കണ്ണൂര്‍ വിമാനത്താവളം: 16 തോടുകള്‍ക്കു 31.5 കോടി
കണ്ണൂര്‍: ഒടുവില്‍ കണ്ണൂര്‍ വിമാനത്താവളത്തോടനുബന്ധിച്ച് തോടുകള്‍ നിര്‍മിക്കാനും നിലവിലുള്ള നവീകരിക്കാനും സര്‍ക്കാര്‍ ഫണ്ട് അനുവദിച്ചു. ഇന്നലെ ചേര്‍ന്ന സംസ്ഥാന മന്ത്രിസഭാ യോഗത്തിന്റേതാണു തീരുമാനം. മൂര്‍ഖന്‍പറമ്പിലെ ഉയര്‍ന്ന പ്രദേശത്ത് നിര്‍മാണം പൂര്‍ത്തിയാവുന്ന വിമാനത്താവളത്തില്‍ നിന്നു മഴവെള്ളവും മറ്റും പുറത്തേക്കു കടത്തിവിടാന്‍ നിലവിലുള്ള രണ്ടു തോടുകള്‍ നവീകരിക്കുകയും 16 തോടുകള്‍ നിര്‍മിക്കുകയും വേണമെന്നു വിമാനത്താവള നിര്‍മാണ കമ്പനിയായ കിയാല്‍ അധികൃതര്‍ സര്‍ക്കാരിനു റിപ്പോര്‍ട്ട് നല്‍കിയെങ്കിലും പദ്ധതി കടലാസിലുറങ്ങുകയായിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി കഴിഞ്ഞ ഒക്ടോബര്‍ 21നു സുപ്രഭാതം വാര്‍ത്ത പ്രസിദ്ധീകരിച്ചിരുന്നു.
പുതുതായി 16 തോടുകള്‍ നിര്‍മിക്കാന്‍ 18.09 കോടി രൂപയുടെയും കാര തോട്, കോതേരി തോട് എന്നിവയുടെ നവീകരണത്തിനും സംരക്ഷണ ഭിത്തി നിര്‍മിക്കുന്നതിനുമായി 31.50 കോടി രൂപയുടെയും ഭരണാനുമതിക്കുമാണു മന്ത്രിസഭാ യോഗം അംഗീകാരം നല്‍കിയത്. അടുത്ത മഴക്കാലത്തിനു മുമ്പ് പ്രവൃത്തി പൂര്‍ത്തിയാക്കണമെന്ന വ്യവസ്ഥയില്‍ കോഴിക്കോട് ആസ്ഥാനമായുള്ള ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റിക്കു കരാര്‍ നല്‍കാനും സര്‍ക്കാര്‍ തീരുമാനിച്ചതോടെ വിമാനത്താവളത്തോടൊപ്പം തോടുകളുടെ നിര്‍മാണവും വേഗത്തില്‍ പൂര്‍ത്തിയാകും. വിമാനത്താവളത്തിനു പുറത്തുള്ള ഓവുചാലുകള്‍, ഫീഡര്‍ റോഡുകള്‍, ലൈറ്റിങിനുള്ള സ്ഥലമെടുപ്പ് എന്നിവയുമായി ബന്ധപ്പെട്ടുള്ള പ്രവൃത്തികള്‍ക്കും ഉള്‍പ്പെടെ വിമാനത്താവളവുമായി ബന്ധപ്പെട്ട് 50 കോടിയുടെ പ്രവൃത്തികള്‍ക്കാണു ഭരണാനുമതി ലഭിച്ചത്.
നേരത്തെ അഞ്ചു തോടുകളുടെ നവീകരണത്തിനു 5.89 കോടി രൂപയുടെ എസ്റ്റിമേറ്റ് തയാറാക്കി മൈനര്‍ ഇറിഗേഷന്‍ വകുപ്പ് സര്‍ക്കാരിനു സമര്‍പ്പിച്ചെങ്കിലും അനുമതി ലഭിച്ചിരുന്നില്ല. നിലവില്‍ തോടില്ലാത്തതു കാരണം പദ്ധതി പ്രദേശത്തു നിന്നു മഴക്കാലത്ത് ചെളിവെള്ളം ഇറങ്ങി സമീപത്തെ വീടുകള്‍ക്കും കാര്‍ഷിക വിളകള്‍ക്കും നാശമുണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."