HOME
DETAILS

രാഷ്ട്രീയത്തിലെ ക്രിമിനല്‍വല്‍ക്കരണം: തിരുത്ത് അനിവാര്യം

  
backup
February 16 2020 | 18:02 PM

todays-article-g-sugunan-17-02-2020

മണി പവറും മസില്‍ പവറുമാണ് ഇന്ന് ഇന്ത്യ അടക്കമുള്ള പല ജനാധിപത്യ രാജ്യങ്ങളിലെ രാഷ്ട്രീയത്തെ നിയന്ത്രിക്കുന്നത്. ഇന്ത്യയില്‍ ക്രിമിനലുകള്‍ കൂടുതലായി പാര്‍ലമെന്റിലേക്കും നിയമസഭകളിലേക്കും തെരഞ്ഞെടുക്കപ്പെടുന്നു എന്ന് മാത്രമല്ല, ഇവരില്‍പ്പെട്ട ശതകോടീശ്വരന്മാരാണ് നിയമ നിര്‍മാണ സഭകളില്‍ ബഹുഭൂരിപക്ഷം എന്നതും ഗൗരവമായ വിഷയമാണ്. ക്രിമിനലുകള്‍ക്കും ശതകോടീശ്വരന്മാര്‍ക്കും മാത്രമേ രാഷ്ട്രീയത്തില്‍ ഇന്ന് സ്ഥാനമുള്ളൂ എന്ന ഇപ്പോഴത്തെ സ്ഥിതി ജനാധിപത്യത്തിന് ഗുണകരമല്ല. അത് ജനാധിപത്യത്തിന്റെ അന്ത്യം കുറിക്കാനും രാജ്യത്തെ സ്വേച്ഛാധിപത്യത്തിലേക്ക് നയിക്കാനും ഇടയാക്കിയേക്കാം.
രാഷ്ട്രീയ പാര്‍ട്ടികള്‍ ക്രിമിനലുകളെ സ്ഥാനാര്‍ഥിയാക്കുന്നതിന്റെ അടിസ്ഥാന കാരണം ഗൗരവമായി പരിശോധിക്കേണ്ടതുണ്ട്. ക്രിമിനലുകളുടെ വന്‍ സാമ്പത്തിക ശേഷിയും മസില്‍ പവറും തന്നെയാണ് ഇതിന്റെ മൗലികമായ കാരണമെന്ന് വ്യക്തമാവും. രാഷ്ട്രീയത്തിലെ ക്രിമിനല്‍വല്‍ക്കരണത്തിനെതിരേ കഴിഞ്ഞ ദിവസം വിധി എഴുതിയ പരമോന്നതകോടതി മണി പവര്‍ രാഷ്ട്രീയത്തില്‍ നടത്തുന്ന വളരെ വലിയ സ്വാധീനവും താമസിക്കാതെ പുറത്തുകൊണ്ട് വരേണ്ടിവരും. പാര്‍ലമെന്റിലേയും നിയമസഭകളിലേയും ശതകോടീശ്വരന്മാരായ ജനപ്രതിനിധികള്‍ യോഗ്യതയുടെ പേരിലാണോ, അതോ തങ്ങളുടെ കോടിക്കണക്കിനായ സമ്പത്തിന്റെ പേരിലാണോ ജനപ്രതിനിധിയായി തെരഞ്ഞെടുക്കപ്പെട്ടതെന്ന കാര്യവും കോടതിക്ക് പരിശോധിക്കേണ്ടി വരും.
ലോക്‌സഭ, നിയമസഭ തെരഞ്ഞെടുപ്പുകളില്‍ മത്സരിക്കുന്ന സ്ഥാനാര്‍ഥികളുടെ ക്രിമിനല്‍ പശ്ചാത്തലവും അവരെ മത്സരിപ്പിക്കാനുള്ള കാരണവും രാഷ്ട്രീയ പാര്‍ട്ടികള്‍ പത്രങ്ങളിലും അവരുടെ സാമൂഹ്യ മധ്യമ അക്കൗണ്ടുകളിലും പ്രസിദ്ധീകരിക്കണമെന്ന് സുപ്രിംകോടതി ഉത്തരവിട്ടിരിക്കുകയാണ്. സ്ഥാനാര്‍ഥിയെ നിശ്ചയിച്ച് 48 മണിക്കൂറിനകം വിശദാംശങ്ങള്‍ പ്രസിദ്ധീകരിക്കുകയും ഇക്കാര്യം 72 മണിക്കൂറിനകം തെരഞ്ഞെടുപ്പ് കമ്മിഷന് റിപ്പോര്‍ട്ട് നല്‍കുകയും വേണം. ഉത്തരവ് നടപ്പാക്കിയില്ലെങ്കില്‍ കോടതി അലക്ഷ്യ നടപടി സ്വീകരിക്കും. സ്ഥാനാര്‍ഥി നിര്‍ണ്ണയത്തില്‍ ജയസാദ്ധ്യത മാത്രം രാഷ്ട്രീയ പാര്‍ട്ടികള്‍ പരിഗണിച്ചാല്‍ പോരെന്ന് ജസ്റ്റിസുമാരായ റോഹിങ്ടന്‍ നരിമാന്‍, രവീന്ദ്രബട്ട് എന്നിവര്‍ അടങ്ങിയ സുപ്രിംകോടതി ബെഞ്ചിന്റെ വിധിയില്‍ പറഞ്ഞു.
രാഷ്ട്രീയത്തിലെ ക്രിമിനല്‍വല്‍ക്കരണം തടയുന്നതിന് പബ്ലിക് ഇന്ററസ്റ്റ് ഫൗണ്ടേഷന്‍ കേസില്‍ (2018) സുപ്രിംകോടതി ഭരണഘടന ബെഞ്ച് മാര്‍ഗ നിര്‍ദേശം പുറപ്പെടുവിച്ചിരുന്നു. സ്ഥാനാര്‍ഥികളുടെ ക്രിമിനല്‍ പശ്ചാത്തലത്തെ കുറിച്ചുള്ള മുഴുവന്‍ വിവരങ്ങളും നാമനിര്‍ദേശ പത്രികയില്‍ രേഖപ്പെടുത്തണമെന്നും പ്രചാരമുള്ള ദിനപത്രങ്ങളില്‍ പരസ്യപ്പെടുത്തണമെന്നുമായിരുന്നു നിര്‍ദേശം. ഒരു പ്രാദേശിക ദിനപത്രം, ഒരു ദേശീയ ദിനപത്രം, പാര്‍ട്ടിയുടെ ഔദ്യോഗിക ഫേസ്ബുക്ക്, ട്വിറ്റര്‍ അക്കൗണ്ടുകള്‍ എന്നിവയിലാണ് പരസ്യം നല്‍കേണ്ടത്. ഇത് നടപ്പാക്കുന്നതില്‍ തെരഞ്ഞെടുപ്പ് കമ്മിഷന്‍ പരാജയപ്പെട്ടെന്ന് കാണിച്ച് സമര്‍പ്പിച്ച ഹര്‍ജികള്‍ തീര്‍പ്പാക്കിയാണ് ഈ ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്.
രാഷ്ട്രീയ പാര്‍ട്ടികള്‍ പാലിക്കേണ്ട ആറ് നിര്‍ദേശങ്ങളാണ് പരമോന്നതകോടതി കഴിഞ്ഞ ദിവസം മുന്നോട്ട് വച്ചിരിക്കുന്നത്.
1. രാഷ്ട്രീയ പാര്‍ട്ടികള്‍ സ്ഥാനാര്‍ഥികളുടെ ക്രിമിനല്‍ കേസുകള്‍ വിശദമായി പ്രസിദ്ധീകരിക്കണം. കുറ്റകൃത്യത്തിന്റെ സ്വഭാവം, കുറ്റം ചുമത്തിയോ, കേസ് നമ്പര്‍, കോടതി വിവരങ്ങള്‍ എന്നിവ ഉള്‍പ്പെടുത്തണം. എന്തുകൊണ്ടാണ് ക്രിമിനല്‍ പശ്ചാത്തലമുള്ളവരെ സ്ഥാനാര്‍ഥികളാക്കിയത്, കേസില്ലാത്തവരെ എന്തുകൊണ്ട് സ്ഥാനാര്‍ഥികള്‍ ആക്കിയില്ല എന്നിവയും വ്യക്തമാക്കണം.
2. മത്സരിപ്പിക്കാന്‍ കാരണം വെറും ജയസാദ്ധ്യതയല്ല അവരുടെ യോഗ്യത, നേട്ടങ്ങള്‍, മെറിറ്റ് തുടങ്ങിയവ വിശദീകരിക്കണം.
3. ഒരു പ്രാദേശിക ദിനപത്രത്തിലും ഫേസ്ബുക്കും ട്വിറ്ററും ഉള്‍പ്പെടെയുള്ള പാര്‍ട്ടികളുടെ സാമൂഹിക മാധ്യമ അക്കൗണ്ടുകളിലും ഇത് പ്രസിദ്ധീകരിക്കണം.
4. പ്രസിദ്ധീകരിക്കേണ്ടത് സ്ഥാനാര്‍ഥിയെ നിശ്ചയിച്ച് 48 മണിക്കൂറിനുള്ളിലോ പത്രിക സമര്‍പ്പണം ആരംഭിക്കുന്നതിന് രണ്ടാഴ്ച്ച മുമ്പോ ഏതാണ് ആദ്യം അന്ന്.
5. വിവരങ്ങള്‍ പ്രസിദ്ധീകരിച്ച് 72 മണിക്കൂറിനുള്ളില്‍ തെരഞ്ഞെടുപ്പ് കമ്മിഷന്‍ റിപ്പോര്‍ട്ട് നല്‍കണം.
6. ഈ നിര്‍ദേശം നടപ്പിലാക്കിയില്ലെങ്കില്‍ കോടതിയലക്ഷ്യ നടപടി കൈക്കൊള്ളും.
രാഷ്ട്രീയത്തിലെ ക്രിമിനല്‍വല്‍ക്കരണം വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. 2004 -ല്‍ എം.പി മാരില്‍ 24 ശതമാനത്തിനെതിരേ ക്രിമിനല്‍ കേസ് ഉണ്ടായിരുന്നു. 2009 ഇത് 30 ശതമാനമായും 2014 ല്‍ 34 ശതമാനമായും 2019 ല്‍ 43 ശതമാനമായും ഉയരുകയും ചെയ്തു. ക്രിമിനല്‍ കേസുള്ളവരെ എന്തിനാണ് മത്സരിപ്പിക്കുന്നതെന്ന് രാഷ്ട്രീയ പാര്‍ട്ടികള്‍ വിശദീകരിക്കാറില്ല.
രാഷ്ട്രീയത്തിലെ ക്രിമിനല്‍വല്‍ക്കരണം തടയാനുള്ള നടപടികള്‍ വളരെ സൂക്ഷിച്ചാണ് കൈകാര്യം ചെയ്യേണ്ടത്. പ്രമാദമായ പല കുറ്റങ്ങളും പൊലിസ് ചാര്‍ജ് ചെയ്യുന്നതുപോലും ഇല്ല. പൊലിസ് ചാര്‍ജ് ചെയ്യുന്ന കേസുകളെല്ലാം കുറ്റകൃത്യങ്ങള്‍ ആകണമെന്നുമില്ല. ഇന്ത്യാ മഹാരാജ്യത്ത് രാഷ്ട്രീയ എതിരാളികളെ കള്ളകേസില്‍ കുടുക്കുക എന്നത് ഒരു സാധാരണ സംഭവമാണ്. രാഷ്ട്രീയ എതിരാളികളെ ഉപദ്രവിക്കാന്‍ പൊലിസിനെ വിവിധ സര്‍ക്കാരുകള്‍ ദുരുപയോഗപ്പെടുത്തുന്നതും പതിവാണ്. ചാര്‍ജ് ചെയ്യപ്പെടുന്ന കേസുകളില്‍ നിരപരാധിത്വം തെളിയിച്ച് പുറത്തുവരാന്‍ എത്രയോ കാലം വേണ്ടിവരുമെന്നുള്ളത് നീതിന്യായ സംവിധാനത്തിന്റെ പോരായ്മയാണ്. അതാത് പാര്‍ട്ടികളുമായി ബന്ധപ്പെട്ട് ജനകീയ പ്രശ്‌നങ്ങള്‍ ഉയര്‍ത്തി നടത്തുന്ന സമരങ്ങളുടെ പേരില്‍ ചുമത്തപ്പെടുന്ന കേസുകളുമുണ്ട്. നേതാക്കള്‍ അതില്‍ പ്രതികളാകുന്നത് സ്വാഭാവികമാണ്. അഴിമതി, അനധികൃത സ്വത്ത് സമ്പാദനം, കൊല, വധശ്രമം, ബലാത്സംഗം തുടങ്ങിയ കുറ്റകൃത്യങ്ങളുടെ അതേ നിലയില്‍ രാഷ്ട്രീയ സമരങ്ങളുമായി ബന്ധപ്പെട്ട കേസുകളെ ഒരിക്കലും കാണാനാവില്ല.
ക്രിമിനലുകളുടെ വളര്‍ച്ച രാഷ്ട്രീയ രംഗം തന്നെ മലിനമാക്കിയിരിക്കുകയാണ്. ഈ ദുഷ്പ്രവണതകള്‍ക്കെതിരേ അതാത് പാര്‍ട്ടിക്ക് അകത്ത് നിന്ന് തന്നെയാണ് തിരുത്തലിന്റെ നടപടികള്‍ ഉയരേണ്ടത്. എന്നാല്‍ പല രാഷ്ട്രീയ പാര്‍ട്ടികളിലും അതിന് അനുകൂലമായ സ്ഥിതിയല്ല ഇന്നുള്ളത്. അതുകൊണ്ട് പാര്‍ലമെന്റിലെയും നിയമസഭകളിലേയും ക്രിമിനലുകളുടെ എണ്ണം ഓരോ തെരഞ്ഞെടുപ്പ് കഴിയുന്തോറും ഗണ്യമായി വര്‍ധിക്കുന്നു. വര്‍ധിക്കുന്ന ക്രിമിനല്‍വല്‍ക്കരണത്തിനെതിരേ ശബ്ദിക്കാന്‍ സുപ്രിംകോടതി തയാറായത് സ്വാഗതാര്‍ഹമാണ്. വിവിധ രാഷ്ട്രീയ പാര്‍ട്ടികളിലുള്ള ക്രിമിനല്‍വല്‍ക്കരണത്തിനെതിരായി ശബ്ദിക്കാന്‍ കഴിയുന്ന യുവ നേതൃത്വമാണ് കോടതിയുടെ വളരെ സുപ്രധാനമായ ഈ വിധിയെ ഉയര്‍ത്തിക്കാട്ടേണ്ടത്. അതിനുള്ള ചങ്കൂറ്റമാണ് ഈ ചെറുപ്പക്കാരില്‍ നിന്ന് ഇനിയെങ്കിലും ഉണ്ടാവേണ്ടത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എസ്എഫ്ഐ-കെഎസ്‍യു സംഘർഷത്തെ തുടർന്ന് കോഴിക്കോട് ഗവൺമെന്‍റ് ലോ കോളേജ് അനിശ്ചിതമായി അടച്ചു

Kerala
  •  4 minutes ago
No Image

റിയാദ് മെട്രോയിലെ റെഡ്, ഗ്രീൻ ട്രെയിനുകൾ ഞായറാഴ്ച മുതൽ ഓടിത്തുടങ്ങും

Saudi-arabia
  •  9 minutes ago
No Image

മുനമ്പം; പ്രശ്‌ന പരിഹാരം വൈകരുത്: മുസ്‌ലിംലീഗ്

Kerala
  •  14 minutes ago
No Image

2025 മുതൽ അൽ ദൈദ് സിറ്റിയിൽ പണമടച്ചുള്ള പൊതു പാർക്കിംഗ് ആരംഭിക്കും

uae
  •  29 minutes ago
No Image

വയനാട് ഉരുൾപൊട്ടൽ ദുരന്തം അതിതീവ്ര ദുരന്തമായി പ്രഖ്യാപിക്കാതെ കേന്ദ്രം, പ്രത്യേക പാക്കേജുമില്ല

National
  •  38 minutes ago
No Image

അധാർമിക വ്യാപാര രീതികൾക്കെതിരെ മുന്നറിയിപ്പ് നൽകി ഒമാൻ വാണിജ്യ മന്ത്രാലയം 

oman
  •  41 minutes ago
No Image

എന്നാലും ഈ അഭ്യാസം കുറച്ച് കൂടി പോയി; കാസർകോടിൽ പുത്തന്‍ ഥാർ കത്തി നശിച്ചു

Kerala
  •  2 hours ago
No Image

പനയമ്പാടം അപകടം; അന്വേഷണത്തിന് ഉത്തരവിട്ട് വിദ്യാഭ്യാസ മന്ത്രി

Kerala
  •  2 hours ago
No Image

ആധാർ പുതുക്കിയില്ലേ ഇതുവരെ? എന്നാൽ സൗജന്യമായി ആധാർ പുതുക്കാനുള്ള വഴിയറിയാം

National
  •  2 hours ago
No Image

ഡിങ് ലിറനെ വീഴ്ത്തി ഗുകേഷ് ലോക ചാമ്പ്യന്‍

Others
  •  2 hours ago