ജില്ലയിലെ പൊലിസിനെതിരേ സി.പി.എമ്മും സംഘ്പരിവാറും; മനംമടുത്ത് പൊലിസ്
കാഞ്ഞങ്ങാട്: അയ്യപ്പജ്യോതി കഴിഞ്ഞതിനുശേഷം കഴിഞ്ഞ ഒരാഴ്ചക്കാലമായി ബി.ജെ.പി, സി.പി.എം സംഘര്‍ഷങ്ങള്‍ക്കിടയില്‍ പൊലിസ് എടുക്കുന്ന തീരുമാനങ്ങളില്‍ അസംതൃപ്തരായി സി.പി.എം ജില്ലാ നേതൃത്വം. പൊലിസ് സംഘ്പരിവാറിനെ സഹായിക്കുന്ന സമീപനം സ്വീകരിക്കുന്നുവെന്ന രൂപത്തിലാണ് കഴിഞ്ഞ ദിവസം സി.പി.എം ജില്ലാ സെക്രട്ടറിയേറ്റിലടക്കം നടന്ന ചര്‍ച്ചകളില്‍ ഉയര്‍ന്നുവന്ന അഭിപ്രായം.
കാഞ്ഞങ്ങാടെ ശബരിമല കര്‍മ്മ സമിതിയുടെ ഹര്‍ത്താലിനിടയില്‍ കാഞ്ഞങ്ങാട് ഡി.വൈ.എസ്.പി പി.കെ സുധാകരനെതിരെ സി.പി.എം നേതൃത്വവും സി.പി.എം ഏരിയ കമ്മിറ്റി സെക്രട്ടറി അഡ്വ രാജ്‌മോഹനും പരസ്യമായി രംഗത്ത് വരികയും പരസ്പരം വാക്കുതര്‍ക്കം നടത്തുകയും ചെയ്തിരുന്നു. ഹര്‍ത്താല്‍ സമയത്ത് ഭരിക്കുന്ന പാര്‍ട്ടിയായ സി.പി.എമുകാര്‍ സംഘം ചേര്‍ന്ന് പ്രശ്‌നങ്ങളുണ്ടാക്കുന്നത് കുറയ്ക്കണമെന്ന് ഡി.വൈ.എസ്.പി കാഞ്ഞങ്ങാട് മേലാങ്കോട്ടുള്ള ഓഫിസില്‍ പോയി നേതാക്കളോട് പറഞ്ഞതാണ് പ്രശ്‌നത്തിന് കാരണമായത്.
കഴിഞ്ഞ മൂന്നിന് ബി.ജെ.പിയുടെ ഹര്‍ത്താല്‍ പ്രതിഷേധ പ്രകടനം ആക്രമത്തില്‍ കലാശിക്കുകയും അതുകഴിഞ്ഞ് വീട്ടിലേക്ക് പോകുകയായിരുന്ന കല്യോട്ടെ ബി.ജെ.പി പ്രവര്‍ത്തകനെ സി.പി.എമ്മുകാര്‍ മര്‍ദിക്കുകയും ചെയ്തിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് സി.പിഎമ്മുകാര്‍ അച്ചടക്കം പാലിക്കണമെന്ന് നേതാക്കളോട് പറഞ്ഞതാണ് പി.കെ സുധാകരനുമായി സി.പി.എം ഇടയാന്‍ കാരണമായത്.
കഴിഞ്ഞ ദിവസം ചൊവ്വാഴ്ച്ച സി.ഐ സുനില്‍കുമാറുമായും സി.പി.എം പ്രവര്‍ത്തകര്‍ കൊമ്പുകോര്‍ത്തിരുന്നു.
സി.ഐയുടെ ഹര്‍ത്താല്‍ പ്രതിഷേധത്തിനിടയിലുള്ള ഗ്രാനേഡെറിയലാണ് പ്രകടനം വഷളാക്കിയതെന്നും സി.ഐ സി.പി.എമ്മുകാരെ പോലെ പെരുമാറുന്നുവെന്നുമായിരുന്നു ബി.ജെ.പി നേതാക്കളുടെ ആരോപണം. ഒരു ആര്‍.എസ്.എസ്. നേതാവ് ഹര്‍ത്താല്‍ പ്രകടനത്തിനിടില്‍ സി.ഐയ്ക്കു നേരെ ആക്രോശിക്കുകയും ചെയ്തു. ഈകാരണങ്ങള്‍ കൊണ്ട് കുറച്ച് ദിവസങ്ങളിലായി ശക്തമായ സമ്മര്‍ദത്തിലാണ് ജില്ലയിലെ പൊലിസ് സംവിധാനം. ഒരു ഭാഗത്ത് സംഘ്പരിവാര്‍ സംഘടനകളും മറു ഭാഗത്ത് സി.പി.എമും രാഷ്ട്രീയകളത്തില്‍ തെരുവ് യുദ്ധം നടത്തുമ്പോള്‍ ഒരു പോലെ ആക്ഷന്‍ എടുക്കാന്‍ പൊലിസിന് കഴിയാത്ത അവസ്ഥയുണ്ട്. സംഘ്പരിവാറിനെ പരമാവധി പ്രകോപിപ്പിക്കുന്ന രൂപത്തില്‍ സി.പി.എം കളത്തിലിറങ്ങുമ്പോള്‍ വലിയ സമ്മര്‍ദമാണ് പൊലിസിനുള്ളത്. മറുഭാഗത്താവട്ടെ ഭരണത്തിലിരുന്നിട്ടും പൊലിസില്‍ നിന്ന് നീതി ലഭിക്കുന്നില്ലായെന്ന മനോഭാവമാണ് സി.പി.എം നേതൃത്വത്തിനുള്ളത്. എന്നാല്‍, പൊലിസാവട്ടെ ദിവസങ്ങളോളമായി ജില്ലയില്‍ നടക്കുന്ന ആക്രമ സംഭവങ്ങളില്‍ മാനസികമായി തകര്‍ന്ന അവസ്ഥയാണുണ്ടായത്. കഴിഞ്ഞ 10 ദിവസമായി പൊലിസുകാര്‍ക്ക് ലീവ് പോലും ലഭിച്ചിട്ടില്ല. ഇതിനിടയിലാണ് ദ്വദിന പണിമുടക്കും വന്നത്. മനം മടുത്ത് ജോലി തന്നെ ഉപേക്ഷിച്ച് പോയാലോ എന്ന അവസ്ഥയിലാണ് ജില്ലയിലെ മിക്ക പൊലിസുകാരും ഓഫിസര്‍മാരും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."