കരിനിയമം എന്‍.എസ്.എ നടപ്പാക്കുമ്പോള്‍
പൗരത്വ നിയമ ഭേദഗതിക്കെതിരേ പ്രതിഷേധം ശക്തമാക്കുന്നതിനെ നേരിടാന്‍ ഡല്‍ഹി പൊലിസിന് ദേശീയ സുരക്ഷാ നിയമം (എന്‍.എസ്.എ) പ്രയോഗിക്കാന്‍ ഡല്‍ഹി ലഫ്റ്റനന്റ് ഗവര്‍ണര്‍ അനില്‍ ബൈജാല്‍ അനുമതി നല്‍കിയിരിക്കുകയാണ്. തലസ്ഥാന നഗരമായ ന്യൂഡല്‍ഹിയിലെ പൊലിസ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നേരിട്ടുള്ള നിയന്ത്രണത്തിലാണ്. വരുന്ന മൂന്ന് മാസകാലത്തേക്കാണ് ഈ അനുമതി. നമ്മുടെ രാജ്യം കണ്ട ഭീകരവും, നിഷ്ഠൂരവുമായ കരിനിയമങ്ങളില്‍ ഒന്നാണ് ദേശീയ സുരക്ഷാ നിയമം. 1980 സെപ്റ്റംബര്‍ 23ന് ഇന്ദിരാഗാന്ധി സര്‍ക്കാരാണ് ഈ നിയമം കൊണ്ടുവന്നത്. ചില കേസുകളിലെ പ്രതികളെ മുന്‍കരുതല്‍ കസ്റ്റഡിയിലെടുക്കാന്‍ ഇതുവഴി സാധിക്കുമെന്നും രാജ്യത്തിന് ഈ നിയമം അനിവാര്യമാണെന്നുമാണ് അന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നത്. ഈ നിയമത്തില്‍ തന്നെ മോദി സര്‍ക്കാര്‍ ആവശ്യമായ ഭേദഗതി വരുത്തി കൂടുതല്‍ കര്‍ക്കശവും ജനവിരുദ്ധവുമാക്കി മാറ്റിയിട്ടുമുണ്ട്.
ഒരു വ്യക്തിയെ അറസ്റ്റ് ചെയ്യുമ്പോള്‍ ഇന്ത്യന്‍ ശിക്ഷാ നിയമം അനുസരിച്ച് അയാള്‍ക്ക് അനുവദിക്കുന്ന അടിസ്ഥാന അവകാശങ്ങളും സ്വീകരിക്കേണ്ട നടപടി ക്രമങ്ങളും ഒന്നും പാലിക്കേണ്ടതില്ലെന്നതാണ് ദേശീയ സുരക്ഷാ നിയമപ്രകാരമുള്ള അറസ്റ്റിന്റെ പ്രത്യേകത. സി.ആര്‍.പി.സി 50-ാം വകുപ്പ് പ്രകാരം അറസ്റ്റ് ചെയ്യുന്ന വ്യക്തിയെ അതിനുള്ള കാരണം അറിയിക്കേണ്ടതാണ്. ജാമ്യത്തിനുള്ള അവകാശവും ഈ വ്യക്തിക്കുണ്ട്. അറസ്റ്റിലായയാളെ 24 മണിക്കൂറിനുള്ളില്‍ കോടതിയില്‍ ഹാജരാക്കണമെന്നും സി.ആര്‍.പി.സി 56,76 എന്നീ വകുപ്പുകളില്‍ പറയുന്നുമുണ്ട്. നിയമ സഹായം ലഭിക്കുന്നതിന് അഭിഭാഷകനെ അനുവദിക്കണമെന്നും ഭരണഘടനയുടെ 22-ാം അനുഛേദത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ ഈ ചട്ടങ്ങള്‍ ദേശീയ സുരക്ഷാ നിയമപ്രകാരം അറസ്റ്റിലാകുന്നയാള്‍ക്ക് ലഭ്യമല്ല. കൂടാതെ അറസ്റ്റിന്റെ കാരണം അറിയിക്കണമെന്നും നിര്‍ബന്ധമില്ല. പൊതുതാല്‍പര്യത്തിനു വിരുദ്ധമെന്ന് കാണിച്ച് അക്കാര്യം രഹസ്യമായി സൂക്ഷിക്കാന്‍ അധികൃതര്‍ക്ക് സാധിക്കുകയും ചെയ്യും. ഈ വകുപ്പ് പ്രകാരം എത്ര പേരെ തടവിലാക്കിയിട്ടുണ്ടെന്നതിനെ സംബന്ധിച്ച വ്യക്തമായ കണക്ക് നാഷനല്‍ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോയുടെ റിപ്പോര്‍ട്ടില്‍പോലുമില്ല.
സര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങളെ പ്രതിരോധിക്കുന്നവരെ അറസ്റ്റ് ചെയ്യാനും കല്‍ത്തുറങ്കിലടക്കാനും നമ്മുടെ രാജ്യത്ത് നേരത്തെ തന്നെ കരിനിയമങ്ങള്‍ പാസാക്കപ്പെട്ടിട്ടുണ്ട്. ബ്രിട്ടിഷ് ഭരണകാലത്തുള്ള ഇന്ത്യന്‍ പീനല്‍കോഡിലെ 124 എ (രാജ്യദ്രോഹ കുറ്റം) ഇതിനു ഉദാഹരണമാണ്. ജീവപര്യന്ത തടവ് വരെ ശിക്ഷിക്കാന്‍ ഈ നിയമത്തില്‍ വ്യവസ്ഥയുമുണ്ട്. സര്‍ക്കാരിനെതിരായി ശബ്ദിക്കുന്നവരെ തടവിലാക്കാന്‍ നമുടെ രാജ്യത്ത് ഇതുപോലുള്ള നിയമങ്ങള്‍ ഇപ്പോഴും നിലവിലുണ്ടായിരിക്കെയാണ് മോദി സര്‍ക്കാര്‍ കരിനിയമങ്ങള്‍ കര്‍ശനമാക്കുകയും പുതിയ കരിനിയമങ്ങല്‍ പടച്ചുണ്ടാക്കുകയും ചെയ്തുകൊണ്ടിരിക്കുന്നത്.
ജനവിരുദ്ധവും മതേതരത്വത്തിന്റെ കടയ്ക്കല്‍ കത്തിവയ്ക്കുന്നതുമായ പൗരത്വ നിയമ ഭേദഗതിക്കെതിരായി രാജ്യം ഒരുകാലത്തും കണ്ടിട്ടില്ലാത്ത വന്‍ പ്രക്ഷോഭങ്ങള്‍ അലയടിച്ച് ഉയരുകയാണ്. രാജ്യത്തെ എല്ലാ പ്രദേശങ്ങളിലും ഈ പ്രതിഷേധങ്ങള്‍ ശക്തിപ്പെട്ടിരിക്കുകയാണ്. വിദ്യാര്‍ഥികളും യുവാക്കളും സ്ത്രീകളും കുട്ടികളും തൊഴിലാളികളും അടക്കമുള്ള സമൂഹത്തിലെ എല്ലാ വിഭാഗം ജനതയും പ്രതിഷേധ രംഗത്തുണ്ട്. ജനങ്ങളെ വര്‍ഗീയമായി രണ്ട് തട്ടായി തിരിക്കുന്നതിനും അതില്‍ നിന്ന് രാഷ്ട്രീയ മുതലെടുപ്പും നടത്തുന്നതിനുമാണ് കേന്ദ്രത്തിലെ ഭരണകക്ഷിയും, മോദി - അമിത്ഷാ ദ്വയങ്ങള്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നത്.
പൗരത്വ നിയമ ഭേദഗതിക്കെതിരേ രാജ്യത്ത് എല്ലായിടത്തും അസാധാരണ രീതിയിലുള്ള വന്‍ പ്രതിഷേധങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നത്. ഈ സമരങ്ങളില്‍ ഏറ്റവും ശക്തമായത് തലസ്ഥാനമായ ന്യൂഡല്‍ഹിയിലാണ് നടക്കുന്നത്. ഷഹീന്‍ബാഗ്, ജുമാമസ്ജിദ്, ഇന്ത്യാ ഗേറ്റ്, ജഭ്രാബാദ്, ഓള്‍ഡ് ദില്ലി, സീമപുരി, ഡല്‍ഹിഗേറ്റ്, ഷാധാര, രജൗരി എന്നിങ്ങനെ ഡല്‍ഹിയിലെ തന്ത്രപ്രധാനമായ സ്ഥലങ്ങളിലെല്ലാം നിരന്തരമായ പ്രക്ഷോഭമാണ് നടക്കുന്നത്. സര്‍വ്വകലാശാലകളിലെ പതിനായിരക്കണക്കിന് വിദ്യാര്‍ഥികള്‍ തെരുവിലാണ്. ഈ പ്രതിഷേധങ്ങളെ നിലവിലുള്ള നിയമങ്ങള്‍ കൊണ്ട് നേരിടാന്‍ കഴിയുമെന്ന് മോദി സര്‍ക്കാര്‍ കരുതുന്നില്ല. അതുകൊണ്ടാണ് പുതിയ കരിനിയമങ്ങള്‍ പുറത്തെടുത്ത് പ്രക്ഷോഭകരെ നേരിടാന്‍ ഇക്കൂട്ടര്‍ ശ്രമിക്കുന്നത്.
ഭീകരവാദം, വിധ്വംസക പ്രവര്‍ത്തനം തുടങ്ങിയ ദേശ സുരക്ഷയെ ബാധിക്കുന്ന കാര്യങ്ങള്‍ നിയന്ത്രിക്കുന്നതിന്റെ പേരിലാണ് ദേശീയ സുരക്ഷാ നിയമത്തിന് (എന്‍.എസ്.എ) രൂപം നല്‍കിയത്. ദേശീയ സുരക്ഷാ നിയമപ്രാകരമുള്ള അറസ്റ്റുകള്‍ക്ക് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യണമെന്ന നിബന്ധനപോലും ഇല്ലാത്തത് പൊലിസിന് ഈ കരിനിയമം ആരുടെ പേരിലും ഉപയോഗിക്കാന്‍ പച്ചക്കൊടി കാട്ടുന്നതാണ്.
ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദിനെ 15 മാസമാണ് ദേശീയ സുരക്ഷാ നിയമം ചുമത്തി തടവിലാക്കിയത്. യു.പിയില്‍ ആദിത്യനാഥ് സര്‍ക്കാര്‍ അധികാരമേറ്റ് ഒരു വര്‍ഷത്തിനിടെ 160 പേരെയാണ് എന്‍.എസ്.എ ചുമത്തി വിചാരണയും എഫ്.ഐ.ആറും ഇല്ലാതെ ജയിലിലടച്ചത്. ബുലന്ദ്ഷഹറില്‍ പശുവിനെ കൊന്നുവെന്ന് ആരോപിച്ച് മൂന്ന് പേരെ ഈ നിയമപ്രകാരം 2018 ജനുവരി 19 ന് അറസ്റ്റ് ചെയ്തു. മണിപ്പൂരില്‍ മാധ്യമപ്രവര്‍ത്തകനായ കിഷോര്‍ ചന്ദ്രയെ 12 മാസമാണ് തടങ്കലില്‍ പാര്‍പ്പിച്ചത്. മുഖ്യമന്ത്രിക്കെതിരേ അപകീര്‍ത്തികരമായ പോസ്റ്ററിട്ടു എന്ന് ചൂണ്ടികാട്ടിയാണ് കിഷോര്‍ചന്ദ്രയെ അറസ്റ്റ് ചെയ്ത് തടങ്കലിലാക്കിയത്.
ആര്‍ട്ടിക്കിള്‍ 370 എടുത്തുകളയുകയും ജമ്മുകശ്മിരിനെ രണ്ടായി വിഭജിക്കുകയും ചെയ്ത ശേഷം ജനജീവിതം അവിടെ സാധാരണ സ്ഥിതിയിലായെന്ന് ഭരണകക്ഷി പ്രചാരണം നടത്തുന്നുണ്ടെങ്കിലും ശക്തമായ ജനരോഷം ആ പ്രദേശത്താകെ ഉയര്‍ന്നുകൊണ്ടിരിക്കുകയാണ്. ജമ്മുകാശ്മിരില്‍ മാത്രം കഴിഞ്ഞ 5 മാസത്തിനിടെ എന്‍.എസ്.എ അനുസരിച്ച് 5161 പേരെയാണ് അറസ്റ്റ് ചെയ്തത്. ഇതില്‍ തന്നെ 600ല്‍ പരം ജനനേതാക്കള്‍ അടക്കമുള്ളവര്‍ നാലുമാസത്തില്‍ കൂടുതല്‍ തടവില്‍ കഴിഞ്ഞു. മുന്‍മുഖ്യമന്ത്രിമാര്‍ അടക്കമുള്ള ജനകീയ നേതാക്കള്‍ ഇപ്പോഴും തടങ്കലിലുമാണ്.
വക്കീലും വാദവും അപ്പീലുമില്ലാത്തത് എന്നാണ് എന്‍.എസ്.എ നിയമത്തെ പറ്റി ഒറ്റവാചകത്തില്‍ വിശദീകരിക്കാവുന്നത്. ഏതൊരു വ്യക്തിയെയും കുറ്റപത്രം സമര്‍പ്പിക്കാതെ തന്നെ 12 മാസം വരെ ജയിലില്‍ പാര്‍പ്പിക്കാം. അറസ്റ്റ് ചെയ്ത് 10 ദിവസം വരെ കുറ്റം എന്താണെന്ന് പോലും വിശദീകരിക്കേണ്ടതില്ല. ഇന്ത്യന്‍ നീതിന്യായ സംവിധാനത്തിന്റെ പ്രാഥമിക തത്വത്തിന് തന്നെ വിരുദ്ധമായിട്ടുള്ള ഒരു വ്യവസ്ഥയാണ് ഇത് എന്നുള്ളതില്‍ തര്‍ക്കമില്ല. ബി.ജെ.പിയുടെ നേതൃത്വത്തിലുള്ള വിവിധ സംസ്ഥാനങ്ങളിലെ ജനവിരുദ്ധ സര്‍ക്കാരുകള്‍ക്ക് എന്‍.എസ്.എ വലിയ അനുഗ്രഹമായിരിക്കും എന്നുള്ള കാര്യത്തില്‍ തര്‍ക്കമില്ല.
മോദി -അമിത്ഷ ദ്വയങ്ങളുടെ ജനവിരുദ്ധ, ഫാസിസ്റ്റ് ഭരണത്തിനെതിരായി രാജ്യത്ത് വളര്‍ന്നുവരുന്ന ശക്തമായ രോഷത്തെ എന്‍.എസ്.എയോ, യു.എ.പി.എയോ അതുപോലുള്ള ഏതെങ്കിലും കരിനിയമങ്ങള്‍ കൊണ്ടോ നേരിടാന്‍ കഴിയുമെന്ന് ഈ ഭരണകൂടം കരുതുന്നെങ്കില്‍ അതിന് യാതൊരു അടിസ്ഥാനവുമില്ല. രാജ്യത്തെ മഹത്തായ മതേതരത്വത്തെയും ജനാധിപത്യത്തെയും സംരക്ഷിക്കാനാണ് ജനകോടികളുടെ കൂട്ടായ ഈ പ്രക്ഷോഭം. ഇതിനെ കാലഹരണപ്പെട്ട ചില കരിനിയമങ്ങള്‍ കൊണ്ട് തകര്‍ക്കാന്‍ ശ്രമിക്കുന്ന ഇക്കൂട്ടര്‍ക്ക് ചരിത്രത്തിന്റെ ചവറ്റുകുട്ടയിലായിരിക്കും ഭാവിയിലെ സ്ഥാനം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."