മാന്ദാമംഗലം പള്ളിയില്‍ യാക്കോബായ വിഭാഗത്തിന് കുര്‍ബാനയ്ക്ക് അനുമതിയില്ല
തൃശൂര്‍: ഇരു വിഭാഗം വിശ്വാസികള്‍ തമ്മില്‍ തര്‍ക്കം നിലനില്‍ക്കുന്ന മാന്ദാമംഗലം സെന്റ് മേരീസ് പള്ളിയില്‍ ഇന്ന് കുര്‍ബാന നടത്താന്‍ അനുമതി നല്‍കണമെന്ന യാക്കോബായ വിഭാഗത്തിന്റെ ആവശ്യം ജില്ലാ കലക്ടര്‍ തള്ളി.
ഇനിയൊരറിയിപ്പുണ്ടാകുന്നത് വരെ പള്ളിയില്‍ വിശ്വാസികള്‍ പ്രവേശിക്കാന്‍ പാടില്ലെന്ന് ജില്ലാ ഭരണകൂടം ഉത്തരവിട്ടിട്ടുണ്ട്. ഞായറാഴ്ച പ്രാര്‍ഥനയ്ക്ക് മറ്റേതെങ്കിലും പള്ളി ഉപയോഗിക്കാനാണ് നിര്‍ദേശം. കലക്ടറുടെ നിര്‍ദേശം അംഗീകരിക്കുന്നതായി യാക്കോബായ വിഭാഗം അറിയിച്ചു. കോടതി വിധി തങ്ങള്‍ക്ക് അനുകൂലമായതിനാല്‍ പ്രാര്‍ഥനയ്ക്കായി യാക്കോബായ വിഭാഗത്തിന് പള്ളി തുറന്ന് കൊടുക്കരുതെന്ന നിലപാടിലാണ് ഓര്‍ത്തഡോക്‌സ് വിഭാഗം.
മാന്ദാമംഗലം പള്ളിയിലേത് വിശ്വാസത്തിന്റെ പ്രശ്‌നമല്ലെന്നും ഭരണപരമായ വിഷയമായതിനാല്‍ കോടതി ഉത്തരവ് പാലിക്കാന്‍ യാക്കോബായ വിഭാഗം ബാധ്യസ്ഥരാണെന്നും ഓര്‍ത്തഡോക്‌സ് തൃശൂര്‍ ഭദ്രാസനാധിപന്‍ യൂഹന്നോന്‍ മാര്‍ മിലിത്തിയോസ് പറഞ്ഞു.
ഇന്നലെ കലക്ടര്‍ ഇരുവിഭാഗത്തേയും വിളിച്ച് ചര്‍ച്ച നടത്തിയിരുന്നു. ഇരുവിഭാഗവും ക്രമസമാധാനം പാലിക്കാമെന്ന് കലക്ടര്‍ക്ക് ഉറപ്പ് നല്‍കിയിട്ടുണ്ട്. സംഘര്‍ഷമുണ്ടായതോടെ കഴിഞ്ഞ ദിവസമാണ് ജില്ലാകലക്ടറുടെ നിര്‍ദേശപ്രകാരം പള്ളി അടച്ചത്.
2002 വരെ ഓര്‍ത്തഡോക്‌സ് വിഭാഗമായിരുന്നു മാന്ദാമംഗലം സെന്റ് മേരീസ് പള്ളിയുടെ ഭരണം നടത്തിയിരുന്നത്. ഓര്‍ത്തഡോക്‌സ് വൈദികനെ പള്ളിയില്‍ നിന്ന് ഇറക്കിവിട്ട് യാക്കോബായ വിഭാഗം പള്ളിയുടെ ഭരണം പിടിച്ചെടുക്കുകയായിരുന്നു. ഇവിടെ മുതലാണ് പ്രശ്‌നങ്ങള്‍ക്ക് തുടക്കമായത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."