'സുരക്ഷിതാഹാരം ആരോഗ്യത്തിനാധാരം': പദ്ധതി ജില്ലയിലെ നാല് പഞ്ചായത്തുകളില്‍
മലപ്പുറം: കേരള സര്‍ക്കാരിന്റെ സുരക്ഷിതാഹാരം ആരോഗ്യത്തിനാധാരം പദ്ധതി നടപ്പാക്കുന്നതിനു ജില്ലയിലെ നാല് ഗ്രാമപഞ്ചായത്തുകളെ തെരഞ്ഞെടുത്തു. മക്കരപ്പറമ്പ്, കോഡൂര്‍, വണ്ടൂര്‍, പൊന്മുണ്ടം പഞ്ചായത്തുകളെയാണ് പദ്ധതിക്കായി തെരഞ്ഞെടുത്തിരിക്കുന്നത്.
പദ്ധതി പ്രകാരം പഞ്ചായത്തുകളിലെ എല്ലാ ഫുഡ് ബിസിനസ് ഓപറേറ്റര്‍മാര്‍ക്കും ലൈസന്‍സും രജിസ്‌ട്രേഷനും നല്‍കും. പഞ്ചായത്തിനു കീഴിലുള്ള സ്‌കൂളുകള്‍, അങ്കണവാടികള്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍ എന്നിവര്‍ക്കു സുരക്ഷിത ആഹാരത്തെക്കുറിച്ചുള്ള ബോധവല്‍ക്കരണം നടത്തും. ഗ്രാമപഞ്ചായത്തിലെ കുടിവെള്ളത്തിന്റെ ഗുണനിലവാരം ഉറപ്പുവരുത്തും. കാര്‍ഷിക കര്‍മസേനയുടെ സഹായത്തോടെ ഓര്‍ഗാനിക് ഫാമിങ് പരിശീലനം നടത്തും. കുട്ടികളുടെ പോഷകാഹരത്തെക്കുറിച്ച് അവബോധന ക്ലാസും സംഘടിപ്പിക്കും. അങ്കണവാടികളിലെ ഭക്ഷണവിതരണം, സ്‌കൂളുകളിലെ ഉച്ചഭക്ഷണ വിതരണം എന്നിവയില്‍ ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാനുള്ള നടപടികളും സ്വീകരിക്കും. ബോധവല്‍ക്കരണത്തിന്റെ ഭാഗമായി നോട്ടീസുകള്‍, ലഘുലേഖകള്‍ എന്നിവ വിതരണം ചെയ്യും. ആദ്യഘട്ടത്തില്‍ ഈ നാല് പഞ്ചായത്തുകളില്‍ നടപ്പിലാക്കുന്ന പദ്ധതി പിന്നീട് മുഴുവന്‍ പഞ്ചായത്തുകളിലേക്കും വ്യാപിപ്പിക്കുകയാണ് ലക്ഷ്യമെന്നു ഭക്ഷ്യസുരക്ഷാ വകുപ്പ് അസിസ്റ്റന്റ് കമ്മിഷണര്‍ കെ. സുഗുണന്‍, ഭക്ഷ്യസുരക്ഷാ ഓഫിസര്‍ ജനാര്‍ദനന്‍ എന്നിവര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."