വിഭജനക്കാര്‍ ഭരണഘടനയുടെ ചരിത്രം പഠിക്കാത്തവര്‍: ഹൈദരലി ശിഹാബ് തങ്ങള്‍
മലപ്പുറം: രാജ്യത്തെ പൗരന്‍മാരെ വിഭജിക്കുന്ന പൗരത്വ നിയമ ഭേദഗതി മുന്നോട്ടു വച്ചവര്‍ ഭരണഘടനയുടെ ചരിത്രം പഠിക്കാത്തവരാണെന്ന് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ പറഞ്ഞു. പൗരത്വ നിയമ ഭേദഗതി പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് സുന്നി യുവജന സംഘം മലപ്പുറം ജില്ലാ കമ്മിറ്റി 'ഹിന്ദുസ്ഥാന്‍ ബച്ചാവോ' എന്ന പ്രമേയത്തില്‍ മലപ്പുറത്ത് സംഘടിപ്പിച്ച സമരജ്വാല ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായരുന്നു അദ്ദേഹം. ഭരണഘടനയെ സംരക്ഷിക്കാനുള്ള പോരാട്ടം രാജ്യത്ത് ശക്തിപ്പെട്ടിരിക്കുകയാണ്. മുസ്‌ലിംകളോടൊപ്പം മതേതര ചേരി മുഴുവന്‍ അണിചേര്‍ന്നുവെന്നതാണ് ഈ പോരാട്ടത്തിന്റെ പ്രത്യേകത. വര്‍ഗീയ ഫാസിസ്റ്റ് കരങ്ങളില്‍ നിന്നും രാജ്യത്തെ സംരക്ഷിക്കേണ്ട ബാധ്യത എല്ലാവര്‍ക്കുമുണ്ടന്ന തിരിച്ചറിവാണ് ഈ ജനകീയ മുന്നേറ്റത്തിനു കാരണമായതെന്നും ഹൈദരലി തങ്ങള്‍ പറഞ്ഞു.
സമസ്ത ജന. സെക്രട്ടറി പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ലിയാര്‍ അധ്യക്ഷനായി. എസ്.വൈ.എസ് സംസ്ഥാന സെക്രട്ടറി കെ.എ റഹ്മാന്‍ ഫൈസി പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. എസ്.വൈ.എസ് സംസ്ഥാന സെക്രട്ടറി അബ്ദുസ്സമദ് പൂക്കോട്ടൂര്‍ പ്രമേയ പ്രഭാഷണം നടത്തി. സമാജ്‌വാദി പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് ഡോ. സജി പോത്തന്‍ തോമസ് അതിഥിയായി. സമസ്ത കേന്ദ്ര മുശാവറ അംഗങ്ങളായ കോട്ടുല മൊയ്തീന്‍ കുട്ടി മുസ്‌ലിയാര്‍, ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി, എം.പി മുസ്തഫല്‍ ഫൈസി, ഒ.ടി മൂസ മുസ്‌ലിയാര്‍, എം.പിമാരായ പി.കെ കുഞ്ഞാലിക്കുട്ടി, പി.വി അബ്ദുല്‍ വഹാബ്, എം.എല്‍.എമാരായ പി. അബ്ദുല്‍ ഹമീദ് മാസ്റ്റര്‍, ആബിദ് ഹുസൈന്‍ തങ്ങള്‍, പി. ഉബൈദുല്ല, മഞ്ഞളാംകുഴി അലി, അഡ്വ. എം. ഉമ്മര്‍, എ.പി അനില്‍കുമാര്‍, പി.വി അന്‍വര്‍, ടി.വി ഇബ്‌റാഹീം, എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന ജനറല്‍ സെക്രട്ടറി സത്താര്‍ പന്തലൂര്‍, യു. ശാഫി ഹാജി, ഫരീദ് റഹ്മാനി കാളികാവ്, സലീം എടക്കര സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."