സിറിയയില്‍ കാര്‍ബോംബ് ആക്രമണത്തില്‍ 53 മരണം
ദമസ്‌കസ്: അലെപ്പോയിലെ അല്‍ബാബ് നഗരത്തിനടുത്ത് നടന്ന കാര്‍ബോംബ് ആക്രമണത്തില്‍ 53 പേര്‍ കൊല്ലപ്പെട്ടു. തുര്‍ക്കി അതിര്‍ത്തിയിലുള്ള സൗസിയാന്‍ ഗ്രാമത്തിലാണ് ചാവേര്‍ ആക്രമണമുണ്ടായത്. സംഭവത്തില്‍ നൂറോളംപേര്‍ക്കു പരുക്കേറ്റിട്ടുണ്ട്.
വിമതവിഭാഗമായ ഫ്രീ സിറിയന്‍ ആര്‍മിയുടെ സൈനിക ചെക്ക്‌പോയിന്റാണ് ചാവേറുകള്‍ ലക്ഷ്യമിട്ടത്. ഇവിടെ വന്‍ ജനക്കൂട്ടം തടിച്ചുകൂടിയ സമയത്ത് ബോംബ് ഘടിപ്പിച്ച കാര്‍ കുതിച്ചെത്തി പൊട്ടിത്തെറിക്കുകയായിരുന്നു. അല്‍ബാബിലേക്കു തിരിച്ചുപോകാന്‍ അനുവാദം തേടി കുടുംബസമേതം സൈനികകേന്ദ്രത്തിലെത്തിയവരാണു പ്രധാനമായും അപകടത്തില്‍പ്പെട്ടത്. സംഭവത്തില്‍ ഐ.എസ് ഉത്തരവാദിത്തം ഏറ്റെടുത്തു.
ഐ.എസിനു നിയന്ത്രണമുണ്ടായിരുന്ന സിറിയയിലെ വടക്കുപടിഞ്ഞാറന്‍ നഗരമായ അല്‍ബാബ് നിന്നു വ്യാഴാഴ്ച തുര്‍ക്കി പിന്തുണയുള്ള വിമത സിറിയന്‍ സൈന്യം തിരിച്ചുപിടിച്ചിരുന്നു. ഇതിനിടെ നിരവധി സൈനികര്‍ കുഴിബോംബ് ആക്രമണത്തില്‍ കൊല്ലപ്പെടുകയും ചെയ്തിട്ടുണ്ട്.
റഷ്യ, ഇറാന്‍, ശീഈ സൈന്യങ്ങളുടെ പിന്തുണയുള്ള സിറിയന്‍ പ്രസിഡന്റ് ബശാറുല്‍ അസദിന്റെ ഔദ്യോഗിക സേനയും തുര്‍ക്കിയുടെയും അമേരിക്കയുടെയും ഗള്‍ഫ് രാജ്യങ്ങളുടെയും പിന്തുണയുള്ള വിമതസേനയും വേറിട്ടാണ് ഐ.എസിനെതിരേ സൈനിക നീക്കം നടത്തുന്നത്. ഇതിനുപുറമെ അമേരിക്കന്‍ പിന്തുണയോടെ കുര്‍ദിഷ് സൈന്യവും ഐ.എസിനെതിരേ പോരാടുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."