ്യങ്ങളും ഉദ്യാനങ്ങളും വിദ്യാലയങ്ങളും നഗരങ്ങളും എല്ലാം അദ്ദേഹത്തിന്റെ ചിന്തക്ക് വിഷയമായി. സ്വര്‍ഗത്തെ ഓര്‍മപ്പെടുത്തുന്ന ഉദ്യാനങ്ങള്‍, കള്ളവും ചതിയും ഇല്ലാത്ത വിപണി, പാവങ്ങളോടുള്ള അനുകമ്പ, കുറ്റമറ്റ ജീവിതരീതി ഇവയെല്ലാം ഹോഫ്മാനെ ഇസ്‌ലാമിലേക്ക് അടുപ്പിക്കുകയായിരുന്നു. ഇസ്‌ലാം മതത്തെ തനിക്ക് പാരമ്പര്യമായി ലഭിച്ച ക്രിസ്തുമതവുമായി താരതമ്യം ചെയ്തപ്പോള്‍ ഇസ്‌ലാം അന്യൂനമാണെന്ന് അദ്ദേഹത്തിനു ബോധ്യമായി. ഏത് മനുഷ്യനും ദൈവത്തോട് പ്രാര്‍ഥിക്കാം എന്ന ഖുര്‍ആന്‍ വെളിപ്പെടുത്തല്‍ ഹോഫ്മാനെ ഹഠാദാകര്‍ഷിച്ചു.
ആശ്ലേഷണം
1980 കളില്‍ മകന്റെ പതിനെട്ടാം പിറന്നാളിന് ഹോഫ്മാന്‍ പന്ത്രണ്ട് പേജ് വരുന്ന ഒരു രേഖ തയ്യാറാക്കി. താന്‍ മനസിലാക്കിയ സത്യങ്ങള്‍ ആയിരുന്നു അതിലദ്ദേഹം കുറിച്ചത്. ഒരു മുസ്‌ലിം പണ്ഡിതനെ അദ്ദേഹം ഈ രേഖ കാണിച്ചു. ആ പണ്ഡിതന്‍ അദ്ദേഹത്തോട് പറഞ്ഞു: 'ഡോക്ടര്‍ ഹോഫ്മാന്‍, നിങ്ങള്‍ എഴുതിയതില്‍ നിങ്ങള്‍ വിശ്വസിക്കുന്നുവെങ്കില്‍ നിങ്ങള്‍ ഒരു മുസ്‌ലിമാണ്'. ഏതാനും ദിവസങ്ങള്‍ക്കുശേഷം 1980 സെപ്റ്റംബര്‍ 25 ന് സത്യസാക്ഷ്യവചനം ഏറ്റുപറഞ്ഞ് ഹോഫ്മാന്‍ ഇസ്‌ലാം ആശ്ലേഷിച്ചു. മുസ്‌ലിമായതിന് ശേഷം ഉദ്യോഗം തുടര്‍ന്ന അദ്ദേഹത്തിന് 1984 ല്‍ മികച്ച സേവനത്തിനുള്ള ജര്‍മന്‍ പ്രസിഡണ്ടിന്റെ ഓര്‍ഡര്‍ ഓഫ് മെറിറ്റ് ഫെഡറല്‍ റിപ്പബ്ലിക് ഓഫ് ജര്‍മനി ബഹുമതി ലഭിച്ചു.
1995ല്‍ ജോലി രാജിവച്ച് ഹോഫ്മാന്‍ മുഴുസമയ ഇസ്‌ലാമിക പ്രബോധകനായി മാറി. പാശ്ചാത്യര്‍ക്കിടയില്‍ ഇസ്‌ലാമിനെക്കുറിച്ചുണ്ടായിരുന്ന തെറ്റിദ്ധാരണകള്‍ നീക്കുന്നതിലായിരുന്നു ഉദ്യോഗം രാജിവച്ചതിനുശേഷമുള്ള ഹോഫ്മാന്റെ ശ്രദ്ധ. തന്റെ പേരിന്റെ മുന്‍പില്‍ മുറാദ് എന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പടിഞ്ഞാറിനും ഇസ്‌ലാമിനും ഇടയിലെ അംബാസഡറായി അദ്ദേഹം സ്വയം കരുതിയിരുന്നു. പടിഞ്ഞാറിന് ഇസ്‌ലാമിനെയും മുസ്‌ലിംകള്‍ക്ക് പടിഞ്ഞാറിനെയും പരിചയപ്പെടുത്തുക തന്റെ ചുമതലയാണെന്ന് അദ്ദേഹം കരുതി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."