കലാപത്തിന് ആഹ്വാനം ചെയ്ത ബി.ജെ.പി നേതാവ് കപില്‍ മിശ്രയ്‌ക്കെതിരെ പരാതി
ന്യൂഡല്‍ഹി: ജാഫറാബാദിലും ചാന്ദ്ബാഗിലും കലാപത്തിന് ആഹ്വാനം ചെയ്ത ബി.ജെ.പി മുന്‍ എം.എല്‍.എയും വിദേശപ്രചാരകനായ നേതാവുമായ കപില്‍ മിശ്രയ്‌ക്കെതിരെ പരാതി. ജാമിഅ കോഡിനേഷന്‍ കമ്മിറ്റിയാണ് പരാതി നല്‍കിയത്. ഇദ്ദേഹത്തെ അറസ്റ്റ് ചെയ്യണമെന്നാണ് പരാതിയില്‍ ആവശ്യപ്പെടുന്നത്.
പൗരത്വ ഭേദഗതിനിയമത്തിനെതിരെ സമരം ചെയ്യുന്നവര്‍ക്ക് കപില്‍ മിശ്ര അന്ത്യശാസനം നല്‍കുന്ന വീഡിയോ പുറത്തുവന്നിരുന്നു. ഡല്‍ഹിയിലെ ജാഫറാബാദിനടുത്തുള്ള മൗജ്പൂരില്‍ നടത്തിയ പൗരത്വഭേദഗതി അനുകൂല പരിപാടിയില്‍ വെച്ച് പ്രതിഷേധക്കാരെ റോഡില്‍ നിന്നും ഒഴിപ്പിച്ചില്ലെങ്കില്‍ തങ്ങള്‍ തെരുവില്‍ ഇറങ്ങുമെന്ന് കപില്‍ മിശ്ര ഭീഷണി മുഴക്കിയിരുന്നു.
'മൂന്ന് ദിവസത്തെ സമയം ഞങ്ങള്‍ തരുന്നു. അതിനുള്ളില്‍ ജാഫറാബാദിലെയും ചന്ദ്ബാഗിലെയും റോഡുകള്‍ ഒഴിപ്പിച്ചിരിക്കണം. അതിനു ശേഷം ഞങ്ങളെ പറഞ്ഞു മനസ്സിലാക്കിക്കാന്‍ വന്നേക്കരുത്. ഞങ്ങള്‍ നിങ്ങളെ കേള്‍ക്കാന്‍ നിന്നുതരില്ല. മൂന്ന് ദിവസം മാത്രമാണ് നിങ്ങള്‍ക്ക് മുന്നിലുള്ളത്.' കപില്‍ മിശ്ര ട്വീറ്റ് ചെയ്തിരുന്നു
ഇതിന് പിന്നാലെയാണ് ഡല്‍ഹിയില്‍ സി.എ.എ സമരക്കാര്‍ക്ക് നേരെ സംഘപരിവാര്‍ ഗുണ്ടകള്‍ അക്രമം അഴിച്ചുവിട്ടത്. പൊലിസിന്റെ പൂര്‍ണമായ അനുവാദത്തോടെയാണ് അക്രമികള്‍ ഒരു രാത്രി മുഴുവന്‍ ഡല്‍ഹിയില്‍ അഴിഞ്ഞാടിയത്.
ട്രംപ് സന്ദര്‍ശനം കഴിഞ്ഞുപോകുന്നത് വരെയെ തങ്ങള്‍ അടങ്ങിയിരിക്കുകയുള്ളൂ എന്നും അതിനുശേഷവും പ്രതിഷേധക്കാരെ ഒഴിപ്പിച്ചില്ലെങ്കില്‍ പിന്നീട് തങ്ങള്‍ തെരുവിലിറങ്ങുമെന്നും അദ്ദേഹം അറിയിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."