എ.എ.പി എം.എല്‍.എയ്ക്കു നേരെ വെടിവയ്പ്; ഒരാള്‍ കൊല്ലപ്പെട്ടു
ന്യൂഡല്‍ഹി: ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പില്‍ ആംആദ്മി പാര്‍ട്ടി വന്‍ വിജയം നേടിയതിനു പിന്നാലെ പാര്‍ട്ടി എം.എല്‍.എയ്ക്കുനേരെ വെടിവയ്പ്. തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്ന ദിവസം രാത്രി വൈകിയാണ് പാര്‍ട്ടിയുടെ മെഹ്റാലിയില്നിന്നുള്ള എം.എല്‍.എ നരേഷ് യാദവിനു നേരെ വെടിവയ്പുണ്ടായത്.
വിജയ പ്രഖ്യാപനത്തിനു ശേഷം ക്ഷേത്രദര്‍ശനം കഴിഞ്ഞ മടങ്ങുമ്പോഴായിരുന്നു എം.എല്‍.എയ്ക്കും സംഘത്തിനും നേരെ കിഷന്‍ഗഢില്‍ വെടിവയ്പ് നടന്നത്. ഏഴു റൗണ്ട് വെടിയുതിര്‍ത്തതായി പൊലിസ് വ്യക്തമാക്കി. ഇതില്‍ ആംആദ്മി പാര്‍ട്ടി പ്രവര്‍ത്തകനായ അശോക് മാന്‍ കൊല്ലപ്പെട്ടു. തുടര്‍ന്ന് ആക്രമിയെ ഇന്നലെ പൊലിസ് അറസ്റ്റ് ചെയ്തു.
എന്നാല്‍, വെടിവയ്പിനു പിന്നില്‍ രാഷ്ട്രീയ വൈരാഗ്യമില്ലെന്നാണ് പൊലിസിന്റെ വിശദീകരണം. ആക്രമി ലക്ഷ്യംവച്ചത് നരേഷ് യാദവിനെ അല്ലെന്നും കൊല്ലപ്പെട്ട അശോക് മാനെയാണെന്നും വ്യക്തമാക്കിയ പൊലിസ്, ഇവര്‍ തമ്മില്‍ മുന്‍വൈരാഗ്യം ഉണ്ടായിരുന്നെന്നും വിശദീകരിക്കുന്നുണ്ട്. സംഭവത്തില്‍ അശോക് മാന്റെ ബന്ധുവിനു പരുക്കേറ്റു. ഇദ്ദേഹം ചികിത്സയിലാണ്. അക്രമി സംഘത്തിലുണ്ടായിരുന്ന മറ്റു രണ്ടുപേര്‍ക്കായി അന്വേഷണം തുടരുകയാണ്.
ഇപ്പോള്‍ അറസ്റ്റിലായയാളുടെ ബന്ധുവിന് 2019ല്‍ വെടിയേറ്റിരുന്നെന്നും അതിനു പിന്നില്‍ അശോക് മാന്‍ ആണെന്ന് ഇയാള്‍ക്കു സംശയമുണ്ടായിരുന്നതായുമാണ് പൊലിസ് ന്യായീകരിക്കുന്നു. 15 ദിവസം മുന്‍പ് ഇതുമായി ബന്ധപ്പെട്ട് ഇരുവരും തമ്മില്‍ വാക്കേറ്റമുണ്ടായിരുന്നതായും പറയപ്പെടുന്നു.
എന്നാല്‍ ഫലപ്രഖ്യാപന ദിവസം അതീവ സുരക്ഷയുണ്ടായിട്ടും എം.എല്‍.എയ്ക്കു നേരെവരെ വെടിവയ്പുണ്ടായതിനെ വിമര്‍ശിച്ച് വിവിധ പാര്‍ട്ടികള്‍ രംഗത്തെത്തിയിട്ടുണ്ട്.
ഡല്‍ഹിയില്‍ ഈയിടെ പൗരത്വ നിയമ ഭേദഗതിക്കെതിരായി സമരം ചെയ്യുന്നവര്‍ക്കെതിരേ പോലും പൊലിസ് നോക്കിനില്‍ക്കെ വെടിവയ്പ് നടന്നിരുന്നു.
ഇതിലെ പ്രതികളെ മാനസികാസ്വാസ്ഥ്യമുണ്ടെന്നു പറഞ്ഞ് രക്ഷിക്കാനായിരുന്നു പൊലിസ് ശ്രമം. കേന്ദ്രത്തിനു കീഴിലെ പൊലിസ് ഡല്‍ഹിയെ കാക്കുമ്പോള്‍ നിയമപാലനവും സുരക്ഷയും ഇല്ലാതായെന്ന ആരോപണവുമായി എ.എ.പി നേതാവ് സഞ്ജയ് സിങ് ഇന്നലെയും രംഗത്തെത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."