കീഴടങ്ങാനെത്തിയത് പള്‍സര്‍ ബൈക്കില്‍, കോടതിയിലെത്തിയത് മതില്‍ചാടി
കൊച്ചി: പള്‍സര്‍ ബൈക്ക് മോഷ്ടിച്ച് പള്‍സര്‍ സുനിയായി മാറിയ പെരുമ്പാവൂര്‍ സ്വദേശി സുനില്‍കുമാര്‍ കോടതിയില്‍ കീഴടങ്ങാനെത്തിയതും പള്‍സര്‍ ബൈക്കില്‍. പ്രമുഖ നടിയെ ക്രൂരമായി ഉപദ്രവിച്ച ശേഷം ഒരാഴ്ച പൊലിസിനെ വട്ടംകറക്കിയാണ് കീഴടങ്ങാന്‍ കോടതിയില്‍ എത്തിയത്.
പ്രതിയുടെ അഭിഭാഷകനെ പിന്തുടര്‍ന്ന് നീക്കങ്ങള്‍ മനസിലാക്കിയ പൊലിസ് കീഴടങ്ങല്‍ പദ്ധതി പൊളിക്കുകയായിരുന്നു. ബുധനാഴ്ച തിരുവനന്തപുരത്തെ കോടതിയില്‍ കീഴടങ്ങാനായിരുന്നു അഭിഭാഷകന്‍ പ്രതിക്ക് നിര്‍ദേശം നല്‍കിയിരുന്നത്. എന്നാല്‍, വിവരം അറിഞ്ഞ് പൊലിസ് തിരുവനന്തപുരത്ത് എത്തിയതോടെ പ്രതി തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. തുടര്‍ന്ന് പൊലിസിനെ തെറ്റിദ്ധരിപ്പിക്കാന്‍ അഭിഭാഷകന്‍ എറണാകുളം ജില്ല വിട്ടുപോകുന്നുവെന്ന് പ്രചരണം നടത്തി.അതേസമയംതന്നെ മുഖ്യപ്രതിയായ പള്‍സര്‍ സുനിക്കും കൂട്ടാളി വിജീഷിനും കോടതിയില്‍ കീഴടങ്ങാന്‍ പദ്ധതിയും മെനഞ്ഞു.
പൊലിസിന്റെ കണ്ണില്‍പെടാതിരിക്കാന്‍ ബൈക്കില്‍ എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാകാന്‍ നിര്‍ദേശിക്കുകയായിരുന്നു. തമിഴ്‌നാട് രജിസ്‌ട്രേഷനിലുള്ള കറുപ്പ് നിറത്തിലുള്ള ടി.എന്‍.04 ആര്‍ 1496 പള്‍സര്‍ ബൈക്കിലാണ് സുനിയും വിജീഷും എത്തിയത്. കോടതി കവാടത്തില്‍ കാത്തുനിന്ന പൊലിസിന്റെ കണ്ണുവെട്ടിച്ച് കോടതിയില്‍ കയറുകയായിരുന്നു ലക്ഷ്യം.
ഹെല്‍മറ്റ് ധരിച്ച് നഗരത്തിലൂടെ യാത്രചെയ്ത ഇരുവരും കോടതിക്കു തൊട്ടടുത്തുള്ള എറണാകുളത്തപ്പന്‍ ക്ഷേത്രപരിസരത്ത് എത്തുകയായിരുന്നു.
ബൈക്ക് ഇവിടെ പാര്‍ക്കു ചെയ്ത് മതില്‍ചാടിയാണ് കോടതിയില്‍ പ്രവേശിച്ചത്. കോടതി മുറിയില്‍ പ്രവേശിച്ചയുടന്‍ അഭിഭാഷകര്‍ വാതില്‍ അടച്ചെങ്കിലും പാഞ്ഞെത്തിയ പൊലിസ് സംഘം ഇരുവരെയും പിടികൂടുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."