വെല്ലുവിളി സ്വീകരിച്ച് ഷഹീന്‍ബാഗിലെ സ്ത്രീകള്‍ അമിത്ഷായുടെ വീട്ടിലേക്ക് മാര്‍ച്ചായി പോകാനൊരുങ്ങി; അനുമതിയായിട്ടില്ലെന്ന് ആഭ്യന്തര മന്ത്രാലയം, പൊലിസ് തടഞ്ഞു
ന്യൂഡല്‍ഹി: പൗരത്വഭേദഗതി നിയമവുമായി ബന്ധപ്പെട്ട് സമരക്കാരോട് ചര്‍ച്ചക്ക് തയ്യാറാണെന്ന ആഭ്യന്തരമന്ത്രി അമിത്ഷായുടെ വെല്ലുവിളി സ്വീകരിച്ച് അമിത്ഷായുടെ വീട്ടിലേക്ക് മാര്‍ച്ച് ചെയ്യാന്‍ തയ്യാറായ ഷഹീന്‍ബാഗ് വനിതാ പ്രക്ഷോഭകരെ പൊലിസ് തടഞ്ഞു. ഇതെത്തുടര്‍ന്ന് സമരക്കാന്‍ തിരിച്ചുപോയി പ്രക്ഷോഭം തുടര്‍ന്നു. അമിത്ഷായുടെ അപ്പോയിമെന്റ് ലഭ്യമായിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു പോലിസ് പ്രക്ഷോഭകരെ തിരിച്ചയച്ചത്.
നേരത്തെ പ്രക്ഷോഭകരുടെ പ്രതിനിധികളായി ചിലര്‍ക്ക് അമിത്ഷായുമായി സംസാരിക്കാന്‍ അവസരമുണ്ടാക്കാമെന്ന് പൊലിസ് അറിയിച്ചെങ്കിലും ഒരോ സമരക്കാരും പ്രതിനിധികളാണെന്നും എല്ലാവര്‍ക്കും സംസാരിക്കണമെന്നുമുള്ള നിലപാട് സമരക്കാര്‍ സ്വീകരിക്കുകയായിരുന്നു. എന്നാല്‍ പൊലിസ് ഇതിന് അനുമതി നല്‍കിയില്ല. എങ്കിലും അയ്യായിരത്തോളം വരുന്ന സമരക്കാര്‍ ഉച്ചയ്ക്ക് രണ്ടുമണിയോടെ അമിത്ഷായുടെ വസതിയിലേക്ക മാര്‍ച്ച് ചെയ്യാന്‍ തയ്യാറെടുത്തു. ഇവര്‍ മുന്നോട്ടു നീങ്ങിയെങ്കിലും 500 മീറ്ററോളം പിന്നിട്ടതോടെ പൊലിസ് തടയുകയായിരുന്നു.
അമിത്ഷായുടെ അപ്പോയിമെന്റ് ലഭ്യമായിട്ടില്ലെന്ന് അറിയിച്ച പൊലിസ്, മാര്‍ച്ച് മൂന്നോട്ടു പോകരുതെന്ന് സമരക്കാരോട് അഭ്യര്‍ഥിക്കുകയായിരുന്നു. അപ്പോയിമെന്റിനുള്ള അപേക്ഷ പോലിസ് തന്നെ അമിത്ഷായുടെ ഓഫിസിന് നല്‍കിയിട്ടുണ്ടെന്നും പൊലിസ് അറിയിച്ചതോടെ സമരക്കാര്‍ തിരിച്ച് സമരപ്പന്തലിലേക്ക് പോയി. സമരം തുടരുമെന്നും പ്രതിഷേധക്കാര്‍ അറിയിച്ചു.
സമരക്കാര്‍ അവരുടെ പ്രതിനിധികളായി കുറച്ചുപേരെ അയയ്ക്കുകയാണെങ്കില്‍ അവര്‍ക്ക് അമിത്ഷായുടെ അപ്പോയിമെന്റിന് അവസരമൊരുക്കാമെന്ന് അറിയിച്ചതായും എന്നാല്‍ എല്ലാവരും വരുമെന്നതിനാല്‍ അത് നടക്കില്ലെന്ന് സമരക്കാരെ അറിയിച്ചതായും കാലത്ത് തന്നെ പൊലിസ് വ്യക്തമാക്കിയിരുന്നു. നേതാക്കള്‍ക്ക് വരാമെന്ന് പറഞ്ഞപ്പോള്‍ സമരക്കാരെല്ലാവരും നേതാക്കളാണെന്ന മറുപടിയാണ് സമരക്കാര്‍ നല്‍കിയത്. എല്ലാവരുടെയും മുന്നില്‍വച്ച് അവരുടെ സാന്നിധ്യത്തില്‍ മാത്രമായിരിക്കും തങ്ങള്‍ അമിത്ഷായോട് സംസാരിക്കുയെന്നും പൗരത്വനിയമഭേദഗതിയും പൗരത്വപ്പട്ടികയും നടപ്പാക്കില്ലെന്ന് രേഖാമൂലം ഉറപ്പ് കിട്ടും വരെ തങ്ങള്‍ പിന്‍മാറില്ലെന്നും സമരക്കാരിലെ മുതിര്‍ന്ന സ്ത്രീകള്‍ അറിയിച്ചു.
ടൈംസ് നൗ ഉച്ചകോടിയില്‍ നടത്തിയ പ്രസംഗത്തിലാണ് സമരക്കാര്‍ക്ക് തന്നോട് ചര്‍ച്ചചെയ്യണമെങ്കില്‍ തന്റെ ഓഫീസുമായി ബന്ധപ്പെട്ടാല്‍ മൂന്നു ദിവസത്തിനകം താന്‍ അപ്പോയിന്‍മെന്റ് നല്‍കുമെന്ന് അമിത്ഷാ പ്രഖ്യാപിച്ചത്. ഇതോടെ ഷഹീന്‍ബാഗ് സമരക്കാര്‍ വെല്ലുവിളി ഏറ്റെടുക്കുകയായിരുന്നു. ശനിയാഴ്ച മൂന്നുമണിയോടെയാണ് അമിത്ഷായുടെ വീട്ടിലേക്ക് മാര്‍ച്ച് നടത്തുന്ന വിവരം അറിയിച്ച് സമരക്കാര്‍ നോട്ടീസ് നല്‍കിയതെന്ന് ഡല്‍ഹി പൊലിസ് പറഞ്ഞു. ഉടന്‍ തന്നെ ഇത് ഡല്‍ഹി പൊലിസ് ആസ്ഥാനത്തേക്ക് അയയ്ക്കുകയും ചെയ്തതായും പൊലിസ് വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."