ഒന്നാമന്‍
സര്‍ക്കാര്‍ സ്‌കൂളുകളില്‍ പഠിച്ചാല്‍ അക്കാദമിക് രംഗങ്ങളില്‍ മികവു പുലര്‍ത്താനാകില്ലെന്ന ധാരണയ്ക്കു തിരുത്തായി മാറുകയാണ് കണ്ണൂര്‍ കൊയ്യോടെ മുഹമ്മദ് മുനവ്വിര്‍ എന്ന ചെറുപ്പക്കാരന്‍. സര്‍ക്കാര്‍ സ്‌കൂളുകളിലുള്ളത് അലക്ഷ്യമായ ക്ലാസ് റൂമും മികച്ച പഠനാന്തരീക്ഷത്തിന്റെ പോരായ്മയുമാണെന്നും ഇതു മക്കള്‍ക്ക് എന്‍ജിനീയറും ഡോക്ടറും ആകാന്‍ തടസമാണെന്നും വാദിക്കുന്ന രക്ഷിതാക്കള്‍ക്ക് മുനവ്വിര്‍ നൂറുമേനി തിളക്കുമുള്ള വിജയം കൊണ്ട് മറുപടി നല്‍കിയിരിക്കുകയാണ്.
മികച്ച നേട്ടം
മെഡിക്കല്‍ പ്രവേശനപരീക്ഷയില്‍ മുനവ്വിര്‍ നേടിയത് അസൂയാവഹമായ നേട്ടമാണ്. സംസ്ഥാനത്തു ഒന്നാം റാങ്ക് നേടിയെന്നതു മാത്രമല്ല, മുഴുവന്‍ മാര്‍ക്കും നേടിയാണ് മുനവ്വിര്‍ റാങ്കിന്റെ നെറുകയില്‍ തൊട്ടത്. സംസ്ഥാന മെഡിക്കല്‍ എന്‍ട്രന്‍സ് ചരിത്രത്തില്‍ ആദ്യമായാണ് 960ല്‍ 960 മാര്‍ക്കും ഒരാള്‍ നേടുന്നത്. എന്നാല്‍, വിജയരഹസ്യം ചോദിക്കുന്നവരോടു താന്‍ അത്ര വലിയ കാര്യമൊന്നും ചെയ്തിട്ടില്ലെന്ന മട്ടിലാണ് മുനവ്വിര്‍. അത് അത്രയ്ക്കു വലിയ കാര്യമാണോ എന്നാണ് മുനവ്വിര്‍ ചോദിക്കുന്നത്.
ഏറ്റവും മികച്ച സൗകര്യങ്ങളല്ല, പഠിക്കാനുള്ള മനസിന്റെ പാകപ്പെടലാണു പ്രധാനമെന്ന് മുനവ്വിറിന്റെ വിജയം നമുക്കു കാട്ടിത്തരും. ഒന്നാം ക്ലാസ് മുതല്‍ സര്‍ക്കാര്‍ സ്‌കൂളില്‍ മാത്രം പഠിച്ചുവന്ന മുനവ്വിറിനു മുന്നില്‍ ഇംഗ്ലീഷ് മീഡിയം സ്‌കൂളുകള്‍ ഒരുതരത്തിലും പ്രലോഭനമായിരുന്നില്ല.
മുന്നൊരുക്കം
മെഡിക്കല്‍ പ്രവേശനപരീക്ഷയില്‍ 960ല്‍ 960 മാര്‍ക്കും നേടിയാണ് മുനവ്വിര്‍ ഒന്നാം റാങ്ക് കരസ്ഥമാക്കിയത്. ഈ അപൂര്‍വ നേട്ടത്തിനു പിന്നില്‍ മാജിക്കുകളൊന്നുമില്ല. കഠിനപ്രയത്‌നം തന്നെയാണു വിജയത്തിന്റെ പടികളോരോന്നും കയറാന്‍ മുനവ്വിറിനെ സഹായിച്ചത്. ചെറുപ്പം മുതല്‍ ഉമ്മയില്‍ നിന്നു ലഭിച്ച ഉപദേശങ്ങളും നിര്‍ദേശങ്ങളും മുനവ്വിറിലെ വിദ്യാര്‍ഥിയെ ചിട്ടപ്പെടുത്തി.
പുസ്തകപ്പുഴുവാകാന്‍ ഇഷ്ടപ്പെടാത്ത മുനവ്വിര്‍ പാട്ട് കേള്‍ക്കുകയും മറ്റു വിനോദങ്ങളില്‍ ഏര്‍പ്പെടുകയും ചെയ്തു. എന്നാല്‍ ഏറ്റവും പ്രിയപ്പെട്ടത് ഏതെന്നു ചോദിച്ചാല്‍ പെട്ടെന്നുള്ള മറുപടി വായന എന്നു തന്നെയായിരിക്കും. സാധാരണഗതിയില്‍ നമുക്കു താല്‍പ്പര്യമുള്ളതൊക്കെ വായിക്കാം. പലരും ചെയ്യുന്നത് എന്‍ട്രന്‍സ് ലഭിക്കാന്‍ വേണ്ടിയുള്ള വായനമാത്രമാണ്. ഇതു വായനയുടെ ലോകം ചുരുക്കിക്കെട്ടുകയാണ് ഒരര്‍ഥത്തില്‍ ചെയ്യുക.
പഠനരീതികള്‍
പഠനത്തെ സ്വയം സൃഷ്ടിച്ചെടുത്ത ചില രീതികള്‍ കൊണ്ടു ലഘൂകരിക്കാനാണ് ആദ്യം ശ്രമിച്ചത്. ഇതിനായി പഠന വിഷയങ്ങള്‍ എളുപ്പം മനസിലാകുന്ന തരത്തില്‍ ചില കോഡുകള്‍ നല്‍കിയും വേര്‍തിരിച്ചു. ഗഹനമായ വിഷയങ്ങളെ കഥകളുടെ രൂപത്തില്‍ വായിച്ചെടുത്തു. വിവിധയിനം ടേബിളുകള്‍ക്കും ടെക്സ്റ്റുകള്‍ക്കും എളുപ്പത്തില്‍ മനസിലാക്കാന്‍ സാധിക്കുന്ന തരത്തില്‍ ചില അടയാളങ്ങളും നല്‍കി. എളുപ്പത്തില്‍ മനസിലാക്കാവുന്ന തരത്തില്‍ വായനാശീലത്തെയും മാറ്റിയെടുത്തു.
വലിച്ചു വാരി പഠിക്കുന്നതിനു പകരം കാര്യക്ഷമമായി പഠിക്കാന്‍ ശ്രമിച്ചു. കഴിയുന്നത്ര പഴയ ചോദ്യപ്പേപ്പറുകള്‍ ശേഖരിക്കുകയും പുതിയ ചോദ്യങ്ങള്‍ സ്വയം കണ്ടെത്തി ഉത്തരങ്ങള്‍ തേടുകയും ചെയ്തു. കൂട്ടുകാരുമായി ചര്‍ച്ച ചെയ്തുള്ള പഠനവും ഏറെ സഹായിച്ചു.
പഠനം സര്‍ക്കാര്‍ സ്‌കൂളില്‍
പൊതുവെ മക്കളെ സര്‍ക്കാര്‍ സ്‌കൂളുകളില്‍ ചേര്‍ക്കുന്നതിനു പകരം ഇംഗ്ലീഷ് മീഡിയം സ്‌കൂളിലേക്കയക്കുന്ന പ്രവണതയാണു നിലവിലുള്ളത്. അതിനു രക്ഷിതാക്കളെ പ്രേരിപ്പിക്കുന്നതാകട്ടെ, ഇംഗ്ലീഷ് മീഡിയം സ്‌കൂളുകളിലെ മികച്ച സൗകര്യങ്ങളും. ഇത്തരം സ്‌കൂളില്‍ നിന്നു ലഭിക്കുന്ന വിദ്യാഭ്യാസം ഭാവിയില്‍ മക്കളെ എന്‍ജിനീയര്‍മാരും ഡോക്ടര്‍മാരുമാക്കുന്നതിന് അടിത്തറയിടുമെന്ന പൊതുധാരണയെയാണു മുനവ്വിര്‍ തിരുത്തുന്നത്. നാലാം ക്ലാസ് വരെ നീര്‍ച്ചാല്‍ ഗവ. യു.പി സ്‌കൂളിലായിരുന്നു മുനവ്വിറിന്റെ പഠനം. അഞ്ചാം ക്ലാസില്‍ തലവില്‍ എല്‍.പി സ്‌കൂളിലും ആറ്, ഏഴ് ക്ലാസുകളില്‍ മുതുകുറ്റി യു.പി സ്‌കൂളിലും പഠനം നടത്തി. എട്ടു മുതല്‍ 12 വരെ ക്ലാസുകളില്‍ പെരളശ്ശേരി ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലും പഠിച്ചു.
പഠനകാലത്തിന്റെ ഒരു ഘട്ടത്തിലും ഇംഗ്ലീഷ് മീഡിയം സ്‌കൂളിലേക്കു മാറണമെന്ന് മുനവ്വിറിനോ മുനവ്വിറിന്റെ രക്ഷിതാക്കള്‍ക്കോ തോന്നിയില്ലെന്നതാണു ശ്രദ്ധിക്കേണ്ടത്. എന്നു മാത്രമല്ല, പഠനനേട്ടത്തിനു മലയാളം മീഡിയത്തില്‍ പഠിച്ചതും ഒരു കാരണമായിട്ടുണ്ടെന്നാണ് മുനവ്വിര്‍ കരുതുന്നത്. അതിന് മുനവ്വിറിനു ന്യായീകരണവുമുണ്ട്. പഠനം മാതൃഭാഷയിലാകുന്നതാണു നല്ലതെന്നും അപ്പോഴേ എല്ലാം നന്നായി മനസിലാകൂവെന്നുമാണ് മുനവ്വിറിന്റെ വിശ്വാസം. മാതൃഭാഷ ഒഴികെയുള്ള ഭാഷകള്‍ ഫോഴ്‌സ് ലാംഗ്വേജ് ആണ്. അതിന് അതിന്റേതായ കുഴപ്പങ്ങളും കാണും. ഇംഗ്ലീഷില്‍ മെച്ചപ്പെട്ട വിദ്യാഭ്യാസം ലഭിക്കാന്‍ ഇംഗ്ലീഷ് മീഡിയത്തില്‍ തന്നെ ചേര്‍ക്കണമെന്നില്ല. അതിനുമാത്രം പ്രത്യേകമായി ക്ലാസ് നല്‍കിയാലും മതിയെന്നാണ് മുനവ്വിറിന്റെ അഭിപ്രായം.
എങ്ങനെ പഠിക്കണം
എങ്ങനെ പഠിക്കണമെന്ന് ഉപദേശിക്കാന്‍ മാത്രം വളര്‍ന്ന ആളല്ല താനെന്നു പറയുമ്പോഴും ഇക്കാര്യത്തില്‍ മുനവ്വിറിനു ചില ധാരണകളുണ്ട്. പഠനത്തെ ഒരു ബാധ്യതയായി കാണരുതെന്നാണ് അതില്‍ പ്രധാനം. വിഷയങ്ങളെ ഇഷ്ടപ്പെട്ടു പഠിക്കുക. അപ്പോള്‍ പഠനം കുറേയേറെ ആയാസമാക്കാനാകും. അതിരാവിലെയുള്ള രണ്ടു മണിക്കൂറും രാത്രി ഭക്ഷണശേഷമുള്ള മൂന്നോ നാലോ മണിക്കൂറുമാണ് മുനവ്വിര്‍ പഠനത്തിനായി തിരഞ്ഞെടുത്തത്. ആ രീതി തന്നെ തുടരാനാണു തീരുമാനം.
വായനയ്ക്കിടയില്‍ പഠിക്കുന്നതു തലയില്‍ കേറാതെ വരുമ്പോള്‍ കഷ്ടപ്പെട്ടു മുന്നോട്ടു പോകുന്നതിനു പകരം വായന തല്‍ക്കാലം അവസാനിപ്പിക്കുന്നതാണ് ഉചിതം. അല്‍പം വിശ്രമിച്ച ശേഷം വീണ്ടും വായന തുടരുക. വായനയ്ക്കിടയില്‍ കുറിപ്പുകള്‍ തയാറാക്കുക ഏറ്റവും പ്രധാനപ്പെട്ട സംഗതിയാണ്. അവസാനഘട്ടത്തില്‍ പാഠം മുഴുവനും വായിക്കുന്നതിനു പകരം കുറിപ്പുകള്‍ നമ്മെ സഹായിക്കാനെത്തും.
അതേസമയം, എന്‍ട്രന്‍സ് മേഖലയിലേക്ക് എല്ലാ കുട്ടികളെയും നിര്‍ബന്ധപൂര്‍വം തള്ളിവിടരുതെന്ന അഭ്യര്‍ഥനയും മുനവ്വിര്‍ മുന്നോട്ടുവയ്ക്കുന്നുണ്ട്. കുട്ടികളുടെ താല്‍പ്പര്യത്തിനു മുന്‍ഗണന നല്‍കണം. തീരുമാനങ്ങള്‍ അടിച്ചേല്‍പ്പിക്കരുത്. കുട്ടികളെ അവര്‍ക്ക് ഇഷ്ടപ്പെട്ട മേഖലയില്‍ വിട്ടാല്‍ ആ മേഖലയില്‍ അവര്‍ ശോഭിച്ചെന്നു വരും.
ഏറെ സ്വാധീനിച്ചത് ഉമ്മ
പയ്യാമ്പലം ഗവ. ജി.വി.എച്ച്.എസ്.എസിലെ അധ്യാപികയായ ഉമ്മ നദീറയാണ് മുനവ്വിറിനെ സ്വാധീനിച്ച ആദ്യത്തെ വ്യക്തി. കുട്ടികള്‍ക്ക് അടിസ്ഥാന വിദ്യാഭ്യാസം ദൃഢവും ഗുണമേന്മയുമുള്ളതാകണം. അതാണു ഭാവിപഠനത്തിന്റെ അടിത്തറ. ഈ അടിത്തറ പാകുന്നതില്‍ അധ്യാപിക കൂടിയായ ഉമ്മ മുനവ്വിറിനെ കുറച്ചൊന്നുമല്ല സഹായിച്ചത്.
മുതുകുറ്റി സ്‌കൂളിലെ അഭിലാഷ് മാഷും കൊയ്യോട് ബദ്‌രിയ്യ മദ്‌റസയിലെ ഷാഫി ഉസ്താദുമെല്ലാം പഠനപ്രവര്‍ത്തനത്തില്‍ സ്വാധീനം ചെലുത്തിയിട്ടുണ്ട്.
മദ്‌റസാ പഠനവും സഹായത്തിനെത്തി
മെഡിക്കല്‍, എന്‍ജിനീയറിങ് എന്നിവയില്‍ ഏതു തിരഞ്ഞെടുക്കണമെന്ന കാര്യത്തില്‍ ആശങ്കയില്ലാതെ തീരുമാനത്തിലെത്താന്‍ സഹായിച്ചത് ഉമ്മയാണ്. നമ്മുടെ നാട്ടില്‍ ഒരു ഡോക്ടറുണ്ടാകട്ടെ, അതുകൊണ്ട് മെഡിക്കല്‍ തിരഞ്ഞെടുക്കൂവെന്ന ഉമ്മയുടെ വാക്കുകള്‍ മുനവ്വിര്‍ പ്രാവര്‍ത്തികമാക്കുകയായിരുന്നു.
ഉമ്മയുടെ തീരുമാനത്തിനൊപ്പം മദ്‌റസയില്‍ നിന്നുള്ള പഠനവും ഈ തീരുമാനമെടുക്കാനാണു പ്രേരിപ്പിച്ചത്. പാവപ്പെട്ടവരോടു കരുണകാണിക്കാനും നിസഹായരെ സഹായിക്കാനുമെല്ലാമുള്ള പ്രബോധനങ്ങള്‍ മദ്‌റസാ ക്ലാസുകളില്‍ നിന്നു ലഭിച്ചു. ഇതിന് ഏറ്റവും ഉചിതം ഡോക്ടറാകുകയാണെന്ന് മുനവ്വിര്‍ മനസില്‍ ഉറപ്പിച്ചു. സ്‌കൂള്‍ പഠനത്തിനു മദ്്‌റസാ പഠനം തടസമാകുമോ എന്നു കരുതി മദ്്‌റസാ പഠനം പാതിവഴിയില്‍ നിര്‍ത്തുന്നവരുടെ കൂടെയല്ല മുനവ്വിര്‍. 'സമസ്തയുടെ' കൊയ്യോട് ബദ്്‌രിയ്യ മദ്്‌റസയില്‍ 10ാം ക്ലാസും പൂര്‍ത്തിയാക്കി പഠനത്തില്‍ മിടുക്ക് കാണിച്ചു.
ഇപ്പോള്‍ ഭാവി ജീവിതത്തെ കുറിച്ച് ആശങ്കകളില്ല. ഡോക്ടറായിക്കഴിഞ്ഞാല്‍ സര്‍ക്കാര്‍ സര്‍വിസില്‍ പ്രവേശിക്കാനാണു താല്‍പ്പര്യം. സ്വകാര്യ ആശുപത്രികളില്‍ ജോലി ചെയ്താല്‍ പലരുടെയുടം കണ്ണീരു കാണേണ്ടി വരും. അവര്‍ക്കു വേണ്ടി ചിലപ്പോള്‍ കാര്യമായി ഒന്നും ചെയ്യാന്‍ കഴിഞ്ഞെന്നു വരില്ലെന്നും മുനവ്വിര്‍ പറയുന്നു.
പ്രധാന നേട്ടങ്ങള്‍
പതിനായിരത്തോളം മദ്്‌റസയിലെ വിദ്യാര്‍ഥികള്‍ക്കു വേണ്ടി സമസ്ത നടത്തിയ ജ്ഞാനതീരം സംസ്ഥാനതല പരീക്ഷയില്‍ പങ്കെടുത്തു വിജയിച്ചിരുന്നു. ഇതിനു പുറമെ സംസ്ഥാനതലത്തില്‍ കെ.പി.എസ്.ടി.യു നടത്തിയ മെഗാ ക്വിസ്, സോഷ്യല്‍ സയന്‍സ് ക്വിസ്, വാട്ടര്‍ അതോറിറ്റി നടത്തിയ ജലതരംഗ്, ഖാദി ഗ്രാമബോര്‍ഡ് നടത്തിയ സ്വാതന്ത്ര്യസമര ക്വിസ് എന്നിവയിലും പങ്കെടുത്തിട്ടുണ്ട്.
കുടുംബം
മക്രേരി വില്ലേജ് ഓഫിസിലെ സ്‌പെഷല്‍ വില്ലേജ് ഓഫിസര്‍ പി.പി മുഹമ്മദലി പിതാവും പയ്യാമ്പലം ഗവ. ജി.വി.എച്ച്.എസ്.എസിലെ അധ്യാപിക വി.വി നദീറ മാതാവുമാണ്. പത്താം ക്ലാസു കഴിഞ്ഞ ആയിഷ സഹോദരിയും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."