ലോക്‌സഭാ തെരഞ്ഞെടുപ്പ്; ചക്രക്കസേരയില്‍ സതി അംബാസഡറായെത്തും
ചെറുവത്തൂര്‍: ശാരീരിക അവശതകളെ വായനയെന്ന മരുന്നുകൊണ്ട് തോല്‍പ്പിച്ച കൊടക്കാട് പൊള്ളപ്പൊയിലിലെ എം.വി സതി തിരഞ്ഞെടുപ്പ് കമ്മിഷന്‍ അംബാസിഡര്‍. വോട്ടെടുപ്പില്‍ ഭിന്നശേഷിയുള്ളവരുടെ പങ്കാളിത്തം ഉറപ്പാക്കാനായി നടപ്പിലാക്കുന്ന പ്രചാരണ പരിപാടികളില്‍ ജില്ലയിലെ അംബാസിഡറായാണ് സതി തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്.
പ്രതിസന്ധികളില്‍ തളര്‍ന്നിരിക്കുന്നവര്‍ക്ക് മുന്നില്‍ ഇച്ഛാശക്തി കൊണ്ട് മുന്നേറിയ ജീവിതം കാട്ടിത്തന്ന യുവതിയാണ് സതി. ചെറിയ അവശതകള്‍ കാരണം ജനാധിപത്യ അവകാശമായ വോട്ട് രേഖപ്പെടുത്താതെ പോകുന്നവരെ പോളിങ് ബൂത്തിലേക്ക് എത്തിക്കുന്നതിനുള്ള ശ്രമമാണ് ഇത്തരം വ്യക്തികളെ ഉയര്‍ത്തിക്കാട്ടുന്നതിലൂടെ ലക്ഷ്യമിടുന്നത്. ഇരുന്നിടത്തുനിന്ന് ഒന്നെഴുന്നേല്‍ക്കാന്‍ പോലുമാകില്ലെങ്കിലും വായനയിലൂടെയാണ് സതി ശ്രദ്ധ നേടിയത്. 'സ്‌പൈനല്‍ മസ്‌കുലര്‍ അട്രോഫി ടൈപ്പ് 2' എന്ന രോഗമാണ് സതിയെ ജന്മനാല്‍ ബാധിച്ചത്. യാത്ര വിഷമമായതിനാല്‍ നാലാം ക്ലാസുവരെ മാത്രമേ സ്‌കൂളില്‍ പോയുള്ളൂ.
പക്ഷേ വീട്ടില്‍ തളര്‍ന്നിരിക്കാതെ സതി പുസ്തകങ്ങളെ കൂട്ടുകാരാക്കി. കുട്ടിക്കഥകളും, കവിതകളും, നോവലുകളുമെല്ലാം വായനയുടെ ലോകത്തേക്ക് കടന്നുവന്നു. മൂവായിരത്തോളം പുസ്തകങ്ങള്‍ ഇതിനോടകം വായിച്ചു തീര്‍ത്തു. മൂന്നാംതരത്തിലെ മലയാളം പാഠപുസ്തകത്തില്‍ 2013 വരെ സതിയുമായുള്ള അഭിമുഖം പഠിക്കാനുണ്ടായിരുന്നു.
വായനയുടെ ലോകത്ത് നിന്നും എഴുത്തിന്റെ വഴികളിലേക്കും സതി കടന്നു ചെന്നു.'ഗുളിക വരച്ച ചിത്രങ്ങള്‍' എന്ന പേരില്‍ 14 കഥകളുടെ സമാഹാരം പുറത്തിറക്കി. സതി കൊടക്കാട് എഴുതി അഭിനയിച്ച കുഞ്ഞോളങ്ങള്‍ എന്ന വീഡിയോ ആല്‍ബം അടുത്തിടെ പ്രകാശനം ചെയ്തു.
വായനയേയും പുസ്തകങ്ങളെയും ചങ്ങാതിമാരാക്കി കൊടുത്ത അച്ഛന്‍ സിവിക് കൊടക്കാട് നാലുവര്‍ഷം മുന്‍പ് മരിച്ചു.
അമ്മയും സഹോദരങ്ങളുമാണ് ഇപ്പോള്‍ കൂട്ടിന്. അംഗീകാരം ഏറെ സന്തോഷം പകരുന്നതായി സതി പറഞ്ഞു. ജില്ലാ കലക്ടര്‍ ഡോ.ഡി സജിത്ത് ബാബു ഇന്ന് വൈകീട്ട് അഞ്ചിന് സതിയുടെ വീട്ടിലെത്തി ഉത്തരവ് കൈമാറും .
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."