കാനകളിലേക്ക് മാലിന്യമൊഴുക്കല്‍ ക്രിമിനല്‍ നടപടിയായി കാണണമെന്ന്
ഗുരുവായൂര്‍: ഗുരുവായൂരില്‍ റോഡുകളിലെ കാനകളിലേക്ക് കക്കൂസ് മാലിന്യമടക്കമുള്ള ദ്രവ്യമാലിന്യങ്ങള്‍ ഒഴുക്കിവിടുന്നത് ക്രിമിനല്‍ കേസിന്റെ പരിധിയില്‍പ്പെടുത്താനുള്ള നടപടികള്‍ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് നഗരസഭയ്ക്ക് നിവേദനം. ട്രീറ്റ്‌മെന്റ് ആക്ഷന്‍ കൗണ്‍സിലാണ് ഇക്കാര്യമുന്നയിച്ച് നഗരസഭാ ചെയര്‍പേഴ്‌സന്‍ വി.എസ് രേവതിക്ക് നിവേദനം നല്‍കിയത്. ജലാശയങ്ങള്‍ മലിനമാക്കുന്നവര്‍ക്കെതിരേ പി.ഡി.പി.പി ആക്ടും, കെ.പി 120 ഇ ആക്ട് പ്രകാരവും നടപടി വരാവുന്ന വിധത്തില്‍ നഗരസഭ ഇടപെടല്‍ നടത്തണമെന്നാവശ്യപ്പെട്ടാണ് ആക്ഷന്‍ കൗണ്‍സില്‍ ഭാരവാഹികളായ നൗഷാദ് അഹമ്മു, ആര്‍.വി ഷെരീഫ്, ജയറാം ആലക്കല്‍ എന്നിവരുടെ നേതൃത്വത്തില്‍ നിവേദനം നല്‍കിയത്. ഗുരുവായൂരിലെ ദ്രവമാലിന്യങ്ങള്‍ ചെന്നടിയുന്ന ചക്കംകണ്ടം, അങ്ങാടിത്താഴം, എടപ്പുള്ളി, തെക്കന്‍ പാലയൂര്‍ മേഖലകളിലെ ജനങ്ങളുടെ ദുരിതത്തിന് അറുതി വരുത്താന്‍ ഗുരുവായൂര്‍ അഴുക്കുചാല്‍ പദ്ധതി പ്രാവര്‍ത്തികമാക്കണമെന്ന് ആവശ്യപ്പെട്ട് ആക്ഷന്‍ കൗണ്‍സില്‍ നിരന്തരം അധികൃതരെ സമീപിച്ചു വരുന്നുണ്ട്. അമൃത് പദ്ധതി പ്രകാരം നിര്‍മ്മാണം നടന്നു വരുന്ന കോണ്‍ഗ്രീറ്റ് കാനയിലേക്ക് മലിനജലം ഒഴുക്കുന്നതിന് നഗരസഭ വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. ഗുരുവായൂര്‍ അഴുക്കുചാല്‍ പദ്ധതി പ്രാവര്‍ത്തികമാക്കുന്നതു വരെ ലോഡ്ജുകളിലെ മലിന ജലം കാനയിലേക്ക് ഒഴുക്കി വിടാന്‍ അനുവദിക്കണമെന്നും അല്ലാത്തപക്ഷം ലോഡ്ജുകള്‍ അടച്ചു പൂട്ടേണ്ടി വരുമെന്നും ചൂണ്ടിക്കാട്ടി ലോഡ്ജ് ഉടമകള്‍ നഗരസഭ അധികൃതര്‍ക്ക് നിവേദനം നല്‍കിയിരുന്നു.
ഇത് അനുവദിക്കരുതെന്നും ചൂണ്ടിക്കാട്ടിയാണ് ആക്ഷന്‍ കൗണ്‍സില്‍ നിവേദനം നല്‍കിയിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."