പള്ളത്തൂര്‍ പാലത്തിനു ശാപമോക്ഷം
ദേലമ്പാടി: അപകടം വിളിച്ചു വരുത്തുന്നതും അപകടാവസ്ഥയിലുമായ പള്ളത്തൂര്‍ പാലത്തിനു ഒടുവില്‍ ശാപ മോക്ഷം. കേരള-കര്‍ണാടക അതിര്‍ത്തി പങ്കിടുന്നതും ചെര്‍ക്കള-ജാല്‍സൂര്‍-കൊട്ട്യാടി വഴി കര്‍ണാടകയിലെ ഈശ്വര മംഗലത്തേക്കു കടന്ന് ചെല്ലുന്നതുമായ ഈ പാലം ദേലമ്പാടി പഞ്ചായത്തിലാണ് സ്ഥിതി ചെയ്യുന്നതെങ്കിലും അനുബന്ധ റോഡ് കടന്ന് പോകുന്നത് കര്‍ണാടകയിലേക്കാണെന്നു പറഞ്ഞു സംസ്ഥാന സര്‍ക്കാരുകള്‍ തഴഞ്ഞ പാലത്തിനാണ് ഇപ്പോള്‍ പുതുക്കി പണിയുന്നതിനു 7.58 കോടി രൂപ സര്‍ക്കാര്‍ നീക്കി വച്ചത്.
കാലവര്‍ഷം തുടങ്ങിയാല്‍ കുത്തിയൊഴുകുന്ന മഴവെള്ള പാച്ചലില്‍ പാലം മുങ്ങി ഗതാഗതം ദുഷ്‌കരമാവാറുണ്ട്. ഇതുമൂലം പ്രദേശവാസികള്‍ അപകടത്തില്‍ പെടുന്നതും ഇവിടെ പതിവാണ്. രണ്ടു വര്‍ഷം മുമ്പ് ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന കുമ്പള എ.എസ്.ഐ ഇവിടെ വച്ചുണ്ടായ അപകടത്തിലാണു മരണമടഞ്ഞത്. ഇതേ തുടര്‍ന്നു നാട്ടുകാരുടെ പ്രതിഷേധ സമരങ്ങള്‍ക്കൊടുവില്‍ പാലം പുതുക്കി പാലം പണിയുവാനുള്ള നടപടികളുമായി സര്‍ക്കാര്‍ മുന്നോട്ടു പോയെങ്കിലും അതിര്‍ത്തി തര്‍ക്കത്തിന്റെ പേരില്‍ അനിശ്ചിതത്വത്തിലാവുകയായിരുന്നു.
എന്നാല്‍ പ്രദേശവാസികളുടെ നിരന്തരമായ അപേക്ഷ കണക്കിലെടുത്ത് 2015 മുതല്‍ കെ കുഞ്ഞിരാമന്‍ എം.എല്‍.എ പാലം പുതുക്കി പണിയുന്നതു സംബന്ധിച്ച് സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തിയിരുന്നു. ഇതേ തുടര്‍ന്നു പരിശോധന നടത്തി റിപ്പോര്‍ട്ടു സമര്‍പ്പിക്കാന്‍ ജില്ലാ കലക്ടര്‍ക്കു സര്‍ക്കാര്‍ നിര്‍ദേശം നല്‍കി. ജില്ലാ കലക്ടര്‍ നടത്തിയ പരിശോധനയില്‍ പാലം സ്ഥിതി ചെയ്യുന്ന സ്ഥലം കേരളത്തിലാണെന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാന സര്‍ക്കാര്‍ തുക നീക്കി വെക്കുകയായിരുന്നു. ഉടന്‍ തന്നെ സങ്കേതിക അനുമതി വാങ്ങി ടെണ്ടര്‍ നടപടികള്‍ പൂര്‍ത്തീകരിച്ച് ഏപ്രിലിലോടെ പാലത്തിന്റെ പ്രവൃത്തി ആരംഭിക്കുമെന്ന് കെ. കുഞ്ഞിരാമന്‍ എം.എല്‍.എ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."