കേന്ദ്ര ഹജ്ജ് കമ്മിറ്റി പുന:സംഘടന ജൂണില്‍; കേരളം ഉള്‍പ്പെടെ മൂന്നു സംസ്ഥാനങ്ങളില്‍നിന്ന് നേരിട്ട് പ്രതിനിധികള്‍
#അശ്‌റഫ് കൊണ്ടോട്ടി
കൊണ്ടോട്ടി: പുതിയ കേന്ദ്ര ഹജ്ജ് കമ്മിറ്റിയിലേക്ക് കേരളം ഉള്‍പ്പെടെ മൂന്നു സംസ്ഥാനങ്ങളില്‍നിന്ന് മൂന്ന് അംഗങ്ങളെ നേരിട്ട് തിരഞ്ഞെടുക്കും.
കൂടുതല്‍ ഹജ്ജ് തീര്‍ഥാടകരെ അയക്കുന്ന കേരളം, ഉത്തര്‍പ്രദേശ്, മഹാരാഷ്ട്ര എന്നിവിടങ്ങളില്‍ നിന്നാണ് പ്രതിനിധികളെ നേരിട്ട് കേന്ദ്ര ഹജ്ജ് കമ്മിറ്റിയിലേക്ക് കണ്ടെത്തുക. സംസ്ഥാന ഹജ്ജ് കമ്മിറ്റിയിലുള്ള അംഗത്തെയാകും കേന്ദ്രത്തിലേക്ക് നോമിനേറ്റ് ചെയ്യുക. സംസ്ഥാന ഹജ്ജ് കമ്മിറ്റിയിലുള്ള മുന്‍ കേന്ദ്ര ഹജ്ജ് കമ്മിറ്റിയംഗം പ്രൊഫ. എ.കെ അബ്ദുല്‍ ഹമീദിനാണ് സാധ്യത.
കേന്ദ്ര ഹജ്ജ് കമ്മിറ്റി പുനഃസംഘടന ജൂണില്‍ നടക്കും. എന്നാല്‍ കൂടുതല്‍ തീര്‍ഥാടകര്‍ പുറപ്പെടുന്ന സംസ്ഥാനങ്ങളില്‍ നിന്നുള്ള പ്രതിനിധിയെ നേരത്തെ കണ്ടെത്താന്‍ കേന്ദ്രം നിര്‍ദേശം നല്‍കിയിട്ടുണ്ട്.
നിലവിലുള്ള കമ്മിറ്റിയില്‍ നേരിട്ടുള്ള പ്രതിനിധിക്കുള്ള അവസരം കേരളത്തിന് കഴിഞ്ഞ തവണ ലഭിച്ചിരുന്നില്ല. തുടര്‍ന്ന് കേരളം, തമഴ്‌നാട്, കര്‍ണാടക സംസ്ഥാനങ്ങളും ലക്ഷദ്വീപ്, പുതുച്ചേരി എന്നീ കേന്ദ്രഭരണ പ്രദേശങ്ങളും ഉള്‍പ്പെടുന്ന സോണിലെ പ്രതിനിധിയായി ഇ.ടി മുഹമ്മദ് ബഷീര്‍ എം.പിയെ തിരഞ്ഞെടുക്കുകയായിരുന്നു. സംസ്ഥാന ഹജ്ജ് കമ്മിറ്റികളെ ആറു സോണായി തരം തിരിച്ചിട്ടുണ്ട്. ഈ ആറു സോണിലേക്കുള്ള തെരഞ്ഞെടുപ്പും നേരത്തെ നടക്കും. എന്നാല്‍ ഇതില്‍ വോട്ട് ചെയ്യാനുള്ള അവകാശം നേരിട്ട് പ്രതിനിധിയെ കണ്ടെത്തുന്ന കേരളം, ഉത്തര്‍പ്രദേശ്, മഹാരാഷ്ട്ര സംസ്ഥാനങ്ങള്‍ക്കുണ്ടാകില്ല.
2016 ജൂണിലാണ് ചൗധരി മെഹ്ബൂബ് അലി ഖൈസര്‍ ചെയര്‍മാനായുള്ള കേന്ദ്ര ഹജ്ജ് കമ്മിറ്റി ചുമതലയേറ്റത്. മൂന്നു വര്‍ഷമാണ് കേന്ദ്ര ഹജ്ജ് കമ്മിറ്റിയുടെ കാലാവധി. ഈ കമ്മറ്റിയുടെ കാലാവധി വരുന്ന ജൂണില്‍ അവസാനിക്കും.
മൂന്നു എം.പിമാര്‍, കൂടുതല്‍ തീര്‍ഥാടകരുള്ള മൂന്നു സംസ്ഥാനങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍, മൂന്നു പണ്ഡിതരും രണ്ടു വനിതകളും ഉള്‍പ്പെടെ ഏഴു നോമിനേറ്റഡ് അംഗങ്ങള്‍ അടക്കം 19 പ്രതിനിധികളും വിദേശം, ആഭ്യന്തരം, ധനം, വ്യോമയാനം എന്നീ വകുപ്പുകളിലെ നാലു ഗവ. സെക്രട്ടറിമാരുമടങ്ങുന്ന 23 പേരടങ്ങുന്നതാണ് കേന്ദ്ര ഹജ്ജ് കമ്മിറ്റി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."