സന്ന്യാസിമാര്‍ക്കെതിരേ പ്രസ്താവന; മന്ത്രി ജി സുധാകരന്റെ വീട്ടിലേക്ക് മാര്‍ച്ച് നടത്തി
അമ്പലപ്പുഴ: ഹിന്ദു സന്ന്യാസിമാര്‍ക്കെതിരേ സംസാരിച്ചുവെന്ന പേരില്‍ മന്ത്രി ജി.സുധാകരന്റെ വീട്ടിലേക്ക് വിശ്വഹിന്ദുപരിഷത്തിന്റെ നേതൃത്വത്തില്‍ മാര്‍ച്ച് നടത്തി . ഇന്നലെ വൈകിട്ടാണ് ഇരുന്നൂറോളം പ്രവര്‍ത്തകര്‍ മന്ത്രിയുടെ വീട്ടിലേക്ക് മാര്‍ച്ച് നടത്തിയത്. മന്ത്രി സുധാകരന് ഭ്രാന്താണെന്നും മുഖ്യമന്ത്രി ഇടപെട്ട് സുധാകരനെ ഊളമ്പാറയില്‍ കൊണ്ടുപോയി ചികിത്സിപ്പിക്കണമെന്നും മാര്‍ച്ച് ഉദ്ഘാടനം ചെയ്തുകൊണ്ട് വി.എച്ച്.പി ജില്ലാ വര്‍ക്കിംഗ് പ്രസിഡന്റ് സുദര്‍ശനന്‍ പാറ്റൂര്‍ പറഞ്ഞു.
ഹിന്ദു സന്യാസിമാരെയും ഹിന്ദുക്കളെയും അവഹേളിക്കുന്ന നിലപാട് തുടര്‍ന്നാല്‍ സുധാകരനെ നേരിടും. തിരഞ്ഞെടുപ്പ് സമയത്ത് മുസ്‌ലിം സ്ഥാനാര്‍ഥി ജയിക്കാതിരിക്കാന്‍ തനിക്ക് വോട്ട് ചെയ്യണമെന്ന് തലയില്‍ മുണ്ടിട്ടുകൊണ്ട് ഹിന്ദുക്കളുടെ വീടുകളില്‍ കയറി വോട്ടുപിടിച്ചയാളാണ് സുധാകരനെന്നും അദ്ദേഹം പറഞ്ഞു. ഡിവൈ എസ് പി, എം ഇ ഷാജഹന്‍, സി ഐ മാരായ എസ് സാനി, വി ബാബു എന്നിവരുടെ നേതൃത്വത്തില്‍ 100 ഓളം പോലീസുകാരും സ്ഥലത്തെത്തിയിരുന്നു.
മാര്‍ച്ച് സുധാകരന്റെ വീടിന് ഏതാനും മീറ്റര്‍ വടക്കുഭാഗത്തായി പോലീസ് തടഞ്ഞു. ഇതിനിടയില്‍ നൂറോളം സി പി എം, ഡി വൈ എഫ് ഐ പ്രവര്‍ത്തകര്‍ വി എച്ച് പിക്കെതിരെ ദേശീയപാതയില്‍ മുദ്രാവാക്യം വിളിച്ചത് സംഘര്‍ഷത്തിനിടവരുത്തി. പിന്നീട് പോലീസെത്തിയാണ് പ്രവര്‍ത്തകരെ നീക്കം ചെയ്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."