അടിക്കടിയുള്ള ഹര്‍ത്താലുകള്‍ ടൂറിസം മേഖലയെ തകര്‍ക്കുന്നു: മുഖ്യമന്ത്രി
തിരുവനന്തപുരം: അടിക്കടിയുള്ള ഹര്‍ത്താലുകള്‍ സംസ്ഥാനത്തെ ടൂറിസം മേഖലയെ ബാധിക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കാട്ടാന കുത്തിയാലും ഹര്‍ത്താലുണ്ടോയെന്ന അവസ്ഥയാണിപ്പോള്‍. ഹര്‍ത്താലുകള്‍ ടൂറിസം മേഖലയെ ബാധിക്കട്ടെയെന്ന ചിന്ത ഹര്‍ത്താല്‍ നടത്തിപ്പുകാര്‍ക്ക് ഉണ്ടോയെന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
സംഘപരിവാര്‍ ഹര്‍ത്താലുകളോടനുബന്ധിച്ചുണ്ടായ അക്രമ സംഭവങ്ങളെത്തുടര്‍ന്ന് 1137 കേസുകള്‍ പൊലിസ് രജിസ്റ്റര്‍ ചെയ്തു. 10,024 പ്രതികളെ തിരിച്ചറിഞ്ഞതില്‍ 9193 പേര്‍ സംഘപരിവാര്‍ സംഘടനകളില്‍ പെടുന്നവരാണ്. മറ്റു സംഘടനകളില്‍ പെടുന്നവര്‍ 831 ആണ്. അക്രമസംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാനെത്തിയ 17 മാധ്യമപ്രവര്‍ത്തകര്‍ക്ക് സാരമായി പരുക്കേറ്റു. ഇതുമായി ബന്ധപ്പെട്ട് 7 പൊലിസ് സ്റ്റേഷനുകളിലായി 15 പേര്‍ അറസ്റ്റ് ചെയ്യപ്പെട്ടിട്ടുണ്ട്. വിവിധ വിശേഷ വേളകളില്‍ ശബരിമലയിലും വിവിധ പ്രദേശങ്ങളിലുമായി നടന്ന അക്രമ സംഭവങ്ങള്‍ സംബന്ധിച്ച് 2012 കേസുകള്‍ പൊലിസ് രജിസ്റ്റര്‍ ചെയ്യുകയുണ്ടായി.
ശബരിമല സ്ത്രീ പ്രവേശന വിഷയത്തിലാണ് സംസ്ഥാനം അടിക്കടിയുള്ള ഹര്‍ത്താലുകള്‍ക്ക് സാക്ഷ്യം വഹിച്ചത്. ഹര്‍ത്താലിലുണ്ടായ അക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ അമേരിക്കയും ബ്രിട്ടനും കേരളം സന്ദര്‍ശിക്കുന്ന തങ്ങളുടെ പൗരന്മാര്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."