പഞ്ചായത്തീ രാജ്, മുന്‍സിപ്പാലിറ്റി ഭേദഗതി ബില്ല് സബ്ജക്ട് കമ്മിറ്റിക്ക്
ബില്ലുകള്‍ നിയമവിരുദ്ധമെന്ന് പ്രതിപക്ഷം
സ്വന്തം ലേഖകന്‍
തിരുവനന്തപുരം: തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ വാര്‍ഡുകളുടെ എണ്ണം കൂട്ടാന്‍ നിര്‍ദേശിച്ചുള്ള കേരള പഞ്ചായത്തീ രാജ്, മുനിസിപ്പാലിറ്റി ഭേദഗതി ബില്ല് സബ്ജക്ട് കമ്മിറ്റിക്ക് വിട്ടു. സെന്‍സസിന് ഒരു വര്‍ഷം മുന്‍പ് മുതല്‍ വാര്‍ഡ് വിഭജനം പാടില്ലെന്ന് കേന്ദ്ര സെന്‍സസ് നിയമത്തില്‍ പറയുന്നുണ്ടെന്നും ഇക്കാര്യം നിഷ്‌കര്‍ഷിച്ച് സെന്‍സസ് കമ്മിഷണര്‍ ചീഫ്‌സെക്രട്ടറിക്ക് കത്ത് നല്‍കിയതാണെന്നും ഹൈക്കോടതിവിധിയും ഇക്കാര്യത്തിലുണ്ടെന്നും പ്രതിപക്ഷം ചൂണ്ടിക്കാട്ടി.
വാര്‍ഡ് വിഭജനത്തിലൂടെ പണച്ചെലവുണ്ടാക്കുമെന്നിരിക്കെ, ധനകാര്യമെമ്മോറാണ്ടം വയ്ക്കാതിരുന്നത് ഗവര്‍ണര്‍ ഇത് അംഗീകരിക്കുമോയെന്ന ഭയം കൊണ്ടാണെന്നും പ്രതിപക്ഷം കുറ്റപ്പെടുത്തി.
എന്നാല്‍ കരട് പകര്‍പ്പ് ഗവര്‍ണര്‍ അംഗീകരിച്ചതാണെന്ന് തദ്ദേശ വകുപ്പു മന്ത്രി എ.സി. മൊയ്തീന്‍ വ്യക്തമാക്കി.
ബില്‍ അവതരണത്തിനെതിരായ പ്രതിപക്ഷത്തിന്റെ ക്രമപ്രശ്‌നം നിലനില്‍ക്കുന്നതല്ലെന്ന് സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ റൂളിങ് നല്‍കി. ഏതെങ്കിലും കേന്ദ്രനിയമത്തിന് വിരുദ്ധമല്ല ഈ ബില്ലുകളെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. ഭരണപരമായ അതിര്‍ത്തികള്‍ മാറരുതെന്നേ നിയമത്തില്‍ വ്യവസ്ഥയുള്ളൂ.
ജില്ല, ടൗണ്‍, താലൂക്ക്, വില്ലേജ് എന്നിവയുടെ അതിര്‍ത്തി മാറുന്നില്ല. തദ്ദേശസ്ഥാപനങ്ങളുടെ അതിര്‍ത്തിയും മാറുന്നില്ല. വാര്‍ഡുകള്‍ക്ക് ഭരണപരമായ അതിര്‍ത്തിയില്ലെന്നും മന്ത്രി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."