'സംഘമന്ദിര്‍' ആയുധപ്പുര
സാറ മുഹമ്മദ് എസ്
നെടുമങ്ങാട് : ആര്.എസ്.എസ് കാര്യാലയം സംഘമന്ദിര്‍ ആയുധപ്പുര. നെടുമങ്ങാട് സംഘ ജില്ലാ കാര്യാലയമായ സംഘമന്ദറില് ഇന്നലെ പൊലിസ് നടത്തിയ റെയ്ഡിലാണ് ഇത് വ്യക്തമായത്. ശബരിമല യുവതി പ്രവേശനവുമായി ബന്ധപെട്ടു കര്‍മസമിതി നടത്തിയ ഹര്‍ത്താലില്‍ പൊലിസ് സ്റ്റേഷന് നേരെ ബോംബേറ് അടക്കം രണ്ടു ദിവസം നീണ്ടു നിന്ന ആക്രമണ പാരമ്പരകളാണ് നെടുമങ്ങാട് അരങ്ങേറിയത്. ഇതില്‍ പൊലിസ് സ്റ്റേഷന് നേരെ ബോംബെറിഞ്ഞ കേസിലെ പ്രധാന പ്രതി ആര്.എസ്.എസ് നെടുമങ്ങാട് ജില്ലാ പ്രചാരക് ആലപ്പുഴ നൂറനാട് സ്വദേശി പ്രവീണ്‍ ഇവിടെ താമസിക്കാറുണ്ടെന്നും ഇവിടെ നിന്നാണ് പൊലിസ് സ്റ്റേഷന് ആക്രമണം അടക്കമുള്ള ആസൂത്രണം ചെയ്തതെന്നും മാരകായുധങ്ങളും ബോംബുകളും സൂക്ഷിച്ചിരുന്നുവെന്നും പൊലിസിന് കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ആണ് ഇന്നലെ പൊലിസ് കാര്യാലയം റെയ്ഡ് ചെയ്തത്.
എസ് മോഡല്‍ കത്തി, വാള്, ബോംബ് നിര്‍മാണ സാമഗ്രികള്‍, ഹൈഡ്രജന്‍ പെറോക്സൈഡ്, ആണി തറച്ച പട്ടിക കഷണങ്ങള്‍, ചാക്കുകളില്‍ നിറച്ച നിലയില്‍ കൂര്‍ത്ത കരിങ്കല്‍ ചീളുകള്‍, ദണ്ഡുകള്, ചില രാസ വസ്തുക്കള്‍ എന്നിവയാണ് റെയ്ഡില്‍ കണ്ടെത്തിയത്. പൂവത്തൂര്‍ സ്വദേശിയായ പ്രേമചന്ദ്രന്റെ ഉടമസ്ഥതയിലുള്ളതാണ് ഇരുനില കെട്ടിടം ആറുമാസം മുന്‍പാണ് ആര്.എസ്.എസ് നേതാക്കള്‍ വാടകക്കെടുത്തു സംഘമന്ദിര്‍ എന്ന പേരില്‍ കാര്യാലയമാക്കിയത്. നേരത്തെ കല്ലമ്പാറയിലാണ് ഈ കാര്യാലയം പ്രവര്‍ത്തിച്ചിരുന്നത്. ഇവിടെ നിര്‍മാണ പ്രവര്‍ത്തനം നടക്കുന്നതിനാലാണ് മേലാംകോട് വാടകക്കെട്ടിടത്തില്‍ മാറ്റിയത്. കല്ലമ്പാറയില്‍ പ്രവര്‍ത്തിച്ചിരുന്ന സമയത്തും ബോംബ് പൊട്ടുകയും കാര്യാലയത്തിന് സമീപത്തു നിന്നു ബോംബുകള്‍ കണ്ടെടുക്കുകയും ചെയ്തിട്ടുണ്ട്. ഹര്‍ത്താല്‍ ദിനത്തില്‍ പൊലിസ് സ്റ്റേഷന് നേരെ ബോംബെറിഞ്ഞ പ്രചാരക് പ്രവീണ്‍ ബോംബുമായി എത്തിയതും ശേഷം രക്ഷപ്പെട്ടതും കാര്യാലയത്തില്‍ എത്തിയിട്ടാണെന്ന് പൊലിസിന് വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ അന്ന് തന്നെ പൊലിസ് അന്വേഷണം ആരംഭിച്ചിരുന്നു. പക്ഷെ പ്രവീണിനെ പിടികൂടാന്‍ പൊലിസിനായിട്ടില്ല. ഇതിനിടയില്‍ ഇന്ന് നെടുമങ്ങാട് പൊലിസ് സ്റ്റേഷനിലേക്ക് ബി.ജെ.പി നടത്തുന്ന മാര്‍ച്ചില്‍ സംഘര്‍ഷമുണ്ടാകുമെന്ന് രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോര്‍ട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."