റമദാന്‍: ഇസ്‌ലാമിക പ്രഭാഷണ സി.ഡികളുടെ വില്‍പന സജീവം
കോഴിക്കോട്: റമദാനില്‍ ഇസ്‌ലാമിക പ്രഭാഷണ സി.ഡികളുടെ വില്‍പനയും സജീവമായി. മനോഹരമായ അവതരണ ശൈലിയിലൂടെ വിശ്വാസികളെ പിടിച്ചിരുത്തുന്ന പ്രഭാഷകരുടെ സി.ഡികള്‍ക്കാണ് ആവശ്യക്കാരേറെയുള്ളത്. യുവ പണ്ഡിതന്‍ സിംസാറുല്‍ ഹഖ് ഹുദവിയുടെ പ്രഭാഷണങ്ങള്‍ക്കാണ് ഏറ്റവും ഡിമാന്‍ഡ്. അദ്ദേഹത്തിന്റേ ഓരോ പ്രസംഗത്തിന്റെയും സി.ഡികള്‍ വിപണിയില്‍ ഇറങ്ങുമ്പോള്‍ തന്നെ തീര്‍ന്നുപോകുന്ന അവസ്ഥയാണുള്ളത്.
റഹ്മത്തുല്ലാഹ് ഖാസിമി മൂത്തേടം, അന്‍വര്‍ മുഹ്‌യുദ്ദീന്‍ ഹുദവി, ശമീര്‍ ദാരിമി കൊല്ലം, മുസ്തഫ ഹുദവി ആക്കോട്, കബീര്‍ ബാഖവി കാഞ്ഞാര്‍, നൗഷാദ് ബാഖവി ചിറയിന്‍കീഴ് എന്നിവരുടെ പ്രഭാഷണ സി.ഡികളും വിജ്ഞാന കുതുകികളെ ആകര്‍ഷിക്കുന്നുണ്ട്. അബ്ദുസ്സമദ് സമദാനിയുടെ പ്രഭാഷണങ്ങളും സി.ഡി വില്‍പ്പനയില്‍ മുന്നിലാണ്. നഗരത്തില്‍ ഇസ്‌ലാമിക പ്രഭാഷണ സി.ഡികള്‍ വില്‍ക്കുന്ന കടകളിലെല്ലാം റമദാനായതോടെ നല്ല തിരക്കാണ് അനുഭവപ്പെടുന്നത്. സി.ഡികള്‍ക്ക് പുറമെ പെന്‍ഡ്രൈവിലും പ്രഭാഷണങ്ങളുടെ വീഡിയോ ലഭിക്കും.
സിംസാറുല്‍ ഹഖിന്റെ സങ്കടങ്ങള്‍ക്ക് പരിഹാരം, നന്മ വിളയുന്ന വീട്, മരണം-മരണാനന്തര ജീവിതം, മക്ക, മദീന വിശ്വാസിയുടെ ഹൃദയങ്ങള്‍, പ്രവാചകനെ അറിയുക തുടങ്ങിയ സി.ഡികളാണ് കൂടുതല്‍ പേരെയും ആകര്‍ഷിക്കുന്നത്. റഹ്മത്തുല്ലാഹ് ഖാസിമിയുടെ ഇബ്രാഹിമിയ്യാ ജീവിതം, മുഹമ്മദ് നബി (സ) പരിവര്‍ത്തനത്തിന്റെ പ്രവാചകന്‍, ശംസുല്‍ ഉലമ ആത്മീയ ലോകത്തെ രാജാവ്, പ്രഭചൊരിഞ്ഞ പണ്ഡിതന്‍മാര്‍ തുടങ്ങിയ പ്രഭാഷണങ്ങളുടെ സി.ഡികളാണ് വില്‍പനക്കുള്ളത്. ശമീര്‍ ദാരിമി കൊല്ലത്തിന്റെ ന്യൂ ജനറേഷന്‍ നരകത്തിലേക്കോ സ്വര്‍ഗത്തിലേക്കോ, അനുഗ്രഹങ്ങള്‍ വിചാരണ ചെയ്യുമ്പോള്‍ എന്നീ പ്രഭാഷണങ്ങളുടെ സി.ഡികളും കൂടുതലായി വിറ്റഴിയുന്നുണ്ടെന്ന് ഇസ്‌ലാമിക് സെന്ററിലെ ഇസ ബുക്ക്സ്റ്റാള്‍ ജീവനക്കാര്‍ പറയുന്നു.
അന്‍വര്‍ മുഹ്‌യുദ്ദീന്‍ ഹുദവിയുടെ സ്ത്രീ ആര്‍ക്കാണ് പിഴച്ചത്, നിസ്‌കാരം നമ്മുടെ സംസ്‌കാരം, ഈ ലോകവും ഇ ജനറേഷനും, ദജ്ജാല്‍ മഹാനാശത്തിന്റെ മുന്നറിയിപ്പ് തുടങ്ങിയ സി.ഡികളും ആസ്വാദകരെ ആകര്‍ഷിക്കുന്നു. വിശ്വവിമോചകനാം വിശുദ്ധ പ്രവാചകന്‍ എന്ന പേരില്‍ സമദാനി അബൂദാബിയില്‍ നടത്തിയ പ്രഭാഷണത്തിന്റെ സി.ഡിയും ശ്രോതാക്കളെ ആകര്‍ഷിക്കുന്നു. മുസ്തഫ ഹുദവി ആക്കോടിന്റെ പലിശ അക്കൗണ്ടില്‍ ബാക്കിയാവുന്നു എന്ന പ്രഭാഷണവും ധാരാളമായി വില്‍ക്കപ്പെടുന്നു. കബീര്‍ ബാഖവി, നൗഷാദ് ബാഖവി എന്നിവരുടെ വിവിധ വിഷയങ്ങളിലുള്ള സി.ഡികള്‍ക്കും ആവശ്യക്കാരുണ്ട്.
പ്രഭാഷണങ്ങള്‍ക്കൊപ്പം ഇസ്‌ലാമിക ഡോക്യുമെന്ററികളുടെ വില്‍പ്പനയും സജീവമാണ്. സമസ്ത ചരിത്രവും വര്‍ത്തമാനവും, മമ്പുറം തങ്ങള്‍, ടിപ്പു- ഓര്‍മയുടെ തീരത്ത്, 1921- മായാത്ത മുദ്രകള്‍, കുഞ്ഞാലിമരയ്ക്കാര്‍ തുടങ്ങിയ ഡോക്യുമെന്ററികള്‍ വിവിധ സ്റ്റാളുകളില്‍ ലഭ്യമാണ്. ഖുര്‍ആന്‍ കഥകള്‍, പ്രവാചക കഥകള്‍ എന്നിവയുടെ വീഡീയോ ചിത്രീകരണങ്ങള്‍ കുട്ടികളെ ലക്ഷ്യം വച്ചുള്ളതാണ്. അബ്ദുസ്സമദ് പൂക്കോട്ടൂരിന്റെ ഹജ്ജ്, ഉംറ, നിസ്‌കാരം പഠന സഹായ സി.ഡികള്‍ക്കും ആവശ്യക്കാര്‍ ഏറെയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."