എസ്.എസ്.എല്‍.സി: ജില്ലയില്‍ ഇത്തവണ എഴുതുന്നത് 12,987 വിദ്യാര്‍ഥികള്‍
ജില്ലയില്‍ 150 പരീക്ഷാ കേന്ദ്രങ്ങള്‍
തൊടുപുഴ: ജില്ലയില്‍ ഇത്തവണ എസ്.എസ്.എല്‍.സി പരീക്ഷ എഴുതുന്നത് 12987 വിദ്യാര്‍ഥികള്‍.
മാര്‍ച്ച് എട്ടിന് ആരംഭിച്ച് 27ന് അവസാനിക്കുന്ന എസ്.എസ്.എല്‍.സി പരീക്ഷക്ക് തൊടുപുഴ വിദ്യാഭ്യാസ ജില്ലയില്‍ 31 സര്‍ക്കാര്‍ സ്‌കൂളിലും 34 എയ്ഡഡ് സ്‌കൂളിലും മൂന്ന് അണ്‍ എയ്ഡഡ് സ്‌കൂളിലുമായി 68 പരീക്ഷാകേന്ദ്രങ്ങളും, കട്ടപ്പന വിദ്യാഭ്യാസ ജില്ലയില്‍ 40 സര്‍ക്കാര്‍ സ്‌കൂളുകളിലും 36 എയ്ഡഡ് സ്‌കൂളുകളിലും ആറ് അണ്‍ എയ്ഡഡ് സ്‌കൂളുകളിലുമായി 82 പരീക്ഷാ കേന്ദ്രങ്ങളാണുള്ളത്. റവന്യു ജില്ലയില്‍ ആകെ 71 സര്‍ക്കാര്‍ സ്‌കൂളും 70 എയ്ഡഡ് സ്‌കൂളും ഒന്‍പത് അണ്‍എയ്ഡഡ് സ്‌കൂളുകളിലുമായി 150 പരീക്ഷാ കേന്ദ്രങ്ങളാണുള്ളത്.തൊടുപുഴ വിദ്യാഭ്യാസ ജില്ലയില്‍ നിന്നും പരീക്ഷയെഴുതുന്ന 5826 വിദ്യാര്‍ഥികളില്‍ 1403 പേര്‍ സര്‍ക്കാര്‍ സ്‌കൂളുകളില്‍ നിന്നും 4147 പേര്‍ എയ്ഡഡ് സ്‌കൂളുകളിലും 276 പേര്‍ അണ്‍എയ്ഡഡ് സ്‌കൂളുകളില്‍ നിന്നുമാണ് .
കട്ടപ്പന വിദ്യാഭ്യാസ ജില്ലയില്‍ പരീക്ഷയെഴുതുന്ന 7161 വിദ്യാര്‍ഥികളില്‍ 2556 പേര്‍ സര്‍ക്കാര്‍ സ്‌കൂളുകളിലും 3979 പേര്‍ എയ്ഡഡ് സ്‌കൂളുകളിലും 626 പേര്‍ അണ്‍ എയ്ഡഡ് സ്‌കൂളുകളില്‍ നിന്നുമാണ് എസ്.എസ്.എല്‍.സി പരീക്ഷ എഴുതുന്നത്. ആകെയുള്ള 12987 വിദ്യാര്‍ഥികളില്‍ 8126 പേര്‍ എയ്ഡഡ് സ്‌കൂളുകളിലും 3959 പേര്‍ സര്‍ക്കാര്‍ സ്‌കൂളുകളിലും 902 പേര്‍ അണ്‍എയ്ഡഡ് സ്‌കൂളുകളിലുമാണ് പരീക്ഷ എഴുതുക. ഇവരില്‍ 6741 ആണ്‍കുട്ടികളും 6246 പേര്‍ പെണ്‍കുട്ടികളുമാണ്. ഭിന്നശേഷി വിഭാഗത്തില്‍ 686 വിദ്യാര്‍ഥികളാണുള്ളത്. തൊടുപുഴ വിദ്യാഭ്യാസ ജില്ലയില്‍ 399 പേരും കട്ടപ്പനയില്‍ 287 പേരും.
ഏറ്റവും കൂടുതല്‍ വിദ്യാര്‍ഥികള്‍ പരീക്ഷ എഴുതുന്നത് എന്‍.ആര്‍. സിറ്റി എസ്.എന്‍.വി.എസ്.എസിലാണ് , 346 പേര്‍. കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ പരീക്ഷ എഴുതുന്ന സര്‍ക്കാര്‍ സ്‌കൂള്‍ കല്ലാര്‍ ജി.എച്ച്.എസാണ്. 342 വിദ്യാര്‍ത്ഥികള്‍. ഏറ്റവും കുറവ് വിദ്യാര്‍ത്ഥികള്‍ പരീക്ഷ എഴുതുന്നത് കല്ലാര്‍ ചോറ്റുപാറ ജി.എച്ച്.എസിലാണ് എട്ട്‌പേര്‍. എയ്ഡഡ് മേഖലയില്‍ മുക്കുളം എസ്.ജി.എച്ച്.എസിലാണ് 15 കുട്ടികള്‍.ഉച്ചക്ക് 1.30 മുതലാണ് പരീക്ഷ സമയം. 15 മിനിട്ട് കൂള്‍ ഓഫ് ടൈം കഴിഞ്ഞ് 1.45ന് പരീക്ഷ ആരംഭിക്കും.
ജില്ലാ കലക്ടര്‍ ജി.ആര്‍. ഗോകുലിന്റെ അധ്യക്ഷതയില്‍ പരീക്ഷാക്രമീകരണങ്ങള്‍ അവലോകനം ചെയ്യുന്നതിന് ചേര്‍ന്ന യോഗത്തില്‍ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ എ.അബൂബക്കര്‍, ഡി.വൈ.എസ്.പി സി.ജെ. ജോണ്‍സണ്‍, ആംഡ് റിസര്‍വ്വ് അസിസ്റ്റന്റ് കമ്മിഷണര്‍ കെ.എന്‍. കൃഷ്ണന്‍കുട്ടി, ജില്ലാ ട്രഷറി ഓഫീസര്‍ എന്‍.അജയകുമാര്‍, ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍മാരായ ബാലകൃഷ്ണന്‍ ചേമഞ്ചേരി, എം. സുഗത, ജോര്‍ജ്ജ് ഇഗ്‌നേഷ്യസ്, കെ.കെ സോമന്‍, രശ്മി എം. രാജ് തുടങ്ങിയവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."